നാലില്‍ നാല്! ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരായ മികവ് തുടര്‍ന്ന് ന്യൂസിലാന്‍ഡ് 

ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവും ഒടുവില്‍ നേരിട്ട നാല് പോരിലും ഇന്ത്യക്കെതിരെ ജയം പിടിക്കാന്‍ ന്യൂസിലാന്‍ഡിനായി
നാലില്‍ നാല്! ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരായ മികവ് തുടര്‍ന്ന് ന്യൂസിലാന്‍ഡ് 

ന്യൂസിലാന്‍ഡിനെതിരായ പത്ത് വിക്കറ്റ് തോല്‍വി 2019ലെ പെര്‍ത്ത് ടെസ്റ്റിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തേത്. വെല്ലിങ്ടണിലെ തോല്‍വിയോടെ പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവും ഒടുവില്‍ നേരിട്ട നാല് പോരിലും ഇന്ത്യക്കെതിരെ ജയം പിടിക്കാന്‍ ന്യൂസിലാന്‍ഡിനായി. 

2016 ലോകകപ്പ് ട്വന്റി20 മുതല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ മൂന്ന് വട്ടം ഏറ്റുമുട്ടിയപ്പോഴും ആധിപത്യം സ്ഥാപിക്കാന്‍ ന്യൂസിലാന്‍ഡിന് സാധിച്ചു. ഒരു ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ജയം പിടിച്ചത് അവസാനമായി 2003 ലോകകപ്പില്‍. 

ഐസിസി ലോകകപ്പ് ട്വന്റി20 2007

ട്വന്റി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യ എത്തിയ 2007ല്‍ ഇന്ത്യ തോല്‍വി നേരിട്ടത് ന്യൂസിലാന്‍ഡുമായി മാത്രം. 191 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഗംഭീറും സെവാഗും ചേര്‍ന്ന് 5.4 ഓവറില്‍ 76 റണ്‍സിന്റെ മിന്നും തുടക്കം നല്‍കിയെങ്കിലും നാല് വിക്കറ്റ് വീഴ്ത്തി വെട്ടോറി ഇന്ത്യയെ തകര്‍ത്തു. പത്ത് റണ്‍സിന് ഇന്ത്യ തോല്‍വിയിലേക്കും വീണു. 

ട്വന്റി20 ലോകകപ്പ് 2016

ഇന്ത്യ ആയിരുന്നു ഇവിടെ ഫേവറിറ്റുകള്‍. ന്യൂസിലാന്‍ഡിനെ 126/7 ല്‍ ഒതുക്കി ഇന്ത്യ ആധിപത്യം പുലര്‍ത്തിയെങ്കിലും 79 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയാണ് കിവീസ് പ്രഹരിച്ചത്. മിച്ചല്‍ സാന്ത്‌നര്‍, നഥാന്‍ മക്കല്ലം, ഇഷ് സോധി എന്നിവര്‍ ചേര്‍ന്ന് ആറ് വിക്കറ്റ് വീഴ്ത്തി. 

2019 ഐസിസി ലോകകപ്പ്

ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനല്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. 240 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ തുടക്കത്തിലെ തകര്‍ത്ത് കിവീസ് പ്രഹരിച്ചു. എന്നാല്‍ ജഡേജയും ധോനിയും ചെറുത്ത് നിന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ അതും തല്ലിക്കെടുത്തി ഇന്ത്യയുടെ ഫൈനല്‍ സ്വപ്‌നം വില്യംസണും കൂട്ടരും തകര്‍ത്തു. 

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2019-21

ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്ത് ഉയരാതിരുന്നതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ആദ്യ ഇന്നിങ്‌സില്‍ 165 റണ്‍സിനും, രണ്ടാമത്തേതില്‍ 191 റണ്‍സിനും ഇന്ത്യയെ തകര്‍ത്ത് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരായ മികവ് കിവീസ് ആവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com