രഞ്ജി ട്രോഫിക്ക് ക്വാളിറ്റിയില്ല, കളിക്കാതെ ഞങ്ങള്‍ വീട്ടിലിരിക്കണോ? ബിസിസിഐ നിലപാടിനെ വീണ്ടും വിമര്‍ശിച്ച് സുരേഷ് റെയ്‌ന

പണമല്ല പ്രശ്‌നം, ആവശ്യത്തിനുള്ള സമ്പാദ്യം എനിക്കുണ്ട്, വിദേശ ലീഗുകളിലേക്ക് അനുവാദം തേടുന്നതിന്റെ കാരണം ചൂണ്ടി സുരേഷ് റെയ്‌ന
രഞ്ജി ട്രോഫിക്ക് ക്വാളിറ്റിയില്ല, കളിക്കാതെ ഞങ്ങള്‍ വീട്ടിലിരിക്കണോ? ബിസിസിഐ നിലപാടിനെ വീണ്ടും വിമര്‍ശിച്ച് സുരേഷ് റെയ്‌ന

ചെന്നൈ: പണത്തിന് വേണ്ടിയല്ല വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചതെന്ന് സുരേഷ് റെയ്‌ന. മറ്റ് വിദേശ ലീഗുകളില്‍ പത്ത് വര്‍ഷം കളിച്ചാല്‍ പോലും ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിനൊപ്പം എത്തില്ലെന്നും സുരേഷ് റെയ്‌ന പറഞ്ഞു. 

ഞങ്ങള്‍ക്ക് കളിക്കണം എന്ന് മാത്രമാണ് ആഗ്രഹം. മാച്ച് പ്രാക്ടീസാണ് വേണ്ടത്. രണ്ട് മാസം വീട്ടിലിരുന്ന്, നമ്മള്‍ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിച്ചാല്‍ പോലും ആത്മവിശ്വാസം ലഭിക്കില്ല. ക്വാളിറ്റി ക്രിക്കറ്റ് കളിക്കാനുള്ള അവസരമാണ് വേണ്ടത്. രഞ്ജി ട്രോഫിയില്‍ ഇപ്പോള്‍ ആ ക്വാളിറ്റി ഇല്ല. പണത്തിന് വേണ്ടിയല്ല ഞാന്‍ കളിക്കുന്നത്. ഇപ്പോള്‍ എനിക്കുള്ള സമ്പാദ്യത്തില്‍ ഞാന്‍ തൃപ്തനാണെന്നും റെയ്‌ന. 

വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം മാത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയുള്ളത്. ഈ നിലപാട് പിന്‍വലിക്കണം എന്ന ആവശ്യവുമായി സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പഠാനും എത്തിയതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയാവുന്നത്. മുപ്പത് വയസിലെത്തിയ കളിക്കാരനെ ബിസിസിഐ സെലക്ഷനായി പരിഗണിക്കാന്‍ സാധ്യതയില്ല. അങ്ങനെ വരുമ്പോള്‍ അവരെ മറ്റ് വിദേശ ലീഗുകള്‍ കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത് എന്ന് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞിരുന്നു. 

ദയവായി ഞങ്ങളെ കളിക്കാന്‍ പോകാന്‍ അനുവദിക്കൂ എന്ന അഭ്യര്‍ഥനയാണ് ബിസിസിഐക്ക് നേരെ സുരേഷ് റെയ്‌നയുടെ ഭാഗത്ത് നിന്നുമുണ്ടായത്. പണം വരുന്നതിന് ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകള്‍ ഉപയോഗിക്കുമെന്ന വാദവും, ഐപിഎല്ലിന്റെ പ്രാധാന്യം നഷ്ടമാവുമെന്ന വാദവുമെല്ലാം സുരേഷ് റെയ്‌നയുടെ വാദത്തെ പ്രതിരോധിച്ച് കൊണ്ട് ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com