രാജ്യം ഏതെങ്കിലുമാവട്ടെ, രാഷ്ട്രീയവും നോക്കില്ല, പ്രണയമാണ് വിഷയമെന്ന് ഷുഐബ് മാലിക് 

'വിവാഹത്തിലേക്ക് എത്തുമ്പോള്‍ ദേശിയതയോ രാഷ്ട്രീയമോ, അവര്‍ എവിടെ നിന്ന് വരുന്നതാണെന്നോ എന്നതൊന്നും നമ്മള്‍ പരിഗണിക്കില്ല'
രാജ്യം ഏതെങ്കിലുമാവട്ടെ, രാഷ്ട്രീയവും നോക്കില്ല, പ്രണയമാണ് വിഷയമെന്ന് ഷുഐബ് മാലിക് 

ലാഹോര്‍:വിവാഹിതരാവുന്നതിന് ദേശിയത വിഷയമാവുന്നില്ലെന്ന് പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്. പ്രണയം മാത്രമാണ് അവിടെ ഘടകമാവുന്നത് എന്നാണ് മാലിക് പറയുന്നത്. 

വിവാഹത്തിലേക്ക് എത്തുമ്പോള്‍ ദേശിയതയോ രാഷ്ട്രീയമോ, അവര്‍ എവിടെ നിന്ന് വരുന്നതാണെന്നോ എന്നതൊന്നും നമ്മള്‍ പരിഗണിക്കില്ല. നമുക്ക് ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം ചെയ്യുക എന്നതാണ് കാര്യം. ഇന്ത്യയില്‍ എനിക്ക് വേറേയും സുഹൃത്തുക്കളുണ്ട്. രണ്ട് രാജ്യമാണ് ഞങ്ങളുടേത് എന്നത് കൊണ്ട് ഞങ്ങളുടെ സൗഹൃദത്തില്‍ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല, മാലിക് പറഞ്ഞു. 

കഴിഞ്ഞ ദിവസം മാലിക്കിന് കുടുംബത്തിനൊപ്പം ചേരാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് സമയം അനുവദിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാന്‍ ടീമിനൊപ്പം മാലിക് പോവില്ല. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാലിക്കിന് ഇന്ത്യയിലുള്ള ഭാര്യ സാനിയയേയും കുഞ്ഞിനേയും അഞ്ച് മാസമായി കാണാനായിട്ടില്ല. 

ഇതോടെയാണ് ഇംഗ്ലണ്ടിലേക്ക് വൈകി എത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാലിക്കിന് അനുവാദം നല്‍കിയത്. രാജ്യാന്തര യാത്രക്കുള്ള വിലക്ക് നീങ്ങി വരുന്ന സാഹചര്യത്തില്‍ മാലിക്കിന് കുടുംബത്തിനൊപ്പം ചേരാന്‍ സമയം നല്‍കേണ്ടത് തങ്ങളുടെ കടമയാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

എന്നാല്‍ ഇംഗ്ലണ്ടിലേക്ക് എത്തിയതിന് ശേഷം യുകെ ഭരണകൂടം നിര്‍ദേശിക്കുന്ന 14 ദിവസത്തെ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ളവ മാലിക് പിന്തുടരും. ടെസ്റ്റിലും, ഏകദിനത്തിലും നിന്ന് വിരമിച്ച മാലിക് ട്വന്റി20 പരമ്പരക്കായാണ് ഇംഗ്ലണ്ടിലെത്തുന്നത്. ഓഗസ്റ്റ് 29 മുതലാണ് മൂന്ന് ട്വന്റി20യുടെ പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര ജൂലൈ 30ന് തുടങ്ങും. മാഞ്ചസ്റ്ററില്‍ എത്തുന്ന പാകിസ്ഥാന്‍ ടീം അംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റീനിനായി ഡെര്‍ബിഷെയറിലേക്ക് പോവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com