ഇന്ത്യയുടെ 'ബോള്‍ട്ട്' ഇളക്കി കീവീസ് ; കോഹ്‌ലിയും പുറത്ത്, ടീം ഇന്ത്യ പതറുന്നു

ടെസ്റ്റിലെ നാലാമത്തെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്
ഇന്ത്യയുടെ 'ബോള്‍ട്ട്' ഇളക്കി കീവീസ് ; കോഹ്‌ലിയും പുറത്ത്, ടീം ഇന്ത്യ പതറുന്നു

വെല്ലിങ്ടന്‍ : ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. 183 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക്, രണ്ടാം ഇന്നിങ്‌സില്‍ 115 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, നായകന്‍ വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ടെസ്റ്റിലെ നാലാമത്തെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്. 75 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതമാണ് മായങ്കിന്റെ അര്‍ധസെഞ്ചുറി. 58 റണ്‍സെടുത്ത മായങ്കിനെ ടിം സൗത്തി പുറത്താക്കി. വാട്‌ലിംഗാണ് ക്യാച്ചെടുത്തത്.

പൃഥ്വി ഷാ 14 റണ്‍സും പൂജാര 11 റണ്‍സും എടുത്ത് പുറത്തായി. പൃഥ്വിയെയും പൂജാരയെയും ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. ബോള്‍ട്ടിന്റെ പന്തില്‍ പൂജാര ക്ലീന്‍ ബൗള്‍ഡായി. പൂജാര ലീവ് ചെയ്ത പന്താണ് ഓഫ് സ്റ്റംപിളക്കിയത്. 30 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതമാണ് പൃഥ്വി 14 റണ്‍സെടുത്തത്. 43 പന്തില്‍ 19 റണ്‍സെടുത്ത കോഹ്‌ലിയെ ബോള്‍ട്ട് കീപ്പര്‍ വാട്‌ലിംഗിന്റെ കൈകളിലെത്തിച്ചു.

നേരത്തെ, അഞ്ചിന് 216 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലന്‍ഡിന് വാലറ്റത്തിന്റെ ശക്തമായ പോരാട്ടമാണ് മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം പിറന്ന ഇന്നിങ്‌സില്‍ 100.2 ഓവറിലാണ് കിവീസ് 348 റണ്‍സെടുത്തത്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (74 പന്തില്‍ 43), കൈല്‍ ജയ്മിസന്‍ (45 പന്തില്‍ 44), ട്രെന്റ് ബോള്‍ട്ട് (24 പന്തില്‍ 38) എന്നിവരാണ് വാലറ്റത്ത് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ അഞ്ചു വിക്കറ്റ് വീഴ്ത്തി. ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍ 165 റണ്‍സിന് പുറത്തായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com