9ാം സ്ഥാനത്ത് ഞാന്‍ ബാറ്റ് ചെയ്യേണ്ടി വന്നു, തെളിവാണ് അത്; 2016ല്‍ കിരീടം നേടിയതല്ല, മികച്ച വിന്‍ഡിസ്‌ പട ഇതെന്ന് ബ്രാവോ

ശ്രീലങ്കക്കെതിരെ കഴിഞ്ഞ പരമ്പരയില്‍ 9ാം സ്ഥാനത്ത് ബാറ്റിങ് പൊസിഷന്‍ ലഭിച്ചപ്പോഴാണ് ഈ ടീം എത്രമാത്രം മികച്ചതാണെന്ന് താന്‍ തിരിച്ചറിഞ്ഞതെന്ന് ബ്രാവോ
9ാം സ്ഥാനത്ത് ഞാന്‍ ബാറ്റ് ചെയ്യേണ്ടി വന്നു, തെളിവാണ് അത്; 2016ല്‍ കിരീടം നേടിയതല്ല, മികച്ച വിന്‍ഡിസ്‌ പട ഇതെന്ന് ബ്രാവോ

2016ല്‍ ട്വന്റി20 ലോകകപ്പ് ജയിച്ചതിനേക്കാള്‍ മികച്ച വിന്‍ഡിസ് നിരയാണ് ഇപ്പോഴത്തേതെന്ന് വിന്‍ഡിസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. ശ്രീലങ്കക്കെതിരെ കഴിഞ്ഞ പരമ്പരയില്‍ 9ാം സ്ഥാനത്ത് ബാറ്റിങ് പൊസിഷന്‍ ലഭിച്ചപ്പോഴാണ് ഈ ടീം എത്രമാത്രം മികച്ചതാണെന്ന് താന്‍ തിരിച്ചറിഞ്ഞതെന്ന് ബ്രാവോ പറയുന്നു. 

ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയുടെ സമയത്ത് ടീം മീറ്റിങ് ഉണ്ടായി. അവിടെ പ്ലേയിങ് ഇലവനും കളിക്കാരുടെ ബാറ്റിങ് പൊസിഷനുമെല്ലാം കോച്ച് സിമ്മന്‍സ് പറഞ്ഞു. 9ാം സ്ഥാനത്താണ് എനിക്ക് അദ്ദേഹം ബാറ്റിങ് പൊസിഷന്‍ നല്‍കിയത്. എത്രമാത്രം മികച്ച പ്ലേയിങ് ഇലവനാണ് ഇതെന്ന് ഈ സമയം ഞാന്‍ എന്റെ ടീം അംഗങ്ങളോട് പറഞ്ഞു, ബ്രാവോ പറയുന്നു. 

9ാം സ്ഥാനത്ത് ബാറ്റിങ് ചെയ്യേണ്ടി വരുന്ന ഒരു ടീമിനൊപ്പവും ഞാന്‍ ഇറങ്ങിയിട്ടില്ല. ഈ വിന്‍ഡിസ് ടീമിന്റെ ബാറ്റിങ് കരുത്ത് സ്‌പെഷ്യലിസ്റ്റ് ബൗളര്‍ എന്ന നിലയിലേക്ക് മാത്രമായി എന്റെ ഉത്തരവാദിത്വത്തെ കുറച്ചതായും ബ്രാവോ പറഞ്ഞു. എതിരാളികളെ വിറപ്പിക്കാന്‍ ശക്തമായ ടീമാണ് ഇത്. ആ ചിന്ത എനിക്ക് വലിയ ആവേശം നല്‍കുന്നു, ബ്രാവോ പറഞ്ഞു. 

ബൗളര്‍ എന്ന നിലയില്‍ മാത്രമാണ് എനിക്കിപ്പോള്‍ ശ്രദ്ധ കൊടുക്കേണ്ടി വരിക. പിന്നെ ഡെത്ത് ഓവറുകളിലെ ബാറ്റിങ്ങിലും. ഒഷാനെ തോമസിന്റെ പേസ് എന്താണെന്ന് ശ്രീലങ്കയില്‍ വെച്ച് നിങ്ങള്‍ കണ്ടതായിരിക്കും. പിന്നെ നമുക്ക് കോട്രലുണ്ട്, വില്യംസുണ്ട്...ശുഭസൂചനകളാണ് എല്ലാം. കളി ജയിക്കാന്‍  നായകന്‍ പൊള്ളാര്‍ഡ് എന്തും ചെയ്യും എന്നതാണ് ഈ ടീമിന്റെ മറ്റൊരു പ്രത്യേകതയെന്നും ബ്രാവോ പറഞ്ഞു. 

പൊള്ളാര്‍ഡിനെ പോലെ ഒരാള്‍ ഡ്രസിങ് റൂമില്‍ ട്വന്റി20 ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മളെല്ലാവരും അത് കേള്‍ക്കേണ്ടതുണ്ട്. കാരണം ട്വന്റി20 മത്സരങ്ങള്‍ കളിച്ച് ഒരുപാട് പരിചയസമ്പത്തുള്ള വ്യക്തിയാണ് പൊള്ളാര്‍ഡ്. നേരത്തെ നമുക്ക് നായകന്മാരുണ്ടായിരുന്നു. സെലക്ഷനില്‍ ഇടപെടില്ല. എനിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല എന്നുള്ള കാഴ്ചപ്പാടില്‍ നിന്നവര്‍. എന്നാല്‍ പൊള്ളാര്‍ഡിനെ ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും ബ്രാവോ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com