'സെറ്റിയനെ പുറത്താക്കി കഴിഞ്ഞു; ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ ഈ മൂന്ന് പേരില്‍ ഒരാള്‍'

'സെറ്റിയനെ പുറത്താക്കി കഴിഞ്ഞു; ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ ഈ മൂന്ന് പേരില്‍ ഒരാള്‍'
'സെറ്റിയനെ പുറത്താക്കി കഴിഞ്ഞു; ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ ഈ മൂന്ന് പേരില്‍ ഒരാള്‍'

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനോട് 8-2ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി നാണംകെട്ടതിന് പിന്നാലെ ബാഴ്‌സലോണ പരിശീലകന്‍ ക്വിക്കെ സെറ്റിയന്റെ കസേര തെറിക്കുമെന്ന് ഉറപ്പായിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെറ്റിയന്‍ പുറത്തായ അവസ്ഥയിലാണിപ്പോള്‍. 

സെറ്റിയനെ പുറത്താക്കിയതായി ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് ബെര്‍തോമ്യു വ്യക്തമാക്കി കഴിഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് വീണുപോയ ബാഴ്‌സലോണ സമ്പൂര്‍ണ അഴിച്ചുപണി നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ് വിടാനൊരുങ്ങുന്നതായുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. 

സെറ്റിയനെ പുറത്താക്കിയതായും പുതിയ കോച്ചായി മൂന്ന് പേരെയാണ് പരിഗണിക്കുന്നതെന്നും ബെര്‍തോമ്യു തീരുമാനം എടുത്തതായും സ്പാനിഷ് മാധ്യമങ്ങള്‍ വ്യക്തമാക്കി. നിലവില്‍ ഹോളണ്ട് ദേശീയ ടീം കോച്ചും മുന്‍ ബാഴ്‌സലോണ താരവുമായ റൊണാള്‍ഡ് കൂമാന്‍, മുന്‍ ടോട്ടനം ഹോട്‌സ്പര്‍ പരിശീലകന്‍ മൊറീസിയോ പൊചെറ്റിനോ, മുന്‍ താരവും ഇതിഹാസവുമായ ഷാവി ഹെര്‍ണാണ്ടസ് എന്നിവരെയാണ് പുതിയ പരിശീലകനായി പരിഗണിക്കുന്നതെന്ന് ബെര്‍തോമ്യു പറഞ്ഞു. 

മൂന്ന് പേരില്‍ കൂമാനാണ് കൂടുതല്‍ സാധ്യതയെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നത്. രണ്ട് വര്‍ഷത്തെ കരാറിലായിരിക്കും നിയമനം. പിന്നീട് ടീമിന്റെ പ്രകടനം വിലയിരുത്തി കരാര്‍ നീട്ടാനായിരിക്കും ക്ലബിന്റെ പദ്ധതി. കൂമാന്റെ വരവ് സംബന്ധിച്ച തിരക്കിട്ട ചര്‍ച്ചകള്‍ ക്ലബ് ആസ്ഥാനത്ത് നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം നിലവില്‍ ഹോളണ്ട് കോച്ചായി കൂമാന് 2022 വരെ കരാറുണ്ട്. 

ഏണസ്‌റ്റോ വെല്‍വെര്‍ഡെയ്ക്ക് പകരമാണ് സീണണ്‍ പകുതിയില്‍ സെറ്റിയന്‍ ബാഴ്‌സയുടെ പരിശീലകനായി രംഗത്തെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ടീമിനെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. പിന്നാലെ വമ്പന്‍ തോല്‍വിയുമായതോടെ പുറത്താകല്‍ ഉറപ്പായിരുന്നു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമെ ഇക്കാര്യത്തില്‍ ആവശ്യമുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com