ഓറഞ്ച് ക്യാപ്പിലേക്ക് ധവാന്‍ 68 റണ്‍സ് അകലെ; പര്‍പ്പിള്‍ ക്യാപ്പിനായി റബാഡ-ബൂമ്ര പോര് 

ഫൈനലില്‍ മുംബൈക്കെതിരെ തിളങ്ങി ഡല്‍ഹിക്ക് ധവാന്‍ മികച്ച തുടക്കം നല്‍കും എന്നതിന് ഒപ്പം ഓറഞ്ച് ക്യാപ്പും സ്വന്തമാക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ
ഓറഞ്ച് ക്യാപ്പിലേക്ക് ധവാന്‍ 68 റണ്‍സ് അകലെ; പര്‍പ്പിള്‍ ക്യാപ്പിനായി റബാഡ-ബൂമ്ര പോര് 

ദുബായ്: ഐപിഎല്‍ 2020ലെ മികച്ച ബാറ്റ്‌സ്മാന്‍ എന്ന പേര് സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന് ഇനി വേണ്ടത് 68 റണ്‍സ്. ഫൈനലില്‍ മുംബൈക്കെതിരെ തിളങ്ങി ഡല്‍ഹിക്ക് ധവാന്‍ മികച്ച തുടക്കം നല്‍കും എന്നതിന് ഒപ്പം ഓറഞ്ച് ക്യാപ്പും സ്വന്തമാക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ബൗളിങ്ങിലേക്ക് വരുമ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കാനുള്ള റബാഡയുടേയും ബൂമ്രയുടേയും പോര് ഫൈനലിലേക്ക് എത്തുന്നു. ഹൈദരാബാദിന് എതിരെ നാല് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബൂമ്രയുടെ പക്കല്‍ നിന്ന് റബാഡ പര്‍പ്പിള്‍ ക്യാപ്പ് പിടിച്ചത്. 29 വിക്കറ്റാണ് റബാഡയുടെ പേരില്‍ ഇപ്പോഴുള്ളത്. ബൂമ്രയുടെ അക്കൗണ്ടില്‍ ഉള്ളത് 27 വിക്കറ്റും. 

ഐപിഎല്‍ പതിമൂന്നാം സീസണില്‍ 600ന് മുകളില്‍ റണ്‍സ് കണ്ടെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് ധവാന്‍. ക്വാളിഫയര്‍ രണ്ടില്‍ ഹൈദരാബാദിന് എതിരെ 78 റണ്‍സ് നേടിയതോടെയാണ് അത്. സീസണില്‍ 16 കളിയില്‍ നിന്ന് 603 റണ്‍സ് ആണ് ധവാന്‍ ഇതുവരെ നേടിയത്. ബാറ്റിങ് ശരാശരി 46.38. 

പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും രാഹുല്‍ തന്നെയാണ് ഇപ്പോഴും ഓറഞ്ച് ക്യാപ്പ് കയ്യടക്കി വെച്ചിരിക്കുന്നത്. 14 കളിയില്‍ നിന്ന് 55.83 എന്ന ബാറ്റിങ് ശരാശരിയില്‍ 670 റണ്‍സ് ആണ് രാഹുല്‍ നേടിയത്. റണ്‍വേട്ടയില്‍ മൂന്നാമത് നില്‍ക്കുന്ന വാര്‍ണര്‍ ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരെ നേടിയത് 2 റണ്‍സ് മാത്രം. 

ഇതോടെ 16 കളിയില്‍ നിന്ന് 548 റണ്‍സോടെ വാര്‍ണര്‍ സീസണ്‍ അവസാനിപ്പിച്ചു. ഡല്‍ഹിക്കെതിരെ ആദ്യ ക്വാളിഫറില്‍ അര്‍ധ ശതകം നേടി റണ്‍വേട്ടയില്‍ ഇഷാന്‍ കിഷന്‍ നാലാം സ്ഥാനത്തേക്ക് എത്തി. 12 ഇന്നിങ്‌സില്‍ നിന്ന് 483 റണ്‍സ് ആണ് കിഷന്റെ ഇതുവരെയുള്ള സമ്പാദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com