രഹാനെയുടെ പിഴവില്‍ റണ്‍ഔട്ടായി കോഹ്‌ലി, വീണത് സെഞ്ചുറിക്ക് അരികെ

180 പന്തില്‍ നിന്ന് എട്ട് ഫോറിന്റെ അകമ്പടിയോടെ 74 റണ്‍സ് എടുത്ത് നിന്ന കോഹ് ലിയെ ഹസല്‍വുഡ് റണ്‍ഔട്ട് ആക്കുകയായിരുന്നു
വിരാട് കോഹ്‌ലി/ഫോട്ടോ: എപി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയിലേക്ക് എത്താനുള്ള അവസരം നഷ്ടപ്പെടുത്തി കോഹ് ലി. 180 പന്തില്‍ നിന്ന് എട്ട് ഫോറിന്റെ അകമ്പടിയോടെ 74 റണ്‍സ് എടുത്ത് നിന്ന കോഹ് ലിയെ ഹസല്‍വുഡ് റണ്‍ഔട്ട് ആക്കുകയായിരുന്നു.

പൂജാരയ്‌ക്കൊപ്പം നിന്ന് 68 റണ്‍സിന്റേയും രഹാനെയ്ക്ക് ഒപ്പം നിന്ന് 88 റണ്‍സിന്റേയും കൂട്ടുകെട്ട് തീര്‍ത്താണ് കോഹ് ലി മടങ്ങിയത്. ലിയോണിന്റെ ഡെലിവറിയില്‍ മിഡ് ഓഫിലേക്ക് കളിച്ച് രഹാനെ സിംഗിളിനായി കോഹ് ലിയെ വിളിക്കുകയായിരുന്നു. കോഹ് ലി സിംഗിളിനായി ഓടിയപ്പോള്‍ രഹാനെ ഏതാനും സ്‌റ്റെപ്പ് മുന്‍പോട്ട് വന്നതിന് ശേഷം ക്രീസിലേക്ക് തന്നെ മടങ്ങി.

കോഹ് ലി ഈ സമയം പിച്ചിന്റെ മധ്യത്തേക്ക് എത്തിയിരുന്നു. ഹസല്‍വുഡിന്റെ ത്രോയില്‍ ലിയോണ്‍ സ്റ്റംപ് ഇളക്കുമ്പോള്‍ കോഹ് ലി സമീപത്ത് പോലുമുണ്ടായില്ല. രഹാനെയുടെ പിഴവാണ് ഇവിടെ കോഹ് ലിയുടെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. സെഞ്ചുറിയിലേക്ക് എത്തുമെന്ന് തോന്നിച്ച ഇന്നിങ്‌സ് ആണ് ഇവിടെ നിര്‍ഭാഗ്യം കൊണ്ട് അവസാനിച്ചത്.

79 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍. 42 റണ്‍സുമായി രഹാനെ പുറത്താവാതെ നില്‍ക്കുന്നു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ തുടക്കത്തില്‍ പതറിയിരുന്നു. രണ്ട് പന്തില്‍ ഡക്കായി പൃഥ്വി മടങ്ങിയതിന് പിന്നാലെ മായങ്ക് 17 റണ്‍സ് എടുത്ത് കൂടാരം കയറി. എന്നാല്‍് പൂജാര 160 പന്തില്‍ നിന്ന് 43 റണ്‍സ് എടുത്ത് ക്രീസില്‍ നിലയുറപ്പിച്ചതോടെ വലിയ വീഴ്ചയില്‍ നിന്ന് ഇന്ത്യ കരകയറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com