വീണ്ടും ചൂടുപിടിച്ച് മങ്കാദിങ് വിവാദം; നിയമം എടുത്ത് കളയണമെന്ന് ആന്‍ഡേഴ്‌സന്‍, മാന്യതയല്ലെന്ന ബോധ്യമുണ്ടെന്ന് അഫ്ഗാന്‍ നായകന്‍ 

പാകിസ്ഥാനെ ഞങ്ങള്‍ തോല്‍പ്പിക്കുന്നത് കാണാനാണ് അഫ്ഗാനിസ്ഥാനിലെ  ജനങ്ങള്‍ കാത്തിരുന്നത്
വീണ്ടും ചൂടുപിടിച്ച് മങ്കാദിങ് വിവാദം; നിയമം എടുത്ത് കളയണമെന്ന് ആന്‍ഡേഴ്‌സന്‍, മാന്യതയല്ലെന്ന ബോധ്യമുണ്ടെന്ന് അഫ്ഗാന്‍ നായകന്‍ 

ക്രിക്കറ്റ് ലോകം വീണ്ടും മങ്കാദിങ് ചര്‍ച്ചയിലേക്ക്. അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍  പാകിസ്ഥാന്‍ ബാറ്റ്‌സ്മാനെ അഫ്ഗാന്‍ ബൗളര്‍ മങ്കാദിങ് ചെയ്തതോടെയാണ് മങ്കാദിങ് വിവാദം വീണ്ടും തലപൊക്കുന്നത്. അഫ്ഗാന്‍ ടീമിന്റെ നീക്കത്തെ വിമര്‍ശിച്ചും അനുകൂലിച്ചും പ്രതികരണങ്ങള്‍ ഉയരുകയാണ്.

പാക് ഇന്നിങ്‌സിന്റെ 28ാം ഓവറിലെ അഞ്ചാമത്തെ ഡെലിവറിയിലാണ് അഫ്ഗാന്‍ ബൗളര്‍ നൂര്‍ അഹ്മദ് പാകിസ്ഥാന്റെ മുഹമ്മദ് ഹുറിയയെ മങ്കാദിങ് ചെയ്തത്. മങ്കാദിങ്ങിന് സാധുത നല്‍കുന്ന നിയമം എടുത്ത് കളയണം എന്ന ആവശ്യവുമായാണ് ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ മുന്‍പോട്ടുവന്നത്. 2016 അണ്ടര്‍ 19 ലോകകപ്പിലും മങ്കാദിങ് വിഷയമായിരുന്നു. അന്ന് വെസ്റ്റ് ഇന്‍ഡീസ് ആണ് മങ്കാദിങ്ങിലൂടെ വിക്കറ്റ് വീഴ്ത്തിയത്. 

കളിയുടെ സ്പിരിറ്റിന് എതിരാണ് മങ്കാദിങ് എന്ന ബോധ്യമുണ്ടെന്നാണ് അഫ്ഗാന്‍ അണ്ടര്‍ 19 ടീം നായകന്‍ ഫര്‍ഹാന്‍ സഖില്‍ പ്രതികരിച്ചത്. പാകിസ്ഥാനെ ഞങ്ങള്‍ തോല്‍പ്പിക്കുന്നത് കാണാനാണ് അഫ്ഗാനിലെ ജനങ്ങള്‍ കാത്തിരുന്നത്. ജയിക്കാവുന്ന സാഹചര്യമായിരുന്നു എങ്കില്‍ മങ്കാദിങ് ചെയ്യുമായിരുന്നില്ല. പാക് ബാറ്റ്‌സ്മാനില്‍ സമ്മര്‍ദം നിറക്കാന്‍ ആ സമയം ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമായിരുന്നു, ഫര്‍ഹാന്‍ പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ കളിയുടെ സ്പിരിറ്റിന് എതിരാണ് മങ്കാദിങ്. എന്നാല്‍ ഞങ്ങള്‍ക്ക് ജയിക്കണമായിരുന്നു. നിയമത്തിനുള്ളില്‍ നിന്നാണ് ഞങ്ങളത് ചെയ്തത്. ഔട്ട് എന്നത് ഔട്ട് ആണ്. റണ്‍സ് നേടണം, സ്‌ട്രൈക്ക് കൈമാറണം എന്നുണ്ടെങ്കില്‍, എതിര്‍ ടീമിനെ ബഹുമാനിക്കണം. ആ ചിന്ത മുന്‍പില്‍ വെച്ചാണ് ഞങ്ങള്‍ മങ്കാദിങ്ങുമായി മുന്‍പോട്ടു പോയോത്, ഫര്‍ഹാന്‍ പറഞ്ഞു. 

മങ്കാദിങ് ചെയ്‌തെങ്കിലും പാകിസ്ഥാനെ ജയത്തില്‍ നിന്ന് തടയാന്‍ അത് മതിയായില്ല. അഫ്ഗാനിസ്ഥാന്‍ മുന്‍പില്‍ വെച്ച 190 റണ്‍സ് 53 പന്തുകള്‍ കയ്യിലിരിക്കെ പാകിസ്ഥാന്‍ മറികടന്നു. സെമി ഫൈനലില്‍ ഇന്ത്യയാണ് പാകിസ്ഥാന്റെ എതിരാളികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com