ശ്രേയസ്, ധവാന്‍, കോഹ്‌ലി എന്നിവര്‍ പാര്‍ട് ടൈം ബൗളറാവുമോ? കണക്കുകള്‍ ഇങ്ങനെ 

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ സാധ്യത നിലനിര്‍ത്തണം എങ്കില്‍ ഇന്ത്യക്ക് നാളെ ജയിക്കണം
ശ്രേയസ്, ധവാന്‍, കോഹ്‌ലി എന്നിവര്‍ പാര്‍ട് ടൈം ബൗളറാവുമോ? കണക്കുകള്‍ ഇങ്ങനെ 

സിഡ്‌നി: രണ്ടാം ഏകദിനത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ ആതിഥേയര്‍ക്ക് തന്നെയാണ് മുന്‍തൂക്കം. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ സാധ്യത നിലനിര്‍ത്തണം എങ്കില്‍ ഇന്ത്യക്ക് നാളെ ജയിക്കണം. 

ടീം ബാലന്‍സ് കണ്ടെത്തുക എന്നതാണ് ഇവിടെ ഇന്ത്യക്ക് തലവേദനയാവുന്നത്. ഹര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാതെ വരുന്നതോടെ അഞ്ച് ബൗളര്‍മാരെ വെച്ച് ഇന്ത്യക്ക് കളിക്കേണ്ടി വരുന്നു. ആദ്യ ഏകദിനത്തില്‍ ആറാം ബൗളിങ് ഓപ്ഷന്‍ എന്നത് ഇല്ലാതെ പോയത് ബുദ്ധിമുട്ട് കൂട്ടിയതായി കോഹ് ലി തന്നെ പറഞ്ഞിരുന്നു. 

ഇന്ത്യയുടെ മുന്‍നിരയിലെ ആറ് ബാറ്റ്‌സ്മാന്മാരേയും ബൗളറായി ഉപയോഗിക്കാനാവുന്നില്ല എന്നതാണ് തിരിച്ചടി. മറ്റൊരു ഓള്‍റൗണ്ടര്‍ വീട്ടിലിരിക്കുന്നുണ്ടെന്ന് ക്രുനാല്‍ പാണ്ഡ്യയെ ചൂണ്ടി ഹര്‍ദിക് പാണ്ഡ്യ ആദ്യ ഏകദിനത്തിന് ശേഷം പറഞ്ഞിരുന്നു. 

രണ്ടാമത്തെ ഏകദിനവും സിഡ്‌നിയില്‍ തന്നെയാണ്. ആദ്യ ഏകദിനത്തില്‍ നിന്ന് സമാനമാണ് കാര്യങ്ങള്‍ എന്ന് വ്യക്തം. അങ്ങനെ വരുമ്പോള്‍ ആറാം ബൗളര്‍ എന്ന ഓപ്ഷനിലേക്ക് നോക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ വരുന്നത് തിരിച്ചടിയാണ്. നിലവില്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച ബാറ്റ്‌സ്മാന്മാരുടെ ബൗളിങ്ങിലെ പ്രകടനം ഇങ്ങനെ...

വിരാട് കോഹ് ലി

2017ലാണ് കോഹ് ലി അവസാനമായി ഏകദിനത്തില്‍ പന്തെറിഞ്ഞത്. ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു അത്. രണ്ട് ഓവറില്‍ വഴങ്ങിയത് 12 റണ്‍സ്. അതേ വര്‍ഷം തന്നെ ശ്രീലങ്കയ്‌ക്കെതിരെ കോഹ് ലി വീണ്ടും എറിഞ്ഞിരുന്നു. മൂന്ന് ഓവറില്‍ വഴങ്ങിയത് 17 റണ്‍സ്. 

ഏകദിനത്തില്‍ 106 ഓവറാണ് കോഹ് ലി ബൗള്‍ ചെയ്തത്. വീഴ്ത്തിയത് നാല് വിക്കറ്റ്. ഇക്കണോമി റേറ്റ് 6.22. 

ശിഖര്‍ ധവാന്‍, മായങ്ക്, ശ്രേയസ്

ധവാന്‍, മായങ്ക്, ശ്രേയസ് എന്നിവര്‍ രാജ്യാന്തര തലത്തില്‍ തുടരെ പന്തെറിയാന്‍ സാധ്യതയില്ലെന്ന് വ്യക്തം. ടെസ്റ്റില്‍ 9 ഓവര്‍ ധവാന്റെ ഓഫ് സ്പിന്‍ ബൗളിങ് ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. വിക്കറ്റ് വീഴ്ത്തുന്നതിന്റെ അടുത്ത് പോലും ധവാന്‍ ഇവിടെ എത്തിയിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ധവാന്‍ 3 വിക്കറ്റ് ധവാന്‍ വീഴ്ത്തി. ലിസ്റ്റ് എയില്‍ 9 വിക്കറ്റും. ടെസ്റ്റിലെ ധവാന്റെ ബൗളിങ് ആക്ഷനില്‍ ഐസിസി സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്. 

5 ലിസ്റ്റ് എ വിക്കറ്റും, നാല് ഫസ്റ്റ് ക്ലാസ് വിക്കറ്റുമാണ് ശ്രേയസ് അയ്യര്‍ വീഴ്ത്തിയത്. മാന്യമായ ഇക്കണോമി റേറ്റുമാണ് ശ്രേയസിന്റേത്. നെറ്റ്‌സില്‍ ബൗളിങ്ങില്‍ ശ്രേയസ് ശ്രദ്ധ കൊടുത്താല്‍ ഇന്ത്യക്ക് പ്രതീക്ഷ വെക്കാനാവും. മൂന്ന് വിക്കറ്റാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മായങ്ക് അഗര്‍വാള്‍ വീഴ്ത്തിയത്. 

അതിനിടെ ഓസ്‌ട്രേലിയക്കും രണ്ടാം ഏകദിനത്തിന് മുന്‍പ് ആശങ്കപ്പെടാനുണ്ട്. ഓള്‍റൗണ്ടര്‍ സ്റ്റൊയ്‌നിസ് പുറം വേദനയെ തുടര്‍ന്ന് ആദ്യ ഏകദിനത്തില്‍ കളി പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. സ്റ്റൊയ്‌നിസിനെ സ്‌കാനിങ്ങിന് വിധേയനാക്കി. പരിക്ക് ഗുരുതരം അല്ലെങ്കിലും രണ്ടാം ഏകദിനത്തില്‍ താരത്തിന് വിശ്രമം നല്‍കാനാണ് സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com