ബാഴ്‌സലോണ ഇനി കളിക്കുക 'സെറ്റിയന്‍' തന്ത്രങ്ങളില്‍; വാല്‍വെര്‍ഡെ പുറത്ത്

സ്പാനിഷ് ചാമ്പ്യന്‍മാരായ ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റോ വാല്‍വര്‍ഡെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി
ബാഴ്‌സലോണ ഇനി കളിക്കുക 'സെറ്റിയന്‍' തന്ത്രങ്ങളില്‍; വാല്‍വെര്‍ഡെ പുറത്ത്

മാഡ്രിഡ്: ഒടുവില്‍ അത് സംഭവിച്ചു. സ്പാനിഷ് ചാമ്പ്യന്‍മാരായ ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റോ വാല്‍വര്‍ഡെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ കോച്ചിന്റെ സ്ഥാനം പരുങ്ങലിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

വെല്‍വെര്‍ഡെയുടെ പകരക്കാരനായി ഇതിഹാസ താരം ഷാവി ഹെര്‍ണാണ്ടസ് പരിശീലകനായി എത്തുമെന്നായിരുന്നു ആഭ്യൂഹങ്ങള്‍. ഹോളണ്ട് പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍, മുന്‍ താരം തിയറി ഹെന്റി, മുന്‍ ടോട്ടനം പരിശീലകന്‍ മൗറീസിയോ പൊചെറ്റിനോ തുടങ്ങിയവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ടായിരുന്നു.

എന്നാല്‍ പകരക്കാരനായി പരിശീലക സീറ്റിലേക്ക് അപ്രതീക്ഷിത വ്യക്തിയാണ് എത്തുന്നത്. മുന്‍ ബെറ്റിസ് പരിശീലകന്‍ ക്യുകെ സെറ്റിയെന്‍ ആയിരിക്കും ബാഴ്‌സയുടെ പുതിയ ഹെഡ്ഡ് കോച്ച്. 2022 വരെയുള്ള കരാറില്‍ സെറ്റിയന്‍ ഒപ്പുവെച്ചു. ചൊവ്വാഴ്ച സെറ്റിയനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് ബാഴ്‌സലോണ വ്യക്തമാക്കി. 

സ്പാനിഷ് ഫുട്‌ബോളിലെ ഏറ്റവും പരിചയ സമ്പന്നനായ പരിശീലകരില്‍ ഒരാളാണ് 61കാരനായ സെറ്റിയന്‍. ബാഴ്‌സലോണയുടെ ശൈലി തന്നെയാണ് സെറ്റിയെന്റെ പരിശീലന രീതി. ഇതാണ് ബാഴ്‌സ സെറ്റിയെനില്‍ എത്താന്‍ കാരണം. സ്‌പെയിന്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് സെറ്റിയെന്‍. കളിക്കുന്ന കാലത്ത് അത്‌ലറ്റ്‌ക്കോ മാഡ്രിഡിനായും സെറ്റിയന്‍ കളത്തിലിറങ്ങിയിട്ടുണ്ട്. 

55 വയസുകാരനായ വാല്‍വെര്‍ഡെ 2017 മെയ് മാസത്തിലാണ് ലൂയിസ് എന്റിക്വെയുടെ പകരക്കാരനായി നൗ കാമ്പിലെത്തുന്നത്. എത്തുന്നത്. നാല് വര്‍ഷം അത്‌ലറ്റിക്കോ ബില്‍ബാവോ പരിശീലകനായിരുന്നു വാല്‍വര്‍ഡെ. അവിടെ നിന്നാണ് അദ്ദേഹം ബാഴ്‌സയിലെത്തിയത്. 

ബാഴ്‌സലോണയ്‌ക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങളും, ഒരു കോപ്പ ഡെല്‍ റെയും, ഒരു സൂപ്പര്‍ കോപ്പ കിരീടവും നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. പക്ഷെ ചാമ്പ്യന്‍സ് ലീഗില്‍ ടീം നടത്തിയ മോശം പ്രകടനങ്ങള്‍ ആരാധകരെ അദ്ദേഹത്തില്‍ നിന്ന് തീര്‍ത്തും അകറ്റി. ഇതില്‍ തന്നെ രണ്ട് തവണ സെമി ഫൈനലില്‍ രണ്ടാം പാദത്തില്‍ നാണംകെട്ടാണ് ബാഴ്‌സ പുറത്തായത്. ഒരു തവണ റോമയും മറ്റൊരു തവണ ലിവര്‍പൂളും ആണ് അവരെ യൂറോപ്പിന് പുറത്തേക്ക് തള്ളിയിട്ടത്. 

ഇടവേളയ്ക്ക് ശേഷമാണ് ബാഴ്‌സലോണ ലാ ലിഗ സീസണ്‍ പാതി പിന്നിടുമ്പോള്‍ പരിശീലകനെ പുറത്താക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലൂയീസ് വാന്‍ ഗാലാണ് ഇത്തരത്തില്‍ പുറത്തായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com