കേരള പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ആദ്യമായി മുത്തമിട്ട്‌ ബ്ലാസ്റ്റേഴ്‌സ്; ഗോകുലം വീണു

ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് എതിരാളിയായ ഗോകുലം കേരള എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്
കേരള പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ആദ്യമായി മുത്തമിട്ട്‌ ബ്ലാസ്റ്റേഴ്‌സ്; ഗോകുലം വീണു

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് കീരിടത്തില്‍ ആദ്യമായി മുത്തമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് എതിരാളിയായ ഗോകുലം കേരള എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഗോകുലം കേരള എഫ്‌സി ഫൈനലില്‍ പ്രവേശിച്ചത്.

നിശ്ചിത സമയത്ത് മൂന്നുഗോളുകള്‍ വീതം അടിച്ച് ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തില്‍ വിജയിയെ കണ്ടെത്താന്‍ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരം.  ആദ്യമായാണ് ഗോകുലവും ബ്ലാസ്‌റ്റേഴ്‌സും ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. സാറ്റ് തിരൂരിനെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്  ഫൈനലില്‍ പ്രവേശിച്ചത്. മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു. നാലിനെതിരെ അഞ്ച് ഗോളുകള്‍ വലയിലെത്തിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.

കേരള പൊലീസിനെ പരാജയപ്പെടുത്തിയാണ് ഗോകുലം കേരള റിസര്‍വ്‌സ് ഫൈനലിലെത്തിയത്. എതിരില്ലാത്ത നാല് ഗോളുകള്‍ കേരള പൊലീസിന്റെ വലയിലെത്തിച്ച് മിന്നുന്ന ജയമാണ് ഗോകുലം കേരള സ്വന്തമാക്കിയത്. മൂന്നാം തവണയാണ് ഗോകുലം കേരള കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഗ്രൂപ്പ് തലത്തില്‍ എട്ട് മത്സരത്തില്‍ ആറ് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഗോകുലം സെമിഫൈനലില്‍ എത്തിയത്. ഗാകുലം കേരള എഫ്‌സി റിസേര്‍വ് ടീം ഇത് വരെ ഏഴ് ടൂര്‍ണമെന്റുകള്‍ ഈ സീസണില്‍ കളിച്ചിട്ടുണ്ട്. അതില്‍ നാല് ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ എത്തുകയും രണ്ടു എണ്ണത്തില്‍ കപ്പ് അടിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com