ടെന്നീസ് താരം ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ്; സാമൂഹിക അകലം പാലിക്കാതെ ടൂര്‍ണമെന്റ്; ആശങ്ക

ടെന്നീസ് താരം ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ്; സാമൂഹിക അകലം പാലിക്കാതെ ടൂര്‍ണമെന്റ്; ആശങ്ക
ടെന്നീസ് താരം ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ്; സാമൂഹിക അകലം പാലിക്കാതെ ടൂര്‍ണമെന്റ്; ആശങ്ക

സോഫിയ: ബള്‍ഗേറിയന്‍ ടെന്നീസ് താരം ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് 19 സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവാണെന്ന് താരം തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച് സംഘടിപ്പിച്ച പ്രദര്‍ശന മത്സരം റദ്ദാക്കിയിട്ടുണ്ട്. അഡ്രിയ ടൂര്‍ ഫൈനല്‍ പോരാട്ടമാണ് റദ്ദാക്കിയത്. 

മൂന്ന് തവണ ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ സെമി വരെ എത്തിയിട്ടുള്ള ദിമിത്രോവ് നിലവില്‍ 19ാം റാങ്കിലുള്ള താരമാണ്. കോവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ആദ്യ താരമാണ് ദിമിത്രോവ്. 

സെര്‍ബിയയില്‍ നടക്കുന്ന പ്രദര്‍ശന ടെന്നീസ് പോരാട്ടമായ അഡ്രിയ ടൂറിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ടൂര്‍ണമെന്റ് സാമൂഹിക അകലം പാലിക്കാതെയാണ് സംഘടിപ്പിച്ചതെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. അതിനിടെയാണ് ദിമിത്രോവിന് കോവിഡ് ബാധിച്ചിരിക്കുന്നത്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കഴിഞ്ഞ ആഴ്ച മുഴുവന്‍ ദിമിത്രോവ് ഇവിടെ കളിക്കാനുണ്ടായിരുന്നു. ഇതിന് പിന്നാലെ മൊണാക്കോയില്‍ വച്ചാണ് താരത്തിന്റെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കിയത്. 

സെര്‍ബിയയില്‍ വൈറസ് വ്യാപനം രൂക്ഷമാണ്. അതിനിടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഇപ്പോള്‍ ദിമിത്രോവിന്റെ പരിശോധനാ ഫലം പോസിറ്റീവായതോടെ വലിയ ആശങ്കയാണ് ടെന്നീസ് ലോകത്ത് ഉയര്‍ന്നിരിക്കുന്നത്. താരവുമായി ഇടപഴകിയവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കേണ്ടി വരും. 

ദിമിത്രോവിന് വൈറസ് ബാധിച്ചത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്ന് ദ്യോക്കോവിചിന്റെ പരിശീലകന്‍ ഗൊരാന്‍ ഇവാനിസേവിച് പ്രതികരിച്ചു. എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണമെന്നും ഇവാനിസേവിച് ആവശ്യപ്പെട്ടു. 

ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെയാണ് താരം പരിശോധനാ ഫലം പോസിറ്റീവാണെന്ന് വെളിപ്പെടുത്തിയത്. 'ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരും പരിശോധന നടത്തണം. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു'- താരം കുറിച്ചു. ക്വാറന്റൈനിലാണെന്നും പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറയുന്നതായും എല്ലാവരും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കാനും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com