ദാ പിന്നേം സിക്സോട് സിക്സ്; ഇത്തവണ ബാന്റൻ വക; തല്ല് വാങ്ങിയതോ ഒരു മലയാളി വംശജനും!

കഴിഞ്ഞ ദിവസമാണ് ബി​ഗ് ബാഷ് ടി20യിൽ ന്യൂസിലൻഡ് താരം ലിയോ കാർട്ടർ ഒരോവറിൽ ആറ് സിക്സറടിച്ച് ശ്രദ്ധേയനായത്. താരം ബാറ്റ് താഴെ വച്ചതേയുള്ളു. ദാ വന്നു അടുത്ത വെടിക്കെട്ട്
ദാ പിന്നേം സിക്സോട് സിക്സ്; ഇത്തവണ ബാന്റൻ വക; തല്ല് വാങ്ങിയതോ ഒരു മലയാളി വംശജനും!

ലണ്ടൻ: കഴിഞ്ഞ ദിവസമാണ് ബി​ഗ് ബാഷ് ടി20യിൽ ന്യൂസിലൻഡ് താരം ലിയോ കാർട്ടർ ഒരോവറിൽ ആറ് സിക്സറടിച്ച് ശ്രദ്ധേയനായത്. താരം ബാറ്റ് താഴെ വച്ചതേയുള്ളു. ദാ വന്നു അടുത്ത വെടിക്കെട്ട്. ഇത്തവണ ഒരോവറിൽ പിറന്നത് അഞ്ച് സിക്സുകൾ. ഇംഗ്ലണ്ട് താരം ടോം ബാന്റനാണ് ഇത്തവണ താരമായത്. അടി കൊണ്ട ബൗളർ ഒരു മലയാളി വംശജനാണ്. പേര് അർജുൻ നായർ.

മഴ മൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സ് ബാറ്റ്സ്മാനായ ബാന്റന്റെ മിന്നൽ പ്രകടനം സിഡ്‌നി തണ്ടേഴ്സിന് എതിരെയായിരുന്നു. 16 പന്തിൽ അർധ സെഞ്ച്വറി തികച്ച ബാന്റൻ ലീഗിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർധ ശതകമെന്ന നേട്ടവും സ്വന്തം പേരിലാക്കി.

കഴിഞ്ഞ മാസം ഐപിഎൽ താര ലേലത്തിൽ കൊൽക്കത്ത നൈറ്റ്റൈഡൈഴ്സ് ബാന്റനെ ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ കോളിൻ ബാന്റന്റെ മകനായ ടോം ഇംഗ്ലണ്ടിനു വേണ്ടി മൂന്ന് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ലോകമെങ്ങുമുള്ള ടി20 ലീഗുകളിലെ വിലപിടിച്ച താരമാണ്.

രണ്ട് ഓവർ മാത്രം പവർപ്ലേ ഉണ്ടായിരുന്ന മത്സരത്തിൽ ഹീറ്റ്സിനു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്ത ബാന്റനും ക്രിസ് ലിനും തുടക്കം തൊട്ടേ അടി തുടങ്ങി. ആദ്യ ഓവറിൽ ബാന്റന്റെ വക മൂന്നു ബൗണ്ടറി. രണ്ടാം ഓവറിൽ ലിൻ അടിച്ചെടുത്തത് 21 റൺസ്. രണ്ട് ഓവർ പൂർത്തിയായപ്പോഴേക്കും സ്കോർ ബോർഡിൽ 40 റൺസ്.

എന്നാൽ യഥാർഥ പൂരം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അർജുന്റെ നാലാം ഓവറിലെ അവസാന അഞ്ച് പന്തുകളും ബാന്റൻ തൂക്കി പുറത്തിട്ടു. രണ്ടാം സിക്സ് ബൗണ്ടറിക്കരികെ കൈയിലൊതുങ്ങിയെങ്കിലും ഫീൽഡർ അപ്പുറത്തേക്ക് മറിഞ്ഞു വീണ് സിക്സായതൊഴിച്ചാൽ ബാക്കിയെല്ലാം ക്ലീൻ ഹിറ്റ്.

19 പന്തിൽ 56 റൺസെടുത്ത ബാന്റന്റെയും 13 പന്തിൽ 31 റൺസ് അടിച്ച ലിനിന്റെയും മികവിൽ ഹീറ്റ്സ് എട്ടോവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 119 റൺസ്. തണ്ടേഴ്സ് അഞ്ച് ഓവറിൽ നാലിന് 60 എന്ന നിലയിൽ ബാറ്റു ചെയ്യവേ മഴയെത്തി. ഡക്ക്‌വർത്ത്- ലൂയിസ് നിയമപ്രകാരം ഹീറ്റ്സിന് 16 റൺസ് ജയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com