വൈറ്റ് വാഷ് നാണക്കേട് ഒഴിവാക്കി, ഇന്ത്യക്ക് 13 റണ്‍സ് ജയം 

303 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ ഔട്ട്
വൈറ്റ് വാഷ് നാണക്കേട് ഒഴിവാക്കി, ഇന്ത്യക്ക് 13 റണ്‍സ് ജയം 

കാന്‍ബറ: വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ ഔട്ട്.  ഇന്ത്യക്ക് 13 റണ്‍സ് ജയം. മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. 

അവസാന ആറ് പന്തിൽ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. എന്നാല്‍ ഡെത്ത് ഓവറിലെ മികവ് ബൂമ്ര ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ ശേഷിച്ച ഒരു വിക്കറ്റും വീണു. നാല് റണ്‍സ് എടുത്ത് നിന്ന ആദം സാംപയെ ബൂമ്ര വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. 

303 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ച് അരങ്ങേറ്റക്കാരന്‍ നടരാജന്‍ എത്തുകയായിരുന്നു. ഏഴ് റണ്‍സ് എടുത്ത് നിന്ന ലാബുഷെയ്‌നിന്റെ സ്റ്റംപ് ഇളക്കി വിക്കറ്റ് മെയ്ഡന്‍ ഓവറോടെയായിരുന്നു നടരാജന്റെ തുടക്കം. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റിലെ തന്റെ ആദ്യ മത്സരത്തിന്റെ ആദ്യ സ്‌പെല്ലിലെ മികവ് തുടരാന്‍ നടരാജന്‍ പിന്നെയുള്ള ഓവറുകളില്‍ പ്രയാസപ്പെട്ടു. 

കിട്ടിയ അവസരം മുതലാക്കി രണ്ട് വിക്കറ്റ് വീഴ്ത്തി ഷര്‍ദുല്‍ താക്കൂറും നിറഞ്ഞ് കളിച്ചതോടെ ഇന്ത്യക്ക് കളിയില്‍ മുന്‍തൂക്കം നേടാനായി. ആദ്യ രണ്ട് കളിയിലും സെഞ്ചുറിയോടെ നിറഞ്ഞ സ്റ്റീവ് സ്മിത്തിനെ ഏഴ് റണ്‍സില്‍ നില്‍ക്കെ ഷര്‍ദുല്‍ മടക്കി. വാര്‍ണര്‍ക്ക് പകരം ടീമിലെത്തിയ ഹെന്‍ റിക്വസിനും കൂടുതലൊന്നും ചെയ്യാനായില്ല. 

82 പന്തില്‍ നിന്ന് 75 റണ്‍സ് എടുത്ത് നിന്ന ഫിഞ്ചിനെ രവീന്ദ്ര ജഡേജ മടക്കുക കൂടി ചെയ്തതോടെ 158-5 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീണു. എന്നാല്‍ മാക്‌സ് വെല്‍ ക്രീസിലേക്ക് എത്തിയതോടെ ഓസ്‌ട്രേലിയക്ക് വീണ്ടും ജീവന്‍ വെച്ചു. രവീന്ദ്ര ജഡേജയെ തുടരെ രണ്ട് വട്ടം കൂറ്റന്‍ സിക്‌സിന് പറത്തി മാക്‌സ് വെല്‍ മുന്നറിയിപ്പ് നല്‍കി. 

38 പന്തില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്‌സും പറത്തി 59 റണ്‍സില്‍ നില്‍ക്കെ ബൂമ്രയുടെ യോര്‍ക്കറില്‍ മാക്‌സ് വെല്‍ ക്ലീന്‍ ബൗള്‍ഡ്. ഇന്ത്യക്ക് വീണ്ടും വിജയ പ്രതീക്ഷയും. പിന്നാലെ ഡെത്ത് ഓവറില്‍ ഷര്‍ദുളും നടരാജനും വിക്കറ്റ് വീഴ്ത്തിയതോടെ ഓസ്‌ട്രേലിയ തളര്‍ന്നു. 

ആദ്യ രണ്ട് ഏകദിനത്തില്‍ ചഹലില്‍ നിന്ന് വന്നതിനേക്കാള്‍ മികച്ച 10 ഓവര്‍ കുല്‍ദീപില്‍ നിന്ന് വന്നു. 10 ഓവറില്‍ 57 റണ്‍സ് വഴങ്ങി കുല്‍ദീപ് ഒരു വിക്കറ്റ് വീഴ്ത്തി. ബൂമ്ര 9.3 ഓവറില്‍ 43 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഹര്‍ദിക്-ജഡേജ കൂട്ടുകെട്ടാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 32ാം ഓവറില്‍ 152-5 എന്ന് തകര്‍ന്ന നിലയില്‍ നിന്നും ഹര്‍ദിക്കും ജഡേജയും ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്. ഹര്‍ദിക് 76 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി 92 റണ്‍സ് നേടി. ജഡേജ 50 പന്തില്‍ നിന്ന് 66 റണ്‍സ് നേടി. കോഹ് ലിയുടെ 63 റണ്‍സും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com