മുംബൈ: 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലെ ക്യാച്ച് ശ്രീശാന്ത് എടുക്കുമെന്ന് ഇന്ത്യയിലെ ഒരാളും കരുതിയിരുന്നില്ലെന്ന് യുവരാജ് സിങ്. സെപ്തംബര്‍ 24ന് ലോക ട്വന്റി20 കിരീട ജയത്തിന്റെ 13ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് യുവിയുടെ പ്രതികരണം.
ശ്രീക്ക് നന്ദി, ആ ക്യാച്ച് നഷ്ടപ്പെടുത്താതെ നീ പിടിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചില്ല. എന്നാല്‍ നീ ഞങ്ങളെ എല്ലാവരേയും ഞെട്ടിച്ച് ആ ക്യാച്ചെടുത്തു...ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ യുവരാജ് സിങ് പറയുന്നു.
ഫൈനലിന്റെ അവസാന ഓവറില്‍ മിസ്ബാ ഉള് ഹഖിനെ പുറത്താക്കുന്ന ക്യാച്ച് ടിവിയില്‍ കണ്ടാണ് യുവി ഇന്‍സ്റ്റാ വീഡിയോയില്‍ എത്തുന്നത്. ശ്രീശാന്തിന്റെ വീഡിയോയില്‍ യുവി ടാഗ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഏതാനും മാസം മുന്‍പ് സമാനമായ പ്രതികരണവുമായി റോബിന് ഉത്തപ്പ എത്തിയപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് ശ്രീശാന്ത് പ്രതികരിച്ചത്.
മിസ്ബായുടെ ഷോട്ട് കണക്ട് ചെയ്യാതെ വന്നതോടെ ഫീല്‍ഡര്‍ ആരാണെന്ന് നോക്കി. ശ്രീശാന്തിനെ അവിടെ കണ്ടപ്പോള്‍ നെഞ്ചിടിപ്പ് കൂടി. കാരണം അന്നേ വരെ ഒരു സിറ്റര്‍ പോലും ശ്രീശാന്ത് എടുത്തിരുന്നില്ല എന്നാണ് റോബിന് ഉത്തപ്പ പറഞ്ഞത്. എന്നാല്‍ താന്‍ അങ്ങനെ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും, കേരള ടീമിലേക്ക് ഞാന്‍ മടങ്ങി എത്തുമ്പോള്‍ എന്റെ ഡെലിവറിയില്‍ ഉത്തപ്പ ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍ ക്ഷമിക്കില്ലെന്നുമാണ് ശ്രീശാന്ത് അന്ന് പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ