രണ്ടടിയില്‍ ചെല്‍സിയും വീഴ്ത്തി ലിവര്‍പൂളിനെ; ക്ലോപിന് ആ സ്വപ്‌നം ഉപേക്ഷിക്കാം; എഫ്എ കപ്പില്‍ നിന്ന് പുറത്ത്

രണ്ടടിയില്‍ ചെല്‍സിയും വീഴ്ത്തി ലിവര്‍പൂളിനെ; ക്ലോപിന് ആ സ്വപ്‌നം ഉപേക്ഷിക്കാം; എഫ്എ കപ്പില്‍ നിന്ന് പുറത്ത്

മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലംപാര്‍ഡും കുട്ടികളും ലിവര്‍പൂളിനെ വീഴ്ത്തിയത്

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ അപരാജിതരായി മുന്നേറിയ യുര്‍ഗന്‍ ക്ലോപിനെയും സംഘത്തേയും പട്ടികയിലെ അവസാന സ്ഥാനക്കാരായ വാറ്റ്‌ഫെഡ് സീസണിലെ ആദ്യ തോല്‍വിയിലേക്ക് തള്ളിയിട്ടത് കഴിഞ്ഞ ദിവസം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ലിവര്‍പൂളിന് മറ്റൊരു തോല്‍വി. എഫ്എ കപ്പില്‍ ചെല്‍സി അവരെ കീഴടക്കി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലംപാര്‍ഡും കുട്ടികളും ലിവര്‍പൂളിനെ വീഴ്ത്തിയത്. എഫ്എ കപ്പില്‍ നിന്ന് ലിവര്‍പൂള്‍ പുറത്തേക്കുള്ള വഴിയും കണ്ടു. സീസണില്‍ ഹാട്രിക്ക് കിരീടമെന്ന ലിവര്‍പൂളിന്റെ സ്വപ്നത്തിനും തോല്‍വി കനത്ത തിരിച്ചടിയായി.

സ്വന്തം മൈതാനത്തായിരുന്നു ചെല്‍സിയുടെ വിജയം. ചെല്‍സിക്കായി വില്ല്യന്‍, റോസ് ബാര്‍ക്ലി എന്നിവരാണ് ഗോളുകള്‍ നേടിയത്. ജയത്തോടെ അവര്‍ എഫ്എ കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

കളിയുടെ ആദ്യ പകുതിയില്‍ ചെല്‍സി വ്യക്തമായ ആധിപത്യമാണ് പുലര്‍ത്തിയത്. 13ാം മിനുട്ടില്‍ തന്നെ മുന്നില്‍ എത്താന്‍ അവര്‍ക്കായി. മധ്യനിരയില്‍ ഫാബിഞ്ഞോ വരുത്തിയ പിഴവ് മുതലാക്കി വില്ല്യന്‍ തൊടുത്ത ഷോട്ട് ലിവര്‍പൂള്‍ ഗോളി അഡ്രിയാന്റെ കൈയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. പിന്നീട് ലിവര്‍പൂളിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും കെപയുടെ മികച്ച സേവുകള്‍ അവരുടെ രക്ഷക്ക് എത്തി.  

രണ്ടാം പകുതിയില്‍ പരിക്ക് കാരണം വില്ല്യനെ നഷ്ടപ്പെട്ടെങ്കിലും ചെല്‍സിയുടെ ആക്രമണത്തിന് കുറവ് വന്നില്ല. 64ാം മിനുട്ടില്‍ സ്വന്തം പകുതിയില്‍ നിന്ന് പന്ത് സ്വീകരിച്ച ബാര്‍ക്ലി മികച്ച റണ്ണിനൊടുവില്‍ പന്ത് മികച്ച ഫിനിഷിങിലൂടെ വലയിലാക്കി. പിന്നീട് പെഡ്രോ, ജിറൂദ് എന്നിവര്‍ക്കും അവസരം ലഭിച്ചു. എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. 

ആദ്യ ഇലവനില്‍ മുഹമ്മദ് സല, ഫിര്‍മിനോ തുടങ്ങിയവരെ പുറത്തിരുത്തിയാണ് ക്ലോപ് ടീമിനെ ഇറക്കിയത്. ഈ തന്ത്രം പാളി. പിന്നീട് സലാ, ഫിര്‍മിനോ അടക്കമുള്ളവരെ പകരക്കാരായി ഇറക്കിയെങ്കിലും ചെല്‍സിയുടെ പ്രതിരോധം ഭേദിക്കാന്‍ പക്ഷേ കഴിഞ്ഞില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com