കളിപ്പിക്കില്ലെങ്കില്‍ തുടരെ ടീമിലെടുക്കരുത്‌, ഡൊമസ്‌റ്റിക്‌ ക്രിക്കറ്റിലേക്ക്‌ വിടണം; റിഷഭ്‌ പന്തിനെ ചൂണ്ടി ഇന്ത്യന്‍ മുന്‍ വിക്കറ്റ്‌ കീപ്പര്‍

ഈ വര്‍ഷം ആദ്യം റിഷഭ്‌ പന്തിനെ പ്ലേയിങ്‌ ഇലവനില്‍ നിന്ന്‌ മാറ്റി നിര്‍ത്തി കെ എല്‍ രാഹുലിന്‌ ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയിരുന്നു
കളിപ്പിക്കില്ലെങ്കില്‍ തുടരെ ടീമിലെടുക്കരുത്‌, ഡൊമസ്‌റ്റിക്‌ ക്രിക്കറ്റിലേക്ക്‌ വിടണം; റിഷഭ്‌ പന്തിനെ ചൂണ്ടി ഇന്ത്യന്‍ മുന്‍ വിക്കറ്റ്‌ കീപ്പര്‍


മുംബൈ: കളിക്കാന്‍ അവസരം നല്‍കില്ലെങ്കില്‍ ടീമിലെടുക്കരുതെന്ന്‌ ഇന്ത്യന്‍ മുന്‍ വിക്കറ്റ്‌ കീപ്പര്‍ ദീപ്‌ ദാസ്‌ഗുപ്‌ത. റിഷഭ്‌ പന്തിനെ ചൂണ്ടിയാണ്‌ ദീപ്‌ ദാസ്‌ഗുപ്‌തയുടെ പ്രതികരണം. റിഷഭ്‌ പന്തിന്‌ അവസരം നല്‍കുക എന്ന ഇന്ത്യന്‍ മാനേജ്‌മെന്റ്‌ എടുത്ത തീരുമാനം ശരിയായിരുന്നു. എന്നാല്‍ പ്ലേയിങ്‌ ഇലവനില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തുന്നത്‌ അവരെ ബാധിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പ്ലേയിങ്‌ ഇലവനിലേക്ക്‌ അവസരം ലഭിക്കുന്ന ബാറ്റ്‌സ്‌മാന്‌ ആയിരിക്കും നെറ്റ്‌സില്‍ കൂടുതല്‍ സമയം പരിശീലനം നടത്താന്‍ സാധിക്കുക. തുടരെ പ്ലേയിങ്‌ ഇലവനില്‍ അവസരം ലഭിക്കാതെ വരുമ്പോള്‍ ആ ബാറ്റ്‌സ്‌മാന്‌ അത്രയും കുറവ്‌ സമയം പരിശീലനമായിരിക്കും നെറ്റ്‌സില്‍ ലഭിക്കുക. മികച്ച ബൗളറെ ഫേസ്‌ ചെയ്യാനുള്ള സാധ്യതയും നെറ്റ്‌സില്‍ ഇല്ലാതെയാവുന്നു. പ്ലേയിങ്‌ ഇലവനില്‍ ഉള്‍പ്പെടുത്താതെ തുടരെ അവഗണിക്കുന്നതിന്‌ പകരം ഡൊമസ്റ്റിക്‌ ക്രിക്കറ്റ്‌ കളിക്കാന്‍ അവരെ വിടുകയാണ്‌ വേണ്ടതെന്ന്‌ ദീപ്‌ ദാസ്‌ഗുപ്‌ത ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ആദ്യം റിഷഭ്‌ പന്തിനെ പ്ലേയിങ്‌ ഇലവനില്‍ നിന്ന്‌ മാറ്റി നിര്‍ത്തി കെ എല്‍ രാഹുലിന്‌ ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയിരുന്നു. പന്ത്‌ മാച്ച്‌ വിന്നറാണ്‌. അതല്ലെങ്കില്‍ മാച്ച്‌ വിന്നറാവാന്‍ കഴിവുള്ള വ്യക്തിയാണ്‌. ആത്മവിശ്വാസവും പന്തിനുണ്ട്‌. നീതിയുക്തമായി ഇന്ത്യ പന്തിനെ ഉപയോഗിച്ചാല്‍ മതിയെന്നും ദീപ്‌ ദാസ്‌ഗുപ്‌ത പറയുന്നു.

കെ എല്‍ രാഹുലും, മായങ്ക്‌ അഗര്‍വാളുമെല്ലാം ഡൊമസ്റ്റിക്‌ ക്രിക്കറ്റ്‌ വഴിയാണ്‌ തങ്ങളുടെ തെറ്റുകള്‍ തിരുത്തി മികവിലേക്ക്‌ എത്തിയത്‌. ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകള്‍ ഏതെല്ലാമെന്ന്‌ പന്തിന്‌ ഇപ്പോള്‍ മനസിലായിട്ടുണ്ടാവണം. എവിടെ വെച്ചാണ്‌ പന്ത്‌ തെറ്റുകള്‍ തിരുത്താന്‍ പോവുന്നത്‌. അതിന്‌ ഡൊമസ്‌റ്റിക്‌ ക്രിക്കറ്റിലേക്ക്‌ തന്നെ പന്ത്‌ എത്തണം എന്ന്‌ ഇന്ത്യന്‍ മുന്‍ വിക്കറ്റ്‌ കീപ്പര്‍ വ്യക്തനാക്കുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com