ഇന്നും താരമായത് ​ഗോൾ കീപ്പർ; മതിൽ കെട്ടി അരിന്ദം ഭട്ടാചാര്യ; എടികെ മോഹൻ ബ​ഗാൻ- ചെന്നൈയിൻ പോരാട്ടം സമനിലയിൽ; കൊൽക്കത്തൻ കരുത്തർ ഒന്നാമത്

ഇന്നും താരമായത് ​ഗോൾ കീപ്പർ; മതിൽ കെട്ടി അരിന്ദം ഭട്ടാചാര്യ; എടികെ മോഹൻ ബ​ഗാൻ- ചെന്നൈയിൻ പോരാട്ടം സമനിലയിൽ; കൊൽക്കത്തൻ കരുത്തർ ഒന്നാമത്
എടികെ മോഹൻ ബ​ഗാൻ- ചെന്നൈയിൻ മത്സരത്തിൽ നിന്ന്/ ട്വിറ്റർ
എടികെ മോഹൻ ബ​ഗാൻ- ചെന്നൈയിൻ മത്സരത്തിൽ നിന്ന്/ ട്വിറ്റർ

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ശക്തരായ എടികെ മോഹൻ ബഗാനെ ഗോൾരഹിത സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ്സി. മോഹൻ ബ​ഗാൻ പ്രതിരോധത്തിൽ ഊന്നിയപ്പോൾ ചെന്നൈയിൻ ആക്രമണം പുറത്തെടുത്തു. ബ​ഗാൻ ​ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യയുടെ മിന്നും സേവുകളാണ് ചെന്നൈയിന് ജയം നിഷേധിച്ചത്. 

ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇരു ടീമുകളുടെയും പ്രതിരോധ താരങ്ങൾ തകർപ്പൻ പ്രകടനം പുറത്തെടുത്തു.

നിരന്തരം ഫൗളുകൾ പിറന്നത് മത്സരത്തെ പ്രതികൂലമായി ബാധിച്ചു. ചെന്നൈ ഈ സീസണിൽ വഴങ്ങുന്ന നാലാമത്തെയും മോഹൻ ബഗാന്റെ രണ്ടാമത്തെയും സമനിലയാണിത്. ഈ സമനിലയോടെ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ചെന്നൈയിൻ എഴാമതാണ്.

മത്സരം തുടങ്ങി തുടക്കത്തിൽ മോഹൻ ബ​ഗാൻ മുന്നേറ്റം നടത്തിയപ്പോൾ പതിയെ മത്സരത്തിന്റെ താളം സ്വന്തമാക്കിയ ചെന്നൈയിൻ പിന്നീട് നിരന്തരം ആക്രമിച്ചു കളിച്ചു. കരുത്തുറ്റ പ്രതിരോധം തീർത്തായിരുന്നു ബ​ഗാന്റെ മറുപടി. 

രണ്ടാം പകുതിയിലും ആദ്യ ആക്രമണം പുറത്തെടുത്തത് ചെന്നൈ തന്നെ. 50ാം മിനിറ്റിൽ ചങ്‌തെ ഒറ്റയ്ക്ക് പോസ്റ്റിനകത്തേക്ക് ഇരച്ചു കയറി മികച്ച ഒരു ഷോട്ടെടുത്തെങ്കിലും പന്ത് പോസ്റ്റിന് അരികിലൂടെ കടന്നുപോയി. പിന്നീട് കളി മന്ദഗതിയിലായി. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടു. 

ചെന്നൈയിൻ മാത്രമാണ് രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ചത്. മോഹൻ ബഗാൻ പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് മത്സരം വിരസമാക്കി. അവസാന പത്തു മിനിറ്റിൽ എടികെ ആക്രമിച്ച് കളിക്കാൻ തുടങ്ങി. ഇതോടെ മത്സരത്തിന് വേഗം കൈവന്നു. അവസാന മിനിറ്റുകളിൽ ഗോൾ നേടാൻ ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com