മെല്‍ബണിലെ പിച്ച് പൃഥ്വി ഷായ്ക്ക് ഇണങ്ങുന്നത്, ടീമില്‍ നിലനിര്‍ത്തണം; പിന്തുണച്ച് ഓസീസ് മുന്‍ താരം 

പൃഥ്വിയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനം മറ്റ് ടീം അംഗങ്ങള്‍ക്കും സന്ദേശമാണെന്ന് മൈക്ക് ഹസി ചൂണ്ടിക്കാണിക്കുന്നു
പൃഥ്വി ഷാ/ഫോട്ടോ: എപി
പൃഥ്വി ഷാ/ഫോട്ടോ: എപി

മെല്‍ബണ്‍: ടീമില്‍ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കണം എന്ന വാദം ശക്തമാവുന്നതിന് ഇടയില്‍ പൃഥ്വിയെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ബാറ്റ്‌സ്മാന്‍ മൈക്കല്‍ ഹസി. ബോക്‌സിങ് ഡേ ടെസ്റ്റ് നടക്കുന്ന മെല്‍ബണിലെ പിച്ച് പൃഥ്വിക്ക് കൂടുതല്‍ ഇണങ്ങുന്നതാണ് എന്ന് മൈക്ക് ഹസി പറഞ്ഞു. 

പൃഥ്വിയില്‍ ഉറപ്പായും സെലക്ടര്‍മാര്‍ വിശ്വാസം വെക്കേണ്ടതാണ്. അഡ്‌ലെയ്ഡില്‍ പൃഥ്വിക്ക് റണ്‍സ് കണ്ടെത്താനായില്ല എന്നത് വാസ്തവമാണ്. എന്നാല്‍ അത് ബാറ്റ് ചെയ്യാന്‍ ദുഷ്‌കരമായ പിച്ചില്‍ ക്വാളിറ്റി ബൗളിങ്ങിനെതിരെ കളിച്ച ഒരേയൊരു ടെസ്റ്റ് ആണ്, മൈക്ക് ഹസി പറഞ്ഞു. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏഴില്‍ താഴെയായിരുന്നു ജോ ബേണ്‍സിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ സെലക്ടര്‍മാര്‍ ബേണ്‍സിനെ വിശ്വസിച്ചു. ആദ്യ ഇന്നിങ്‌സില്‍ ബേണ്‍സ് വിക്കറ്റ് വലിച്ചെറിഞ്ഞു. എന്നാല്‍ തന്റെ ആത്മവിശ്വാസം പതിയെ വീണ്ടെടുത്ത ബേണ്‍സ് രണ്ടാം ഇന്നിങ്‌സില്‍ 50 റണ്‍സ് നേടി പുറത്താവാതെ നിന്നു.

പൃഥ്വി ഷായില്‍ വിശ്വാസം വെക്കുക. ഞങ്ങള്‍ നിന്നെ പിന്തുണയ്ക്കുകയാണ് എന്ന് പൃഥ്വിയോട് പറയുക. മെല്‍ബണിലെ പിച്ച് പൃഥ്വിയോട് കൂടുതല്‍ ഇണങ്ങുന്നതാണ്. അഡ്‌ലെയ്ഡിലേത് പോലുള്ള പേസും ബൗണ്‍സും ആയിരിക്കില്ല ഇവിടെ. വലിയ കഴിവുള്ള താരമാണ് പൃഥ്വി. പൃഥ്വിയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനം മറ്റ് ടീം അംഗങ്ങള്‍ക്കും സന്ദേശമാണെന്ന് മൈക്ക് ഹസി ചൂണ്ടിക്കാണിക്കുന്നു. 

ഏതാനും മോശം ടെസ്റ്റ് കളിച്ചെന്ന് കരുതി നിങ്ങളിലുള്ള വിശ്വാസം ഞങ്ങള്‍ കളയുന്നില്ല എന്ന് ടീം അംഗങ്ങളോട് പറയുന്നത് പോലെയാണ് അത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും സെലക്ടര്‍മാര്‍ പൃഥ്വി ഷായില്‍ വിശ്വാസം വെക്കണം എന്നാണ് എന്റെ അഭിപ്രായമെന്നും മൈക്ക് ഹസി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com