'ഓടാൻ ഒരുക്കമാണ്'; നിലപാട് മയപ്പെടുത്തി 'ഇന്ത്യൻ ഉസൈൻ ബോൾട്ട്'

സായിയുടെ കായികക്ഷമതാ പരിശോധനയ്ക്ക് തയ്യാറാണെന്ന് 'കമ്പള' ഓട്ടക്കാരൻ ശ്രീനിവാസ ​ഗൗഡ
'ഓടാൻ ഒരുക്കമാണ്'; നിലപാട് മയപ്പെടുത്തി 'ഇന്ത്യൻ ഉസൈൻ ബോൾട്ട്'

മം​ഗളൂരു: സായിയുടെ കായികക്ഷമതാ പരിശോധനയ്ക്ക് തയ്യാറാണെന്ന് 'കമ്പള' ഓട്ടക്കാരൻ ശ്രീനിവാസ ​ഗൗഡ. അതേസമയം ഹാജരാകാൻ ഒരു മാസത്തെ സമയം വേണമെന്ന് ശ്രീനിവാസ ​ഗൗഡ പറഞ്ഞു. ഉടുപ്പി മേഖലയിൽ ധാരാളം 'കമ്പള' മത്സരങ്ങൾ ഇനിയുമുണ്ടെന്നും അതിൽ പങ്കെടുക്കാനുണ്ടെന്നും അതിനാലാണ് സമയം ആവശ്യപ്പെട്ടതെന്നും ​ഗൗഡ പറഞ്ഞു. മത്സരങ്ങളെല്ലാം കഴിഞ്ഞ ശേഷം സായ് അധികൃതരെ കാണുന്ന കാര്യം തീരുമാനിക്കുമെന്നും ശ്രീനിവാസ ​ഗൗഡ മാധ്യമങ്ങളോട് വ്യക്തമാക്കി. 

ദക്ഷിണ കന്നഡ ജില്ലയില്‍ 'കമ്പള' എന്ന കാളപ്പൂട്ട് മത്സരത്തിലെ സൂപ്പര്‍ താരമാണ് വര്‍ഷങ്ങളായി ശ്രീനിവാസ ഗൗഡ. മത്സരത്തില്‍ 100 മീറ്റര്‍ 9.55 സെക്കന്റില്‍ ശ്രീനിവാസ മറികടന്നെന്നാണ് റിപ്പോര്‍ട്ട്. വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനമാണ് ശ്രീനിവാസ ഗൗഡയുടേതെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ അവകാശവാദം. ഇതോടെയാണ് ശ്രീനിവാസ ​ഗൗഡ ശ്രദ്ധേയനായത്.

ഇതിന് പിന്നാലെ ​ഗൗഡയെ പരിശീലിപ്പിക്കാൻ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു തന്നെ രം​ഗത്തെത്തി. സായിയിലെ ഉന്നത പരിശീലകരുടെ മുന്‍പിലേക്ക് ട്രയല്‍സിനായി ​ഗൗഡയെ ക്ഷണിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ശ്രീനിവാസ ​ഗൗഡ ക്ഷണം നിരസിച്ചിരുന്നു. പിന്നാലെയാണ് നിലപാട് മയപ്പെടുത്തി ഇപ്പോൾ അദ്ദേഹം രം​ഗത്തെത്തിയത്. ട്രയല്‍സിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്നും കമ്പള മത്സരത്തില്‍ ശ്രദ്ധിക്കാനാണ് താത്പര്യമെന്നും ചൂണ്ടിക്കാട്ടിയാണ് ​ഗൗഡ അവസരം ഒഴിവാക്കിയത്. 

മുഖ്യമന്ത്രി യെദിയൂരപ്പയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തെ കാണാനെത്തിയപ്പോഴാണ് മുൻ നിലപാട് തിരുത്തി ട്രയൽസിൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കുന്നതായി ശ്രീനിവാസ ​ഗൗഡ പറഞ്ഞത്. ട്രയൽസിൽ പങ്കെടുക്കുന്നത് പെട്ടെന്ന് സാധിക്കില്ലെന്നും ഒരു മാസത്തോളം ഉടുപ്പി മേഖലയിൽ 'കമ്പള' മത്സരങ്ങളുണ്ടെന്നും ഇതിന്റെ കരാർ അവസാനിച്ച ശേഷം തീരുമാനമെടുക്കുമെന്നും ​ഗൗഡ പറഞ്ഞു. മാർച്ച് ആദ്യ വാരത്തോടെ മത്സരങ്ങൾ അവസാനിക്കും. ഇതിന് ശേഷം ശാരീരിക ക്ഷമത കൂടി പരി​ഗണിച്ചായിരിക്കും സായ് അധികൃതരുമായി സംസാരിക്കുകയെന്നും ​ഗൗഡ കൂട്ടിച്ചേർത്തു. 

കാളക്കൂട്ടങ്ങള്‍ക്കൊപ്പം 142 മീറ്ററാണ് ശ്രീനിവാസ ഒറ്റക്കുതിപ്പില്‍ ഓടിയത്. ഇതിനെടുത്ത സമയം 13.42 സെക്കന്റ്. പാര്‍ട് ടൈം നിര്‍മാണ തൊഴിലാളിയാണ് ശ്രീനിവാസ. തന്നെ ഉസൈന്‍ ബോള്‍ട്ടിനോട് താരതമ്യം ചെയ്തുള്ള വിശകലനങ്ങള്‍ ശ്രീനിവാസ തള്ളിയിരുന്നു. ബോള്‍ട്ട് ലോക ചാമ്പ്യനാണ്. ഞാന്‍ പാടത്ത് ഓടുന്നയാള്‍ മാത്രമാണെന്നുമാണ് ​ഗൗഡ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com