ഈ ദശകം ആരുടേതാവും? ശ്രേയസിനേയും വെട്ടി ആരാധകര്‍ ഐസിസിയോട് പറഞ്ഞത് ഈ പേര്

ഏകദിനത്തിലും ടെസ്റ്റിലും 60ന് മുകളിലാണ് പാകിസ്ഥാന്റെ കോഹ് ലിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാബര്‍ അസമിന്റെ 2019ലെ ബാറ്റിങ് ശരാശരി
ഈ ദശകം ആരുടേതാവും? ശ്രേയസിനേയും വെട്ടി ആരാധകര്‍ ഐസിസിയോട് പറഞ്ഞത് ഈ പേര്

ദശകത്തിന്റെ ക്രിക്കറ്റ് താരം ആരാവും? ഈ ചോദ്യവുമായാണ് ഐസിസി സമൂഹമാധ്യമങ്ങളിലെത്തിയത്. അതില്‍ ആരാധകരില്‍ ഭൂരിഭാഗവും പറഞ്ഞ പേര് ബാബര്‍ അസം എന്ന്...നിലവില്‍ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമതും, ഏകദിന റാങ്കിങ്ങില്‍ മൂന്നാമതും, ടെസ്റ്റ് റാങ്കിങ്ങില്‍ ആറാമതും എത്തി നിന്നാണ് ബാബര്‍ അസം ഈ പതിറ്റാണ്ട് അവസാനിപ്പിക്കുന്നത്. 

2010ല്‍ പുതിയ ദശകം ആരംഭിക്കുമ്പോള്‍ 15 വയസായിരുന്നു പാകിസ്ഥാന്റെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന് സ്ഥാനം. ദശകം അവസാനിക്കുമ്പോള്‍ മൂന്ന് ഫോര്‍മാറ്റിലെ റാങ്കിങ്ങിലും ടോപ് 10ല്‍ ബാബര്‍ അസമുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും 60ന് മുകളിലാണ് പാകിസ്ഥാന്റെ കോഹ് ലിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാബര്‍ അസമിന്റെ 2019ലെ ബാറ്റിങ് ശരാശരി. 

2019ല്‍ തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സും ബാബര്‍ അസം ഇപ്പോള്‍ തെരഞ്ഞെടുക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ ടെസ്റ്റ് സെഞ്ചുറിയാണ് ഈ വര്‍ഷത്തെ എന്റെ ഏറ്റവും മികച്ചതായി കാണുന്നത്. സൗത്ത് ആഫ്രിക്കയില്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെ നേരിട്ടുള്ള ഇന്നിങ്‌സ് എനിക്ക് സന്തോഷവും ആത്മവിശ്വാസവും നല്‍കി. ടെസ്റ്റ് ക്രിക്കറ്റ് ഇണങ്ങുമെന്ന് എനിക്ക് ബോധ്യപ്പെട്ടു. 60, 70 എന്നീ സ്‌കോറുകള്‍ എങ്ങനെ നൂറിലേക്ക് എത്തിക്കണം എന്നും ഞാന്‍ പഠിച്ചു. ഉയര്‍ന്ന സ്‌കോറുകള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസം എനിക്ക് നല്‍കിയതാണ് ഓസ്‌ട്രേലിയയിലെ സെഞ്ചുറി, ബാബര്‍ അസം പറയുന്നു. 

സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ശക്തമായ ബൗളിങ് ആക്രമണത്തെ അതിജീവിച്ച് റണ്‍സ് നേടുമ്പോള്‍ കളിക്കാരന് ആത്മവിശ്വാസം വരും. നേരത്തെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നു, എന്നാല്‍ അതിനൊപ്പം മാച്ച് വിന്നിങ് പ്രകടനങ്ങള്‍ വന്നില്ല. അവിടെ എന്റെ മികവ് മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. സമ്മര്‍ദത്തിനുള്ളില്‍ നിന്ന് എങ്ങനെ ജയം നേടാനാവും എന്ന് ഞാന്‍ പഠിച്ചു, അതായിരുന്നു നിര്‍ണായകമായ ഘടകമെന്നും ബാബര്‍ അസം പറയുന്നു.

2019ല്‍ ആറ് ടെസ്റ്റ് കളിച്ചതില്‍ 68.44 എന്ന ബാറ്റിങ് ശരാശരിയില്‍ 616 റണ്‍സാണ് ബാബര്‍ സ്‌കോര്‍ ചെയ്തത്. സ്‌ട്രൈക്ക് റേറ്റ് ആവട്ടെ 72.30. 2019ല്‍ കളിച്ച 20 ഏകദിനങ്ങളില്‍ നിന്ന് നേടിയതാവട്ടെ 1092 റണ്‍സും. ശരാശരി 60.66. സ്‌ട്രൈക്ക് റേറ്റ് 93.30. മൂന്ന് സെഞ്ചുറിയും ആറ് അര്‍ധശതകവും ഇതില്‍ ഉള്‍പ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com