ഇത് ആദ്യമല്ല കേരള താരങ്ങളെ തഴയുന്നത്, അര്‍ജുന അവാര്‍ഡിനായി സ്വയം നാമനിര്‍ദേശം ചെയ്യുമെന്ന് എച്ച്എസ് പ്രണോയ്

'അര്‍ഹിച്ച അംഗീകാരം നല്‍കാതെ നിരവധി കേരള താരങ്ങളെ അവഗണിച്ചിട്ടുണ്ട്. സനാവേ തോമസും രൂപേഷ് കുമാറും കേരളത്തില്‍ നിന്ന് വന്ന ഏറ്റവും മികച്ച ഡബിള്‍സ് താരങ്ങളാണ്'
ഇത് ആദ്യമല്ല കേരള താരങ്ങളെ തഴയുന്നത്, അര്‍ജുന അവാര്‍ഡിനായി സ്വയം നാമനിര്‍ദേശം ചെയ്യുമെന്ന് എച്ച്എസ് പ്രണോയ്

ന്യൂഡല്‍ഹി അര്‍ജുനാ അവാര്‍ഡിനായി തന്റെ പേര് സ്വയം നാമനിര്‍ദേശം ചെയ്യുമെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എച്ച്എസ് പ്രണോയ്. ഇന്ത്യന്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ തഴയുന്ന ആദ്യത്തെ താരമല്ല താനെന്നും പ്രണോയ് പറഞ്ഞു. 

കേരള ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്നും പ്രണോയ് പറയുന്നു. അര്‍ഹിച്ച അംഗീകാരം നല്‍കാതെ നിരവധി കേരള താരങ്ങളെ അവഗണിച്ചിട്ടുണ്ട്. സനാവേ തോമസും രൂപേഷ് കുമാറും കേരളത്തില്‍ നിന്ന് വന്ന ഏറ്റവും മികച്ച ഡബിള്‍സ് താരങ്ങളാണ്. എന്നാല്‍ അവര്‍ക്ക് അംഗീകാരം ലഭിച്ചില്ല. എന്റെ നാട്ടില്‍ നിന്ന് വരുന്ന കളിക്കാര്‍ നേരിടുന്ന അവഗണനയാണ് ഇത്. 

തുടര്‍ച്ചയായ രണ്ടാം വട്ടമാണ് പ്രണോയിയുടെ പേര് ബാഡ്മിന്റന്‍ അസോസിയേഷന്‍ ഒഴിവാക്കുന്നത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് എച്ച്എസ് പ്രണോയ് രംഗത്തെത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡലുള്ള താരത്തെ നാമനിര്‍ദേശം ചെയ്യുന്നു പോലുമില്ല. ഈ പ്രധാന ടൂര്‍ണമെന്റുകളിലൊന്നും ഇല്ലാതിരുന്ന താരത്തിന്റെ പേര് മുന്‍പോട്ട് വെക്കുന്നു. ഈ രാജ്യമൊരു തമാശയാണെന്നും എച്ച് എസ് പ്രണോയ് പറഞ്ഞിരുന്നു. 

ഇത്തവണ ദേശിയ കായിക പുരസ്‌കാരങ്ങള്‍ക്കായി സ്വന്തം പേര് നിര്‍ദേശിക്കാന്‍ കായിക താരങ്ങള്‍ക്ക് കായിക മന്ത്രാലയും അനുവാദം നല്‍കിയിട്ടുണ്ട്. ജൂണ്‍ 22 വരെ പേരുകള്‍ നിര്‍ദേശിക്കാം. എനിക്ക് അര്‍ഹതയുള്ള അംഗീകാരം നേടിയെടുക്കുന്നതിന് വേണ്ടി പോരാടുമെന്ന് എച്ച്എസ് പ്രണോയ് പറഞ്ഞു. 

2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എച്ച്എസ് പ്രണോയ് ഉള്‍പ്പെട്ട മിക്‌സഡ് സഖ്യം സ്വര്‍ണം നേടി. 2018 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ പ്രണോയെ വെങ്കലവും സ്വന്തമാക്കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം കായിക പുരസ്‌കാരങ്ങള്‍ക്കായി പ്രണോയിയുടെ പേര് അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്തില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com