'കമോൺ ബോയ്സ്, ലോക കിരീടം നിലനിർത്തു'; ഇന്ത്യ- ബം​ഗ്ലാദേശ് അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ന്; ആശംസകൾ നേർന്ന് കോഹ്‌ലിയും സംഘവും

കൗമാര ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്താമെന്ന മോഹവുമായി ഇന്ത്യയുടെ അണ്ടർ 19 ടീം ഇന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങും
'കമോൺ ബോയ്സ്, ലോക കിരീടം നിലനിർത്തു'; ഇന്ത്യ- ബം​ഗ്ലാദേശ് അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ന്; ആശംസകൾ നേർന്ന് കോഹ്‌ലിയും സംഘവും

പൊചെഫ്ട്രൂം: കൗമാര ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്താമെന്ന മോഹവുമായി ഇന്ത്യയുടെ അണ്ടർ 19 ടീം ഇന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങും. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ പ്രവചനങ്ങളെ കാറ്റിൽ പറത്തി എത്തുന്ന ബം​ഗ്ലാദേശുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 1.30നാണ് കലാശപ്പോര്.

നാല് വട്ടം ജേതാക്കളായ ഇന്ത്യ തുടർച്ചയായി ഇത് മൂന്നാം തവണയാണ് ഫൈനൽ കളിക്കാനിറങ്ങുന്നത്. ടൂർണമെന്റിലെ മൊത്തം പ്രകടനം പരിശോധിച്ചാൽ ഫൈനലിൽ ഇന്ത്യക്കാണ് മുൻതൂക്കം. സെമിയിൽ ഇന്ത്യ ബ​ദ്ധവൈരികളായ പാകിസ്ഥാനെ തറ പറ്റിച്ചപ്പോൾ ബം​ഗ്ലാദേശ് കരുത്തരായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ് ഫൈനൽ ബർത്ത് ഉറപ്പാക്കിയത്.

യുവരാജ് സിങ് മുതൽ വിരാട് കോഹ്‌ലി വരെ കൗമാര ലോകകപ്പിൽ മിന്നിത്തിളങ്ങിയവരിൽ പലരും പിന്നീട് ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായി മാറിയതാണ് ചരിത്രം. ലോകകപ്പിലെ ഇന്ത്യൻ സംഘത്തിന്റെ പ്രകടനം ഭാവിയിലെ ഇന്ത്യൻ സൂപ്പർ താരങ്ങളിൽ പലരും അക്കൂട്ടത്തിലുണ്ടെന്നതിന് വ്യക്തമായ സൂചന നൽകുന്നു.

യശസ്വി ജയ്സ്വാളാണ് ടീമിന്റോ ടോപ് സ്കോറർ. അഞ്ച് മത്സരങ്ങളിൽ നിന്ന് 312 റൺസാണ് താരം അടിച്ചെടുത്തത്. പാകിസ്ഥാനെതിരായ സെമിയിൽ ഉജ്ജ്വല സെഞ്ച്വറി (156) നേടിയ യശസ്വി ശേഷിച്ച നാല് മത്സരങ്ങളിലെല്ലാം അർധ സെഞ്ച്വറിയും നേടി. ക്യാപ്റ്റൻ പ്രിയം ​ഗാർ​ഗ്, ദിവ്യാൻശ് സക്സേന എന്നിവരും ഇന്ത്യൻ ബാറ്റിങിന് വൈവിധ്യം സമ്മാനിക്കുന്നു.

ഇന്ത്യൻ ബാറ്റിങ് നിര മികച്ച പ്രകടനം നടത്തുമ്പോൾ ഇന്ത്യൻ ബൗളിങ് നിര എതിർ ബാറ്റിങ് നിരകളെ നേരാംവണ്ണം ബാറ്റോങ്ങാൻ പോലും സമ്മതിക്കാതെ ഉജ്ജ്വലമായി പന്തെറിയുകയാണ്. പേസർമാരായ സുശാന്ത് മിശ്ര, കാർത്തിക് ത്യാ​ഗി, ആകാശ് സിങ്, ലെ​ഗ് സ്പിന്നർ രവി ബിഷ്ണോയി എന്നിവരടങ്ങുന്ന സംഘം മികച്ച ഫോമിൽ കളിക്കുന്നു. കരുത്തുറ്റ ഇന്ത്യൻ ബൗളിങ് നിര ഒരു മത്സരത്തിൽ മാത്രമാണ് എതിരാളിയുടെ സ്കോർ 200 കടക്കാൻ അനുവദിച്ചത്.

ബം​ഗ്ലാദേശ് നടാടെയാണ് ലോകകപ്പ് ഫൈനൽ കളിക്കാനിറങ്ങുന്നത്. സെമിയിൽ ന്യൂസിലൻഡിനെതിരെ സെഞ്ച്വറി നേടിയ മഹ്മദുൽ ഹസൻ ജോയിലാണ് അവരുടെ നട്ടെല്ല്.

അനിയന്‍മാര്‍ക്ക് ആശംസകളുമായി സീനിയര്‍ ടീം അംഗങ്ങളും രംഗത്തു വന്നു. ബിസിസിഐ പുറത്തു വിട്ട വീഡിയോയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, മായങ്ക് അഗര്‍വാള്‍, കേദാര്‍ ജാദവ് എന്നിവരും രവി ശാസ്ത്രിയടക്കമുള്ള പരിശീലക സംഘവും ആശംസകള്‍ നേര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com