മാജിക് സ്‌പെല്ലുമായി പര്‍പ്പിള്‍ ക്യാപ്പ് കൈക്കലാക്കി ബൂമ്ര, ഓറഞ്ച് ക്യാപ്പ് രാഹുലിന്റെ പക്കല്‍ തുടരുന്നു

ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ കാസിഗോ റബാഡയെയാണ് ബൂമ്ര പിന്നിലാക്കിയത്
മാജിക് സ്‌പെല്ലുമായി പര്‍പ്പിള്‍ ക്യാപ്പ് കൈക്കലാക്കി ബൂമ്ര, ഓറഞ്ച് ക്യാപ്പ് രാഹുലിന്റെ പക്കല്‍ തുടരുന്നു

ദുബായ്: മാജിക് സ്‌പെല്ലുമായി നിറഞ്ഞ് മുംബൈ ഇന്ത്യന്‍സിനെ ഏഴാം വട്ടം ഐപിഎല്‍ ഫൈനലിലേക്ക് എത്തിച്ചതിനൊപ്പം പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി ബൂമ്ര. ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ കാസിഗോ റബാഡയെയാണ് ബൂമ്ര പിന്നിലാക്കിയത്. 

ഡല്‍ഹിക്കെതിരെ നാല് ഓവറില്‍ ഒരു മെയ്ഡനോടെ 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ബൂമ്ര വീഴ്ത്തിയത്. ധവാനേയും ശ്രേയസ് അയ്യറേയും വന്നപാടെ മടക്കിയതിന് പിന്നാലെ സ്റ്റൊയ്‌നിസിന്റെ പൊരുതല്‍ അവസാനിപ്പിച്ചതും ബൂമ്രയാണ്. 

ഇതോടെ 14 കളിയില്‍ നിന്ന് ബൂമ്രയുടെ വിക്കറ്റ് നേട്ടം 27 ആയി. 15 കളിയില്‍ നിന്ന് 25 വിക്കറ്റാണ് റബാഡെ സീസണില്‍ ഇതുവരെ വീഴ്ത്തിയത്. 22 വിക്കറ്റോടെ ബോള്‍ട്ട് മൂന്നാം സ്ഥാനത്തും. റണ്‍വേട്ടക്കാരുടെ പട്ടികയിലേക്ക് വരുമ്പോള്‍ 14 കളിയില്‍ നിന്ന് 670 റണ്‍സോടെ കെ എല്‍ രാഹുല്‍ തന്നെയാണ് ഒന്നാമത്. 

14 കളിയില്‍ നിന്ന് 529 റണ്‍സോടെ ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ് ലിസ്റ്റില്‍ രണ്ടാമത്. പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെ രാഹുലിന്റെ ഒന്നാം സ്ഥാനം മറികടക്കാന്‍ വാര്‍ണര്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. എലിമിനേറ്ററും, രണ്ടാം ക്വാളിഫയറും, ഫൈനലും ഉള്‍പ്പെടെ മൂന്ന് കളികള്‍ ഇനി വാര്‍ണറുടെ മുന്‍പിലേക്ക് എത്തിയേക്കാം. 

15 കളിയില്‍ നിന്ന് 525 റണ്‍സോടെ ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാനാണ് മൂന്നാം സ്ഥാനത്ത്. ഐപിഎല്ലില്‍ ഇന്ന് എലിമിനേറ്ററില്‍ ഹൈദരാബാദിനെ ബാംഗ്ലൂര്‍ നേരിടും. ഇവിടെ ജയിക്കുന്ന ടീം ആദ്യ ക്വാളിഫയറില്‍ തോറ്റ ടീമിനെ രണ്ടാം ക്വാളിഫയറില്‍ നേരിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com