ഗോകുലം എഫ്.സി സെലക്ഷന്‍ നടത്തുന്നെന്ന് വ്യാജ പ്രചാരണം; എത്തിയത് അഞ്ഞൂറിലേറെപേര്‍

 പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ഗോകുലം എഫ്.സിയുടെ സെലക്ഷന്‍ തിരുവനന്തപുരത്ത്  നടക്കുന്നുവെന്ന വ്യാജ സന്ദേശത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെത്തിയത് അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍
ഗോകുലം എഫ്.സി സെലക്ഷന്‍ നടത്തുന്നെന്ന് വ്യാജ പ്രചാരണം; എത്തിയത് അഞ്ഞൂറിലേറെപേര്‍

തിരുവനന്തപുരം: പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ഗോകുലം എഫ്.സിയുടെ സെലക്ഷന്‍ തിരുവനന്തപുരത്ത്  നടക്കുന്നുവെന്ന വ്യാജ സന്ദേശത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെത്തിയത് അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍. വ്യാജ സന്ദേശമനുസരിച്ച് കോയമ്പത്തൂരില്‍ നിന്ന് വരെ വിദ്യാര്‍ഥികളെത്തി. എന്നാല്‍ ടീമിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സന്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

പതിമൂന്ന് മുതല്‍ പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്കായി യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നുവെന്നായിരുന്നു വാട്‌സപ്പിലും ഫെയിസ് ബുക്കിലും പ്രചരിച്ച വ്യാജ സന്ദേശം.  അത് വിശ്വസിച്ച് പാലക്കാട് എറണാകുളം എന്നിവിടുങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ഥികളെത്തി. ചില സ്‌കൂളുകളില്‍ നിന്ന് അധ്യാപകര്‍ തന്നെയാണ് വിദ്യാര്‍ഥികളുമായെത്തിയത്. 

എട്ടുമണിക്ക് സ്‌റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ദൂരെ സ്ഥലങ്ങളില്‍ നിന്ന് ഇന്നലെതന്നെ നിരവധിപേര്‍ സ്ഥലത്തെത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കബളിപ്പിക്കപ്പെട്ട വിവരം ഇവരറിയുന്നത്. എന്നാല്‍ ഇത്തരമൊരു സന്ദേശം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ടീം അധികൃതരും വ്യക്തമാക്കി. വ്യാജ സന്ദേശത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസും അറിയിച്ചു. സമൂഹ മാധ്യമങ്ങളിലെത്തുന്ന വ്യാജ സന്ദേശങ്ങള്‍ പോലും പൊതുജനത്തെ സ്വാധീനിക്കുന്നുണ്ടെന്നത് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com