പാക് ക്രിക്കറ്റ് താരം ഉമർ അക്മലിന് വിലക്ക്; സൂപ്പർ ലീഗിലടക്കം കളിക്കാനാകില്ല

നിരന്തരം വിവാദങ്ങളിൽപ്പെടുന്ന പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിലക്കേർപ്പെടുത്തി
പാക് ക്രിക്കറ്റ് താരം ഉമർ അക്മലിന് വിലക്ക്; സൂപ്പർ ലീഗിലടക്കം കളിക്കാനാകില്ല

ഇസ്‍ലാമാബാദ്: നിരന്തരം വിവാദങ്ങളിൽപ്പെടുന്ന പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിലക്കേർപ്പെടുത്തി. പിസിബിയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് താരത്തിന് അടിയന്തര സസ്പെൻഷൻ ഏർപ്പെടുത്തിയത്. സസ്പെൻഷൻ ഏർപ്പെടുത്താനുള്ള കാരണം പിസിബി വ്യക്തമാക്കിയിട്ടില്ല. പിസിബിയുടെ അഴിമതി വിരുദ്ധ വിഭാഗം നടത്തിവരുന്ന അന്വേഷണത്തിന്റെ തുടർച്ചയായാണ് സസ്പെൻഷൻ. സസ്പെൻഷനെക്കുറിച്ചുള്ള അറിയിപ്പിൽ അക്മലിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

ഇതോടെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) 29കാരനായ ഉമർ അക്മലിന് കളിക്കാനാകില്ല. നിലവിലെ ചാമ്പ്യൻമാർ കൂടിയായ ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സിന്റെ താരമാണ് ഉമർ. ഉമറിന് പകരം മറ്റൊരു കളിക്കാരനെ ഉൾപ്പെടുത്താൻ ടീമിന് അനുമതി ലഭിക്കും. പാക് ക്രിക്കറ്റ് ബോർഡിന്റെ അധീനതയിലുള്ള ക്രിക്കറ്റ് സംബന്ധമായ ഒരു കാര്യത്തിലും സസ്പെൻഷൻ കാലയളവിൽ ഉമറിന് പങ്കെടുക്കാനാകില്ല.

ഒരുകാലത്ത് പാക് ക്രിക്കറ്റിലെ ഭാവി താരമായി വാഴ്ത്തപ്പെട്ടിരുന്ന ഉമർ പിന്നീട് വിവാദങ്ങളുടെ തോഴനായി മാറി. ഇടക്കാലത്ത് ഫോം നഷ്ടമായതോടെ ടീമിനു പുറത്തായി. അതിനിടെ, പാകിസ്ഥാന്റെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സംഘടിപ്പിച്ച ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട ഉമർ, ടെസ്റ്റ്  നടത്തിയ ട്രെയിനർക്കു മുന്നിൽ തുണിയുരിഞ്ഞതായും ആക്ഷേപമുയർന്നു. ഇതും വലിയ വിവാദമായി.

2009ൽ ന്യൂസിലൻഡിനെതിരെ സെഞ്ച്വറിയുമായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ഉമർ, പിന്നീട് സഹോദരൻ കമ്രാൻ അക്മലിന്റെ വഴിയേ ടീമിനു പുറത്താവുകയായിരുന്നു. 16 ടെസ്റ്റുകളിൽ നിന്ന് ഒരു സെഞ്ച്വറിയും ആറ് അർധ സെഞ്ച്വറികളും സഹിതം 1003 റൺസ് നേടി. 2011ലായിരുന്നു അവസാന ടെസ്റ്റ് മത്സരം. 121 ഏകദിനങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികൾ സഹിതം 3194 റൺസും 84 ടി20 മത്സരങ്ങളിൽ നിന്ന് എട്ട് അർധ സെഞ്ച്വറികൾ സഹിതം 1690 റണ്‍സും സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com