ഇന്ത്യയുടെ 232ാമത്തെ ഏകദിന താരം, സേലത്ത് നിന്ന് കാന്‍ബറയിലേക്ക്‌ തങ്കരസു നടരാജന്‍

ഒടുവില്‍ സെയ്‌നിക്ക് കവറായി ഏകദിന ടീമില്‍ ഇടം...മൂന്നാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനിലും...
ഇന്ത്യയുടെ 232ാമത്തെ ഏകദിന താരം, സേലത്ത് നിന്ന് കാന്‍ബറയിലേക്ക്‌ തങ്കരസു നടരാജന്‍

കാന്‍ബറ: മികച്ചൊരു ഐപിഎല്‍ സീസണ്‍ ലക്ഷ്യമിട്ട് യുഎഇയില്‍ എത്തിയതാണ് തങ്കരസു നടരാജന്‍. തുടരെ തീപാറും യോര്‍ക്കറുകള്‍, ഡിവില്ലിയേഴ്‌സിന്റെ കുറ്റി തെറിപ്പിച്ച ഡെലിവറി കൂടി വന്നതോടെ ദുബായില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് നടരാജന്‍ ടിക്കറ്റ് ഉറപ്പിച്ചു. ഒടുവില്‍ സെയ്‌നിക്ക് കവറായി ഏകദിന ടീമില്‍ ഇടം...മൂന്നാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനിലും...

കാന്‍ബറയില്‍ കോഹ് ലിയില്‍ നിന്ന് ക്യാപ് ലഭിച്ചതോടെ ഇന്ത്യക്ക് വേണ്ടി ഏകദിനം കളിക്കുന്ന 232ാമത്തെ താരമായി നടരാജന്‍. മുഹമ്മദ് ഷമിക്ക് പകരമാണ് നടരാജന്‍ മൂന്നാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. 

സേലത്തെ ചെറിയ ഗ്രാമങ്ങളിലൊന്നാണ് ചിന്നപ്പമ്പട്ടി. വിരാട് കോഹ് ലിയെ പുറത്താക്കി ഐപിഎല്ലിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയ ടി നടരാജന്റെ വീട് ഇവിടെയാണ്. ചിന്നപ്പാമ്പാട്ടിയില്‍ നിന്ന് ടെന്നീസ് ബോളില്‍ മികവ് കാണിച്ചെത്തിയ താരം തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ യോര്‍ക്കര്‍ മാസ്റ്റര്‍ എന്ന് പേരെടുത്തതോടെയാണ് ഐപിഎല്‍ ടീമുകളുടേയും കണ്ണിലേക്ക് എത്തുന്നത്. 

ദിവസ വേതനക്കാരിയാണ് നടരാജന്റെ അമ്മ. പരിശീലനത്തിന് വേണ്ട സാധ്യതകള്‍ ഇല്ലാതിരുന്നിട്ടും ക്ഷമയും കഠിനാധ്വാനവും നടരാജന്‍ കൈവിട്ടില്ല. അഭിനവ് മുകുന്ദിനും വാഷിങ്ടണ്‍ സുന്ദറിനും എതിരെ തുടരെ ആറ് യോര്‍ക്കറുകള്‍ എറിഞ്ഞാണ് 2017ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് നടരാജന്‍ എത്തുന്നത്. 3 കോടി രൂപക്ക് പഞ്ചാബില്‍ എത്തിയെങ്കിലും ആറ് കളികളില്‍ നിന്ന് ഇക്കണോമി മുകളിലായതോടെ തിരിച്ചടിയായി.

2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് മെന്റര്‍ മുത്തയ്യ മുരളീധരന്റെ കണ്ണില്‍ പെട്ടതോടെ വീണ്ടും സാധ്യതകള്‍ തെളിഞ്ഞു. 40 ലക്ഷം രൂപക്ക് ഹൈദരാബാദില്‍. ആദ്യ രണ്ട് സീസണിലും കളിക്കാനായില്ല. എന്നാല്‍ 2020ല്‍ അവസരം മുതലാക്കി. ഐപിഎല്ലിലെ മികവോടെ ആഡംബര ജീവിതമല്ല നടരാജന്‍ ലക്ഷ്യമിട്ടത്...

ആദ്യം പ്രാഥമിക കാര്യങ്ങള്‍ക്കാണ് പരിഗണന. ആഡംബരങ്ങള്‍ക്ക് സമയമുണ്ട്. സഹോദരിമാരെ പഠിപ്പിക്കണം. അതിനായാല്‍ അവര്‍ക്ക് തന്നെ അവരുടെ ജീവിതം നല്ല നിലയിലാക്കാനാവും. ഏത് അറ്റം വരെയും അവരെ ഞാന്‍ പഠിപ്പിക്കും. ആഡംബര കാറുകളില്‍ മുതല്‍ മുടക്കുന്നതിനേക്കാള്‍ എനിക്ക് വലുത് അവരുടെ വിദ്യാഭ്യാസമാണ്...നടരാജന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com