നിയമത്തില്‍ പഴുത് കണ്ടെത്തുന്നതില്‍ മിടുക്കരാണ് നമ്മള്‍, ഇന്ത്യയുടെ നീക്കം ഐസിസി പരിശോധിക്കണം; സഞ്ജയ് മഞ്ജരേക്കര്‍ 

'ഐസിസി പരിശോധിക്കേണ്ടതുണ്ട്. കാരണം ഒരു ടീമും അത്ര വലിയ മുന്‍തൂക്കം നേടരുത്'
നിയമത്തില്‍ പഴുത് കണ്ടെത്തുന്നതില്‍ മിടുക്കരാണ് നമ്മള്‍, ഇന്ത്യയുടെ നീക്കം ഐസിസി പരിശോധിക്കണം; സഞ്ജയ് മഞ്ജരേക്കര്‍ 

കാന്‍ബറ: രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇന്ത്യ ചഹലിനെ ഇറക്കിയതോടെ ഐസിസി നിയമം പരിശോധിക്കുമെന്ന് കരുതുന്നതായി സഞ്ജയ് മഞ്ജരേക്കര്‍. നിയമത്തില്‍ പഴുത് കണ്ടെത്താന്‍ മിടുക്കരാണ് നമ്മള്‍ എന്നും മഞ്ജരേക്കര്‍ പറഞ്ഞു. 

ചഹലിന് അവസരം ലഭിച്ചതില്‍ വളരെ സന്തോഷം. ആ നാല് ഓവര്‍ എറിയേണ്ട ആളേക്കാള്‍ നന്നായി ബൗള്‍ ചെയ്യുന്ന താരത്തെ ഇറക്കാന്‍ ഇന്ത്യക്കായി. ചഹല്‍ വമ്പന്‍ ബോണസ് ആയിരുന്നു. 160 റണ്‍സിലേക്ക് ഇന്ത്യക്ക് എത്താനായതില്‍ ദൈവത്തിന് നന്ദി. അതുകൊണ്ടാണ് എല്ലാം സാധ്യമായത്, മഞ്ജരേക്കര്‍ പറഞ്ഞു. 

എന്നാല്‍ ഇതിന് ശേഷം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ ഉയരാനിടയുണ്ട്. നല്ല ഉദ്ദേശത്തോടെയാണ് നിയമങ്ങള്‍ കൊണ്ടുവരുന്നത്. എന്നാല്‍ നിയമങ്ങളില്‍ പഴുതി കണ്ടെത്തി അതില്‍ മുതലെടുപ്പ് നടത്തുന്നതില്‍ മിടുക്കരാണ് നമ്മള്‍. ഇന്ത്യ അവിടെ അതിലൂടെ മുന്‍തൂക്കം നേടിയോ, അറിയില്ല. എന്നാല്‍ ഐസിസി പരിശോധിക്കേണ്ടതുണ്ട്. കാരണം ഒരു ടീമും അത്ര വലിയ മുന്‍തൂക്കം നേടരുത്. 

ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ട സമയം ഫിസിയോ ഗ്രൗണ്ടിലേക്ക് വന്നില്ല. ആരും വന്നില്ല. ജഡേജക്ക് കുഴപ്പം എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാന്‍ ആര്‍ക്കും സമയമുണ്ടായില്ല. ജഡേജ കളി തുടരുകയാണ് ചെയ്തത്. പ്രോട്ടോക്കോള്‍ ലംഘനമാണ് അവിടെ നടന്നത്. 

ഇന്ത്യ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടിനെ ആവശ്യപ്പെട്ടു. എന്നാല്‍ പ്രോട്ടോക്കോളിലെ പ്രധാനപ്പെട്ട കാര്യം അവഗണിച്ചു. ഹെല്‍മറ്റില്‍ പന്ത് കൊണ്ടാല്‍ ഫിസിയോ ഗ്രൗണ്ടില്‍ എത്തി ബാറ്റ്‌സ്മാനെ പരിശോധിക്കണം. പ്രശ്‌നം ഉണ്ടോ എന്ന് ബാറ്റ്‌സ്മാനോട് ഫിസിയോ ആരായേണ്ടതുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com