ധവാനും രോഹിത്തും രാഹുലും ഒരുമിച്ച് കളിക്കും; ബാറ്റിങ് പൊസിഷനില്‍ താഴേക്കിറങ്ങുമെന്ന് കോഹ് ലി; ജാദവിന് തിരിച്ചടിയാവും

ഒരു പ്രത്യേക പൊസിഷനില്‍ ബാറ്റ് ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയൊന്നും എനിക്കില്ല. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും എനിക്ക് ആശങ്കയില്ല
ധവാനും രോഹിത്തും രാഹുലും ഒരുമിച്ച് കളിക്കും; ബാറ്റിങ് പൊസിഷനില്‍ താഴേക്കിറങ്ങുമെന്ന് കോഹ് ലി; ജാദവിന് തിരിച്ചടിയാവും

മുംബൈ: പ്ലേയിങ് ഇലവനില്‍ ധവാനേയും രാഹുലിനേയും ഉള്‍പ്പെടുത്താനായി ബാറ്റിങ് പൊസിഷനില്‍ താഴേക്കിറങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി നായകന്‍ വിരാട് കോഹ് ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പായാണ് കോഹ് ലിയുടെ വാക്കുകള്‍. 

ഓപ്പണിങ് സ്ഥാനത്ത് രോഹിത്തിന്റേത് ചോദ്യം ചെയ്യപ്പെടാത്ത സ്ഥാനമാണ്. രാഹുല്‍ മികച്ച കളി പുറത്തെടുക്കുന്ന സമയവുമാണ് ഇത്. പരിക്കില്‍ നിന്നും തിരിച്ചു വന്ന ധവാന്‍ ഫോമിലേക്ക് എത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മൂന്ന് പേരേയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക എന്ന തലവേദനയാണ് ടീം മാനേജ്‌മെന്റിന് മുന്‍പിലെത്തുന്നത്. 

എന്നാല്‍ മൂന്ന് പേരേയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള കാരണങ്ങളൊന്നും താന്‍ കാണുന്നില്ലെന്നാണ് കോഹ് ലിയുടെ വാക്കുകള്‍. ഫോമിലുള്ള താരം എപ്പോഴും ടീമിന് മുതല്‍ക്കൂട്ടാണ്. കൈവശമുള്ള മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീം ബാലന്‍സ് കൊണ്ടുവരണമെന്നും കോഹ് ലി പറഞ്ഞു. 

ഒരു പ്രത്യേക പൊസിഷനില്‍ ബാറ്റ് ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയൊന്നും എനിക്കില്ല. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും എനിക്ക് ആശങ്കയില്ല. കോഹ് ലി വ്യക്തമാക്കി. എന്നാല്‍ രാഹുലും, രോഹിത്തും ധവാനും ടോപ് 3യില്‍ വരുമ്പോള്‍ കോഹ് ലി നാലാമതും ശ്രേയസ് അഞ്ചാമതും, പന്ത് ആറാമതുമാവും ഇറങ്ങുക. ഈ സമയം കേദാര്‍ ജാദവിനെ അഞ്ചാമത് ഇറക്കാനുള്ള സാധ്യതകള്‍ വിരളമാണ്. രാഹുലിനെ കൂടി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ജാദവിന് സ്ഥാനം നഷ്ടമായേക്കും. 

ലോകകപ്പിന് മുന്‍പ് ഇന്ത്യയില്‍ 2-3ന് ജയിച്ചു കയറിയതിനേക്കാള്‍ ശക്തമായ ഓസീസ് ടീമാണ് ഇപ്പോഴത്തേതെന്നും കോഹ് ലി ചൂണ്ടിക്കാട്ടി. നായകത്വത്തില്‍ നിന്ന് ഞാന്‍ മടങ്ങുമ്പോഴേക്കും അടുത്ത നായകനെ പ്രാപ്തമാക്കേണ്ടതും എന്റെ ഉത്തരവാദിത്വമാണ്, കോഹ് ലി പറഞ്ഞു. ഇപ്പോഴത്തെ ടീം എന്താണോ എന്നത് മാത്രമല്ല എന്നെ സംബന്ധിച്ച് വിഷയം. എങ്ങനെയുള്ള ടീമിനെ തയ്യാറാക്കിയാണ് ഞാന്‍ മറ്റൊരു നായകന്റെ കൈകളിലേക്ക് വിടുന്നത് എന്നതും പ്രധാനപ്പെട്ടതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com