'അന്ന് ഞാനൊരു മോശം ക്യാപ്റ്റനായിരുന്നു'; മങ്കിഗേറ്റ് വിവാദത്തില്‍ സംഭവിച്ചത് തുറന്ന് പറഞ്ഞ് റിക്കി പോണ്ടിങ്

'മങ്കിഗേറ്റ് വിവാദത്തിനൊടുവിലെ വിധി ഞങ്ങളെ അലട്ടി. എന്താണോ ഞങ്ങളുടെ ക്രിക്കറ്റ് അത് അനുസരിച്ച് കളിക്കാന്‍ പോലുമാവാത്ത അവസ്ഥ വന്നു'
'അന്ന് ഞാനൊരു മോശം ക്യാപ്റ്റനായിരുന്നു'; മങ്കിഗേറ്റ് വിവാദത്തില്‍ സംഭവിച്ചത് തുറന്ന് പറഞ്ഞ് റിക്കി പോണ്ടിങ്

സിഡ്‌നി: ഓസീസ് സായകത്വത്തിലെ തന്റെ തകര്‍ച്ചയായിരുന്നു മങ്കിഗേറ്റ് വിവാദമെന്ന് റിക്കി പോണ്ടിങ്. മങ്കിഗേറ്റ് വിവാദത്തിനൊടുവിലെ വിധി ഞങ്ങളെ അലട്ടി. എന്താണോ ഞങ്ങളുടെ ക്രിക്കറ്റ് അത് അനുസരിച്ച് കളിക്കാന്‍ പോലുമാവാത്ത അവസ്ഥ വന്നു, വര്‍ഷങ്ങള്‍ക്കിപ്പുറം റിക്കി പോണ്ടിങ് പറയുന്നു. 

പെര്‍ത്തില്‍ ഇന്ത്യക്കെതിരെ ഞങ്ങള്‍ ജയിക്കണമെന്ന് കരുതിയതാണ്. പക്ഷേ തോറ്റു. പിന്നീടങ്ങോട്ട് കാര്യങ്ങള്‍ കൂടുതല്‍ മോശമാവുകയായിരുന്നു. എന്റെ ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും മോശം നിമിഷങ്ങളായിരുന്നു അത്. 2005ല്‍ ആഷസ് പരമ്പര നഷ്ടപ്പെട്ടതും പ്രയാസമേറിയതായിരുന്നു. പക്ഷേ, അന്ന് കാര്യങ്ങള്‍ എന്റെ കൈപ്പിടിയിലായിരുന്നു. എന്നാല്‍ മങ്കിഗേറ്റ് വിവാദ സമയം എന്റെ കയ്യില്‍ നിന്ന് കാര്യങ്ങളെല്ലാം വിട്ടുപോയിരുന്നു, പോണ്ടിങ് പറയുന്നു. 

2008ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച മങ്കിഗേറ്റ് വിവാദം. സിഡ്‌നി ടെസ്റ്റിന് ഇടയില്‍ ഓസീസ് ഓള്‍റൗണ്ടര്‍ സൈമണ്ട്‌സിനെ ഹര്‍ഭജന്‍ വംശീയമായി അധിക്ഷേപിച്ചു എന്ന ഓസീസ് പരാതിയിലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 

പര്യടനത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. സംഭവത്തില്‍ ഐസിസി ഹര്‍ഭജന്‍ കുറ്റവിമുക്തനാക്കി. എന്നാല്‍ മങ്കിഗേറ്റ് വിവാദത്തിന് പിന്നാലെ സൈമണ്ട്‌സിന്റെ കരിയര്‍ താഴേക്ക് വീണു.  സൈമണ്ട്‌സിനെ ഹര്‍ഭജന്‍ കുരങ്ങനെന്ന് വിളിച്ചെന്നായിരുന്നു പരാതി. എന്നാല്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ഭജന് അനുകൂലമായി മൊഴി നല്‍കി. സച്ചിന്‍ നുണ പറയുകയായിരുന്നു എന്ന ആരോപണവുമായി വര്‍ഷങ്ങള്‍ക്ക് ശേഷം സൈമണ്ട്‌സ് രംഗത്തെത്തുകയും ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com