മെസിയെ കടത്തി വെട്ടി എംബാപ്പെ, 20 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടുന്ന പ്രായം കുറഞ്ഞ താരം

20 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് ആണ് മെസിയില്‍ നിന്ന് എംബാപ്പെ കൈക്കലാക്കിയത്
മെസിയെ കടത്തി വെട്ടി എംബാപ്പെ, 20 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടുന്ന പ്രായം കുറഞ്ഞ താരം

പാരിസ്: മെസിയുടെ ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡുകളില്‍ ഒന്ന് മറികടന്ന് പിഎസ്ജിയുടെ യുവതാരം എംബാപ്പെ. 20 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് ആണ് മെസിയില്‍ നിന്ന് എംബാപ്പെ കൈക്കലാക്കിയത്. 

ഇസ്താന്‍ബുള്‍ ബസാക്‌സെഹിറിന് എതിരെ 42ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ വല ചലിപ്പിച്ചാണ് എംബാപ്പെ നേട്ടം സ്വന്തമാക്കിയത്. ഈ ഗോള്‍ നേടുമ്പോള്‍ 21 വര്‍ഷവും, 266 ദിവസവുമാണ് എംബാപ്പെയുടെ പ്രായം. 20 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ എന്ന നേട്ടത്തിലേക്ക് മെസി എത്തിയത് 22 വര്‍ഷവും 266 ദിവസവും പ്രായമുള്ളപ്പോഴാണ്. 

പിഎസ്ജിക്ക് വേണ്ടി 100 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് മറ്റൊരു തകര്‍പ്പന്‍ റെക്കോര്‍ഡ് കൂടി എംബാപ്പെയുടെ പേരിലേക്ക് വരുന്നത്. പ്രായം 22 വയസും 297 ദിവസവും പിന്നിട്ടപ്പോഴാണ് റൗള്‍ ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോളുകള്‍ തികച്ചത്. ഇറ്റാലിയന്‍ ഫുട്‌ബോളറായ അലെസാന്‍ഡ്രോ ഡെല്‍ പീറോ 20 ഗോള്‍ തികച്ചത് 23 വയസും 157 ദിവസവും പിന്നിട്ടപ്പോള്‍. 

ചൊവ്വാഴ്ച വംശീയ വിദ്വേഷ ആരോപണത്തെ തുടര്‍ന്ന് പിഎസ്ജിയുടെ ഇസ്താംബുളിനെതിരായ മത്സരം മാറ്റി വെക്കുകയായിരുന്നു. സഹപരിശീലകനെ അസിസ്റ്റന്റ് റഫറി കറുത്തവന്‍ എന്ന് വിശേഷിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇസ്താംബുളിന്റെ സഹപരിശീലകനെതിരായ വംശീയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ഇസ്താംബുള്‍ താരങ്ങള്‍ മത്സരം ബഹിഷ്‌കരിച്ച് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയിരുന്നു. പിന്നാലെ പിഎസ്ജി താരങ്ങളും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗ്രൗണ്ട് വിടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com