ഏഴ് വിക്കറ്റ് പിഴുത് സക്‌സേനയും; രഞ്ജിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം; പ്രതിരോധിച്ചത് 145 റണ്‍സ്‌

ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി തകര്‍ത്തത് നിഥീഷ് ആയിരുന്നെങ്കില്‍ രണ്ടാം ഇന്നിങ്‌സിലേക്ക് എത്തിയപ്പോള്‍ സക്‌സേന ആ ഉത്തരവാദിത്വം ഏറ്റെടുത്തു
ഏഴ് വിക്കറ്റ് പിഴുത് സക്‌സേനയും; രഞ്ജിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം; പ്രതിരോധിച്ചത് 145 റണ്‍സ്‌

തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണില്‍ ബൗളര്‍മാരുടെ മികവില്‍ കേരളത്തിന് ആദ്യ ജയം. ചെറിയ സ്‌കോറുകള്‍ പിറന്ന മത്സരത്തില്‍ 21 റണ്‍സിനാണ് കേരളം സീസണിലെ പ്രതീക്ഷ നിലനിര്‍ത്തി ജയം പിടിച്ചത്. പഞ്ചാബിനെതിരായ ജയത്തിലൂടെ കേരളം ആറ് പോയിന്റ് സ്വന്തമാക്കി. 

പഞ്ചാബിനെ ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി തകര്‍ത്തത് നിഥീഷ് ആയിരുന്നെങ്കില്‍ രണ്ടാം ഇന്നിങ്‌സിലേക്ക് എത്തിയപ്പോള്‍ സക്‌സേന ആ ഉത്തരവാദിത്വം ഏറ്റെടുത്തു. 145 റണ്‍സ് എന്ന വിജയ ലക്ഷ്യം മാത്രം മുന്‍പില്‍ വെച്ചിറങ്ങിയ പഞ്ചാബിന്റെ ഏഴ് വിക്കറ്റുകളാണ് സക്‌സേന പിഴുതത്. 

ഒന്നാം ഇന്നിങ്‌സില്‍ 9 റണ്‍സിന്റെ മാത്രം ലീഡാണ് കേരളത്തിന് നേടാനായത്. കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സ് ആവട്ടെ 136 റണ്‍സിന് അവസാനിച്ചു. എന്നാല്‍ പഞ്ചാബിനെ 124 റണ്‍സിന് അടിച്ചൊതുക്കി ബൗളര്‍മാര്‍ കേരളത്തെ നിര്‍ണായകമായ ജയത്തിലേക്ക് എത്തിച്ചു. 

ഒന്നാം ഇന്നിങ്‌സില്‍ വാലറ്റത്തെ കൂട്ടുപിടിച്ചുള്ള സല്‍മാന്‍ നിസാറിന്റെ പ്രകടനമാണ് കേരളത്തിന് കരുത്തായത്. 157 പന്ത് നേരിട്ട് 91 റണ്‍സ് എടുത്താണ് സല്‍മാന്‍ നിസാര്‍ മടങ്ങിയത്. പഞ്ചാബിനെ ഒന്നാം ഇന്നിങ്‌സില്‍ തുണച്ചത് നായകന്‍ മന്ദീപ് സിങ്ങിന്റെ ഇന്നിങ്‌സും. മന്ദീപ് 71 റണ്‍സ് നേടി പുറത്തായി. 

രഞ്ജി ട്രോഫിയിലെ തന്റെ ആദ്യ സീസണ്‍ തന്നെയാണ് നിഥീഷ് ഏഴ് വിക്കറ്റ് നേട്ടവുമായി ആഘോഷിച്ചത്. തിരുവനന്തപുരത്തെ തന്റെ പ്രിയപ്പെട്ട സെന്റ് സേവേഴ്യസ് ഗ്രൗണ്ടിലെ ആനുകൂല്യങ്ങള്‍ മുതലെടുത്ത് സക്‌സേനയും ഏഴ് വിക്കറ്റ് വീഴ്ത്തിയതോടെ കേരളം വിജയ വഴിയിലേക്ക് തിരികെ എത്തി. 

സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ബാറ്റ്‌സ്മാന്മാര്‍ മികവ് കാട്ടിയതൊഴിച്ചാല്‍ കേരളത്തിന്റെ മുന്‍ നിര താരങ്ങള്‍ പിന്നെ ഒരു കളിയിലും ഉത്തരവാദിത്വം ഏറ്റെടുത്ത് കളിച്ചിട്ടില്ല. ഡല്‍ഹിക്കെതിരെ കേരളം 500ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com