ഐപിഎല്ലോടെ സെലക്ടര്‍മാര്‍ക്ക് തലവേദനയാവും; സഞ്ജുവിലും മായങ്കിലും തീരുന്നില്ല ഇന്ത്യന്‍ യുവനിരയുടെ മികവ്‌

രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാല്‍ ഐപിഎല്ലില്‍ മികവ് കാണിക്കുന്നത് കാണാനാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്
ഐപിഎല്ലോടെ സെലക്ടര്‍മാര്‍ക്ക് തലവേദനയാവും; സഞ്ജുവിലും മായങ്കിലും തീരുന്നില്ല ഇന്ത്യന്‍ യുവനിരയുടെ മികവ്‌

പിഎല്‍ പതിമൂന്നാം സീസണ്‍ അവസാനിക്കുന്നതോടെ തലവേദനയാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കാണ്. യുഎഇയില്‍ കിട്ടിയ അവസരം മുതലാക്കി ഇന്ത്യന്‍ യുവ നിര മികവ് കാണിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

റണ്‍സ് വാരിക്കൂട്ടുകയാണ് മായങ്ക് അഗര്‍വാളും, സഞ്ജു സാംസണും, പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലും, ദേവ്ദത്ത് പടിക്കലും. ഐപിഎല്ലില്‍ അഞ്ച് വീതം മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 302 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് രാഹുലിന്റെ കൈകളിലാണ്. റണ്‍വേട്ടയില്‍ മൂന്നാമത് മായങ്ക് അഗര്‍വാളും. അഞ്ചാം സ്ഥാനത്ത് പൃഥ്വി ഷായുണ്ട്. ആറാമത് ബാംഗ്ലൂരിന്റെ ദേവ്ദത്ത് പടിക്കലും. 

ബൗളിങ്ങിലേക്ക് വന്നാല്‍ ഇന്ത്യന്‍ യുവനിരയില്‍ ശ്രദ്ധ നേടുന്നത് നാഗര്‍കോടിയും ശിവം മവിയും. ഇരുവരുടേയും പരിക്കിന്റെ സമയത്ത് പോലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇവരെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ തുനിഞ്ഞില്ല എന്നത് ഇവരുടെ കഴിവ് വ്യക്തമാക്കുന്നു. 

ഭാവിയിലെ ഓള്‍റൗണ്ടറാണെന്നാണ് കെകെആര്‍ മെന്റര്‍ ഡേവിഡ് ഹസി നാഗര്‍കോടിയെ കുറിച്ച് പറഞ്ഞത്. ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ് ആണ് ശ്രദ്ധ നേടുന്ന മറ്റൊരു ഇന്ത്യന്‍ താരം. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ അനില്‍ കുംബ്ലേക്ക് കീഴില്‍ കളിക്കുന്നത് കഴിവുകളുടെ മൂര്‍ച്ച കൂട്ടാന്‍ ബിഷ്‌നോയിയെ സഹായിക്കുമെന്ന് ഉറപ്പ്. 

ആദ്യ രണ്ട് കളിയില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്തിയതിന് ശേഷം പിന്നാലെ മൂന്ന് കളിയില്‍ നിശബ്ദനായെങ്കിലും ബിഷ്‌നോയ് ചര്‍ച്ചകളില്‍ നിറഞ്ഞു കഴിഞ്ഞു. ധോനി ക്രീസില്‍ നില്‍ക്കുമ്പപോള്‍ അവസാന ഓവര്‍ എറിഞ്ഞ് സണ്‍റൈസേഴ്‌സിനെ ജയത്തിലേക്ക് എത്തിച്ച അബ്ദുല്‍ സമദും ഭാവി ഓള്‍റൗണ്ടര്‍ എന്ന വിലയിരുത്തലുകള്‍ സ്വന്തമാക്കി കഴിഞ്ഞു. നിര്‍ണായക ഘട്ടത്തില്‍ ഇന്നിങ്‌സ് താങ്ങി നിര്‍ത്തി പ്രിയം ഗാര്‍ഗും മികവ് കാണിച്ചു. 

രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാല്‍ ഐപിഎല്ലില്‍ മികവ് കാണിക്കുന്നത് കാണാനാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്. ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികവിന് പിന്നാലെ, അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനല്‍ വരെ ഇന്ത്യയെ താങ്ങി നിര്‍ത്തിയത് യശസ്വി ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com