പ്രശസ്ത ക്രിക്കറ്റ് ലേഖകന്‍ രാജു ഭരതന്‍ അന്തരിച്ചു

ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിയില്‍ 42 വര്‍ഷത്തോളം പ്രവര്‍ത്തിച്ച രാജുഭരതന്‍ അസിസ്റ്റന്‍ഡ് എഡിറ്ററായാണ് വിരമിച്ചത്
പ്രശസ്ത ക്രിക്കറ്റ് ലേഖകന്‍ രാജു ഭരതന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ക്രിക്കറ്റ് ലേഖകനും ചലച്ചിത്ര ചരിത്രകാരനുമായ രാജു ഭരതന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.

ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിയില്‍ 42 വര്‍ഷത്തോളം പ്രവര്‍ത്തിച്ച രാജുഭരതന്‍ അസിസ്റ്റന്‍ഡ് എഡിറ്ററായാണ് വിരമിച്ചത്. ഖുഷ്‌വന്ത് സിങ്, എംവി കാമത്ത്, പ്രതീഷ് നന്തി, അനില്‍ ദഡ്കര്‍ തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരംഗത്തെ അതികായരുടെ സമകാലികനായിരുന്നു രാജു ഭരതന്‍. സര്‍ക്കുലേഷനില്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ച രണ്ട് ക്രിക്കറ്റ് സ്‌പെഷലുകളുടെ പിന്നില്‍ രാജു ഭരതനായിരുന്നു.

ദ ഹിന്ദുവിന്റെ സ്‌പോര്‍ട്‌സ് സ്റ്റാറില്‍ കോളമിസ്റ്റായിരുന്നു. ക്രിക്കറ്റിനെ ആസ്പദമാക്കി ആദ്യമായി പുറത്തിറങ്ങിയ 'ദ് വിക്ടറി സ്‌റ്റോറി' (1974) എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് രാജു ഭരതനാണ്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടെസ്റ്റ് ടീം നേടിയ ആദ്യവിജയമായിരുന്നു (1972) ഡോക്യുമെന്ററിക്ക് ആധാരമായത്.

വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ പ്രഥമ ജനറല്‍ മാനേജര്‍ എഎസ് ഭരതന്റെ മകനാണ്. സിനിമാരംഗത്തെ പ്രമുഖരായ സംഗീതസംവിധായകന്‍ നൗഷാദ്, ഗായകരായ ലത മങ്കേഷ്‌കര്‍, ആശ ഭോസ്‌ലെ എന്നിവരെക്കുറിച്ചുള്ള ജീവചരിത്രങ്ങളും രചിച്ചിട്ടുണ്ട്.

 'റൈവല്‍സ് ഇന്‍ ദ് സണ്‍', 'ഇന്ത്യന്‍ ക്രിക്കറ്റ് ദ വൈറ്റല്‍ ഫേസ്', 'ലതാ മങ്കേഷ്‌കര്‍  എ ബയൊഗ്രാഫി', 'എ ജേണി ഡൗണ്‍ മെലഡി ലൈന്‍', 'നൗഷാദ്‌നാമ: ദ് ലൈഫ് ആന്‍ഡ് മ്യൂസിക് ഓഫ് നൗഷാദ്', 'ആശ ഭോസ്‌ലെ എ മ്യൂസിക്കല്‍ ബയൊഗ്രാഫി' എന്നിവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍.

1978 ല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മല്‍സരങ്ങള്‍ റോഡിയോയ്ക്ക് വേണ്ടി രാജു ഭരതന്‍ കമന്ററി നല്‍കിയിട്ടുണ്ട്. അന്തരിച്ച ഫിലിം ജേര്‍ണലിസ്റ്റ് ഗിരിജാ രാജേന്ദ്രനായിരുന്നു ഭാര്യ. മകള്‍ ശില്പ, കൊച്ചുമക്കള്‍ സുചാരിത, സച്ചിന്‍ശങ്കര്‍. രാജു ഭരതന്‍രെ നിര്യാണത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി അനുശോചിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com