ബാറ്റ്‌സ്മാന്മാരുടെ പിടിപ്പുകേടില്‍ ബൗളര്‍മാര്‍ നിസ്സഹായരായി; തോല്‍വി പരിശോധിക്കുമെന്ന് കോഹ്‌ലി

'രണ്ട് ടെസ്റ്റിലും ടോസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കി. എന്നാല്‍ രാജ്യാന്തര ടീം എന്ന നിലയില്‍ നമ്മള്‍ അത് മനസിലാക്കണം. ഞങ്ങള്‍ ടോസിനെ പഴിക്കില്ല'
ബാറ്റ്‌സ്മാന്മാരുടെ പിടിപ്പുകേടില്‍ ബൗളര്‍മാര്‍ നിസ്സഹായരായി; തോല്‍വി പരിശോധിക്കുമെന്ന് കോഹ്‌ലി

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ നാണംകെട്ട തോല്‍വിയില്‍ ബാറ്റ്‌സ്മാന്മാരെ കുറ്റപ്പെടുത്തി നായകന്‍ വിരാട് കോഹ്‌ലി. ബൗളര്‍മാര്‍ക്ക് ബാറ്റ്‌സ്മാന്മാരില്‍ നിന്ന് പിന്തുണ ലഭിക്കാതിരുന്നത് നിരാശപ്പെടുത്തുന്നതാണെന്ന് കോഹ്‌ലി പറഞ്ഞു. 

ഒന്നാം ഇന്നിങ്‌സില്‍ നന്നായി കളിച്ചു. എന്നാല്‍ കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനായില്ല. ന്യൂസിലാന്‍ഡ് നന്നായി കളിക്കുകയും ചെയ്തു. ബൗളര്‍ക്ക് ആക്രമിച്ച് കളിക്കാന്‍ പാകത്തിനുള്ളത് നല്‍കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിച്ചില്ല. എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും. ടോസ് ഫലം നിര്‍ണയിക്കുന്നു എന്ന് വിശ്വസിക്കുന്ന ടീമല്ല ഞങ്ങളുടേത്. ടോസ് ഒരു ഘടകമാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. രണ്ട് ടെസ്റ്റിലും ടോസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കി. എന്നാല്‍ രാജ്യാന്തര ടീം എന്ന നിലയില്‍ നമ്മള്‍ അത് മനസിലാക്കണം. ഞങ്ങള്‍ ടോസിനെ പഴിക്കില്ല, കോഹ് ലി പറഞ്ഞു. 

രോഹിത്തിന്റെ അഭാവത്തിലും, എനിക്ക് റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോഴും യുവതാരങ്ങള്‍ ഏകദിനത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്തു. കളി ജയിക്കാന്‍ മാത്രം മികവ് ഞങ്ങള്‍ക്കില്ലെന്ന് അംഗീകരിക്കുകയാണ് വേണ്ടത്, ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 

ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് ടേബിളില്‍ ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തേക്കെത്തി. രണ്ട് ടെസ്റ്റ് ജയത്തില്‍ നിന്ന് 120 പോയിന്റാണ് കിവീസ് സ്വന്തമാക്കിയത്. പരമ്പര തോറ്റെങ്കിലും 360 പോയിന്റോടെ ടേബിളില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. 

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന്റെ മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ 124 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 132 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് കണ്ടെത്തി. ജാമിസണാണ് കളിയിലെ താരം. സൗത്തിയാണ് പരമ്പരയിലെ താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com