ടെസ്റ്റ് ചരിത്രത്തിലെ നാലാമത്തെ കുറഞ്ഞ സ്‌കോര്‍; കൂപ്പുകുത്തിയത് നാണക്കേടിന്റെ റെക്കോര്‍ഡിലേക്ക്

ഒന്നാം ഇന്നിങ്‌സില്‍ ലഭിച്ച ലീഡിന്റെ ആധിപത്യത്തില്‍ കളിക്കാനിറങ്ങിയ കോഹ്‌ലിയും കൂട്ടരും കൂപ്പുകുത്തിയത് നാണക്കേടിലേക്ക്
ബൂമ്രയുടെ വിക്കറ്റ് ആഘോഷിക്കുന്ന പാറ്റ് കമിന്‍സ്/ഫോട്ടോ: എപി
ബൂമ്രയുടെ വിക്കറ്റ് ആഘോഷിക്കുന്ന പാറ്റ് കമിന്‍സ്/ഫോട്ടോ: എപി

അഡ്‌ലെയ്ഡ്: ഒന്നാം ഇന്നിങ്‌സില്‍ ലഭിച്ച ലീഡിന്റെ ആധിപത്യത്തില്‍ കളിക്കാനിറങ്ങിയ കോഹ്‌ലിയും കൂട്ടരും കൂപ്പുകുത്തിയത് നാണക്കേടിലേക്ക്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ അഡ്‌ലെയ്ഡില്‍ പിറന്നപ്പോള്‍, ടെസ്റ്റ് ചരിത്രത്തിലെ നാലാമത്തെ കുറഞ്ഞ ടോട്ടലുമായി അത്.

1955ല്‍ ഒക് ലാന്‍ഡില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്‍ഡ് നേടിയ 26 റണ്‍സ് ആണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. 1896ലും 1924ലും ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്കയെ 30 എന്ന സ്‌കോറിന് ഓള്‍ഔട്ട് ആക്കിയിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ മൂന്നാമത്തേയും നാലാമത്തേയും കുറഞ്ഞ സ്‌കോറും സൗത്ത് ആഫ്രിക്കയുടെ പേരിലാണ്.

ഇംഗ്ലണ്ടിന് എതിരെ കേപ്ടൗണില്‍ 1899ല്‍ 35 റണ്‍സിനാണ് ഓസ്‌ട്രേലിയ പുറത്തായത്. 1932ല്‍ മെല്‍ബണില്‍ വെച്ച് ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ 36 റണ്‍സിന് പുറത്താക്കി. 1902ല്‍ ബിര്‍മിങ്ഹാമില്‍ വെച്ച് ഓസ്‌ട്രേലിയ ഇംഗ്ലണ്ടും 36 റണ്‍സിന് ഓള്‍ഔട്ട് ആക്കി. 36 റണ്‍സ് കുറഞ്ഞ ടോട്ടലുമായി ഇന്ത്യയും നാണക്കേടിന്റെ ചരിത്രത്തില്‍ അഡ്‌ലെയ്ഡിലെ രണ്ടാം ഇന്നിങ്‌സിലൂടെ ഇടം നേടുന്നു.

1974ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നേടിയ 42 റണ്‍സ് ആയിരുന്നു ഇതിന് മുന്‍പ് ഇന്ത്യയുടെ ചെറിയ സ്‌കോര്‍. 1947ല്‍ ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 58 റണ്‍സിന് ഓള്‍ഔട്ട് ആക്കിയിരുന്നു. 1952ല്‍ മാഞ്ചസ്റ്ററില്‍ വെച്ച് ഇംഗ്ലണ്ടും 58 റണ്‍സിന് ഇന്ത്യയെ കൂടാരം കയറ്റി.

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ മറ്റ് കുറഞ്ഞ സ്‌കോറുകള്‍;

1996ല്‍ ഡര്‍ബനില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 66 റണ്‍സ്
1948ല്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെ 67 റണ്‍സ്
1987ല്‍ വിന്‍ഡിസിന് എതിരെ ഡല്‍ഹിയില്‍ 75 റണ്‍സ്
2008ല്‍ അഹമ്മദാബാദില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 76 റണ്‍സ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com