വിരല്‍ ചൂണ്ടി അയാള്‍ ആക്രോശിച്ചു, 'ഈ കറുത്തവന്‍'- ചാമ്പ്യന്‍സ് ലീഗിനെ നാണംകെടുത്തി  വംശീയ അധിക്ഷേപം; കളി ബഹിഷ്‌കരിച്ച് ടീമുകള്‍

വിരല്‍ ചൂണ്ടി അയാള്‍ ആക്രോശിച്ചു, 'ഈ കറുത്തവന്‍'- ചാമ്പ്യന്‍സ് ലീഗിനെ നാണംകെടുത്തി  വംശീയ അധിക്ഷേപം; കളി ബഹിഷ്‌കരിച്ച് ടീമുകള്‍ 
വിരല്‍ ചൂണ്ടി അയാള്‍ ആക്രോശിച്ചു, 'ഈ കറുത്തവന്‍'- ചാമ്പ്യന്‍സ് ലീഗിനെ നാണംകെടുത്തി  വംശീയ അധിക്ഷേപം; കളി ബഹിഷ്‌കരിച്ച് ടീമുകള്‍

പാരിസ്: ഫുട്‌ബോള്‍ മൈതാനത്തെ വംശീയാധിക്ഷേപത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന സംഭവാങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് വേദിയില്‍പ്പോലും എന്തും വിളിച്ച് പറയാമെന്ന സ്ഥിതി. അതും മത്സരം നിയന്ത്രിക്കുന്ന ഓഫീഷ്യലിന്റെ ഭാഗത്ത് നിന്ന് തന്നെ ആയാലും. ഫ്രഞ്ച് ടീമും നിലവിലെ രണ്ടാം സ്ഥാനക്കാരുമായ പിഎസ്ജിയും തുര്‍ക്കി ക്ലബ് ഇസ്താബുള്‍ ബസക്‌സെറും തമ്മിലുള്ള മത്സരത്തിനിടെയാണ് നാണംകെട്ട സംഭവങ്ങള്‍. 

പിഎസ്ജി - ഇസ്താംബുള്‍ ബസക്‌സെര്‍ മത്സരത്തിനിടെ അസിസ്റ്റന്റ് റഫറിയാണ് സഹ പരീശീലകനെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ ഇരു ടീമുകളും പോരടിക്കുന്നതിനിടെയാണ് മത്സരത്തിന്റെ ഒഫീഷ്യല്‍ തന്നെ വംശീയച്ചുവയുള്ള പരാമര്‍ശവുമായി വിവാദത്തില്‍ ചാടിയത്. തുര്‍ക്കി ക്ലബ്ബായ ബസക്‌സെറിന്റെ സഹപരിശീലകനെയാണ് വംശീയച്ചുവയുള്ള പരാമര്‍ശത്തിലൂടെ ഒഫീഷ്യല്‍ അപമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ബസെക്‌സര്‍ താരങ്ങള്‍ മത്സരം ബഹിഷ്‌കരിച്ച് ഗ്രൗണ്ടില്‍ നിന്ന് മടങ്ങി. ഇതിനു പിന്നാലെ പിഎസ്ജി താരങ്ങളും അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് തിരികെപ്പോയി.

മത്സരത്തിന് 14 മിനിറ്റ് മാത്രം പ്രായമുള്ളപ്പോഴാണ് ഗ്രൗണ്ടില്‍ നാടകീയ നിമിഷങ്ങള്‍ ഉരുത്തിരിഞ്ഞത്. മത്സരത്തിനിടെ ത്രോ ലൈനിന് തൊട്ടടുത്ത് ബസെക്‌സര്‍ സഹപരിശീലകന്‍ പിയറി വെബോയും ഫോര്‍ത്ത് ഒഫീഷ്യല്‍ സെബാസ്റ്റ്യന്‍ കോള്‍ടെസ്‌ക്യുവും തമ്മില്‍ ഉരസിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട റഫറി കാമറൂണിന്റെ മുന്‍ താരം കൂടിയായ വെബോയ്ക്ക് ചുവപ്പുകാര്‍ഡ് നല്‍കി.

എന്നാല്‍, വെബോയുമായുള്ള വാക്കുതര്‍ക്കത്തിനിടെ ഫോര്‍ത്ത് ഒഫീഷ്യലായ കോള്‍ടെസ്‌ക്യു വംശീയച്ചുവയുള്ള പരാമര്‍ശം നടത്തിയതാണ് പ്രശ്‌നമായത്. ഇതോടെ ബസക്‌സെര്‍ അധികൃതര്‍ ഡഗ്ഔട്ടിന് തൊട്ടരികെ പ്രതിഷേധിച്ചു. പിന്നാലെ താരങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളായി. തുടര്‍ന്നാണ് വംശീയാധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ബസക്‌സെര്‍ ടീം ഒന്നടങ്കം മത്സരം ബഹിഷ്‌കരിച്ച് ഗ്രൗണ്ട് വിട്ടത്.

ഇതോടെ പിഎസ്ജി താരങ്ങളും ബസക്‌സെര്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ച് ഗ്രൗണ്ടില്‍നിന്ന് മടങ്ങി. മത്സരം പുനഃരാരംഭിക്കാന്‍ അധികൃതര്‍ പരമാവധി ശ്രമിച്ചെങ്കിലും ബസക്‌സെര്‍ ടീം വഴങ്ങിയില്ല. തുടര്‍ന്ന് രണ്ട് മണിക്കൂറിനു ശേഷം മത്സരം നീട്ടിവച്ചതായി അറിയിപ്പുവന്നു. 

വംശീയാധിക്ഷേപത്തിന് ഇരയായ വിബോയ്ക്ക് പിഎസ്ജി സൂപ്പര്‍താരങ്ങളായ കെയ്‌ലിയന്‍ എംബാപ്പെ, നെയ്മര്‍ തുടങ്ങിയവരും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുവേഫ വ്യക്തമാക്കി.

അതേസമയം, മത്സരത്തിന്റെ ബാക്കി ഇന്നു നടക്കും. പുതിയ മാച്ച് ഒഫീഷ്യല്‍സായിരിക്കും മത്സരം നിയന്ത്രിക്കുകയെന്ന് യുവേഫ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com