അന്ന് ആരൊക്കെ ഒത്തു കളിച്ചു? വിചാരണയ്ക്കായി സഞ്ജീവ് ചൗള ഇന്ത്യയില്‍; ക്രിക്കറ്റിനെ പിടിച്ചുലച്ച വാതുവയ്പ് കേസിന്റെ ചുരുളഴിയുമോ?

ലോക ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ 2000ത്തിലെ ക്രിക്കറ്റ് വാതുവയ്പ്പ് കേസിലെ മുഖ്യ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യയിലെത്തിച്ചു
അന്ന് ആരൊക്കെ ഒത്തു കളിച്ചു? വിചാരണയ്ക്കായി സഞ്ജീവ് ചൗള ഇന്ത്യയില്‍; ക്രിക്കറ്റിനെ പിടിച്ചുലച്ച വാതുവയ്പ് കേസിന്റെ ചുരുളഴിയുമോ?

ന്യൂഡല്‍ഹി: ലോക ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ 2000ത്തിലെ ക്രിക്കറ്റ് വാതുവയ്പ്പ് കേസിലെ മുഖ്യപ്രതി സഞ്ജീവ് ചൗളയെ ഇന്ത്യയിലെത്തിച്ചു. വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട വിചാരണാ നടപടികള്‍ക്കായാണ് ഇയാളെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്. കോടതി നടപടികള്‍ക്ക് ശേഷം തിരികെ ബ്രിട്ടനിലേക്ക് തന്നെ സഞ്ജീവ് ചൗളയെ കൊണ്ടു പോകും. 

20 വര്‍ഷം മുന്‍പാണ് ക്രിക്കറ്റിന് തീരാ കളങ്കമായി മാറിയ വാതുവയ്പ്പ് കേസ് പൊട്ടിപ്പുറപ്പെട്ടത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യെ ഉള്‍പ്പെട്ട വാതുവയ്പ്പ് കേസ് ക്രിക്കറ്റ് ലോകത്തെ വന്‍ വിവാദത്തിലേക്കാണ് തള്ളിയിട്ടത്. കളിയുടെ വിശ്വാസ്യത വരെ ചോദ്യം ചെയ്യപ്പെട്ട കേസില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ആരോപണ വിധേയരായിരുന്നു. 

2000ത്തിലെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരവുമായി ബന്ധപ്പെട്ടാണ് ഹാന്‍സി ക്രോണ്യെയും സഞ്ജീവ് ചൗളയുമായി ബന്ധപ്പെടുന്നത്. ക്രിക്കറ്റ് മത്സരങ്ങല്‍ മനഃപൂര്‍വം തോറ്റു കൊടുത്താല്‍ കോടികള്‍ തരാമെന്ന് വാഗ്ദാനം ചെയ്താണ് സഞ്ജീവ് താരങ്ങളെ കുടുക്കിയത്. ക്രോണ്യെ മത്സരം തോല്‍ക്കാനായി പണം കൈപ്പറ്റിയതായും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. 

ഇന്ത്യയില്‍ വച്ച് അരങ്ങേറിയ ഇടപാട് സംബന്ധിച്ച് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് മുഖ്യ സൂത്രധാരന്‍ സഞ്ജീവാണെന്ന് കണ്ടെത്തിയത്. 70 പേജുള്ള കുറ്റ പത്രത്തില്‍ ക്രോണ്യെ അടക്കമുള്ള താരങ്ങളുടെ പങ്കിനെപ്പറ്റിയും പറയുന്നുണ്ട്. 2016ല്‍ ലണ്ടനില്‍ വച്ചാണ് സഞ്ജീവ് അറസ്റ്റിലാവുന്നത്. 

ഇന്ത്യയില്‍ നിലവിലുള്ള കേസിന്റെ വിചാരണ, തെളിവെടുപ്പുകള്‍ക്കായാണ് സഞ്ജീവിനെ ഇവിടെ എത്തിച്ചത്. സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഓഫീസര്‍മാര്‍ ഇയാളെ ഡല്‍ഹി പൊലീസിന് കൈമാറി. സഞ്ജീവ് ചൗളയെ വിട്ടുകിട്ടാനായി ദീര്‍ഘ നാളായി ഡല്‍ഹി പൊലീസ് ശ്രമിക്കുന്നുണ്ടായിരുന്നു. ഇപ്പോഴാണ് സഞ്ജീവിനെ ഇന്ത്യക്ക് കൈമാറാനുള്ള തീരുമാനം ബ്രിട്ടന്‍ കൈക്കൊണ്ടത്. 

കേസിന്റെ അവസാന ഘട്ട വിചാരണാ നടപടികളാണ് ഇനി നടക്കാനുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കും. അതുവരെ സഞ്ജീവിനെ തിഹാര്‍ ജയിലില്‍ കസ്റ്റഡിയില്‍ വയ്ക്കും. 

അതേസമയം അസ്ഹറുദ്ദീന്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ പങ്ക് വ്യക്തമാക്കുന്ന രേഖകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ആരോപണ വിധേയനായതിനെ തുടര്‍ന്ന് അസ്ഹറുദ്ദീന് ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്നു. തെളിവില്ലെന്ന് കണ്ട് ഈ വിലക്ക് പിന്നീട് പിന്‍വലിച്ചു. അസ്ഹറുദ്ദീനൊപ്പം മനോജ് പ്രഭാകര്‍, അജയ് ജഡേജ എന്നിവര്‍ക്ക് നേരെയും സംശയ വിരല്‍ നീണ്ടിരുന്നു. 20 വര്‍ഷമായിട്ടും ചോദ്യങ്ങളായി അവശേഷിക്കുന്ന പലതിനും ഇനി ഉത്തരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com