അര്‍ഹിച്ച സെഞ്ചുറിക്ക് മുന്‍പില്‍ വീണ് ധവാന്‍, രാജ്‌കോട്ടില്‍ ഇന്ത്യ മികച്ച നിലയില്‍ 

ബൗണ്ടറിയിലൂടെ കൂട്ടുകെട്ട് 100 കടത്തിയതിന് പിന്നാലെ റിച്ചാര്‍ഡ്‌സന്റെ തൊട്ടടുത്ത ഡെലിവറിയില്‍ ധവാന് പിഴച്ചു
അര്‍ഹിച്ച സെഞ്ചുറിക്ക് മുന്‍പില്‍ വീണ് ധവാന്‍, രാജ്‌കോട്ടില്‍ ഇന്ത്യ മികച്ച നിലയില്‍ 

രാജ്‌കോട്ട്: പരിക്കില്‍ നിന്നുമുള്ള തിരിച്ചുവരവ് ആഘോഷമാക്കി രാജ്‌കോട്ടില്‍ ധവാന്‍. അര്‍ധശതകം വരെ മെല്ലെ കളിച്ച ധവാന്‍ 50 പിന്നിട്ടതിന് പിന്നാലെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. ഒടുവില്‍ ഫോം എങ്ങും പൊയ്‌പ്പോയിട്ടില്ലെന്ന് ക്രിക്കറ്റ് ലോകത്തോട് വിളിച്ചു പറഞ്ഞ് സെഞ്ചുറിയിലേക്ക് കുതിക്കവെ വീണു.90 പന്തില്‍ നിന്ന് 96 റണ്‍സ് എടുത്ത് ധവാന്‍ മടങ്ങി. 

രോഹിത് ശര്‍മയുടെ വിക്കറ്റ് 13ാം ഓവറില്‍ നഷ്ടമായെങ്കിലും വലിയ ആഘാതങ്ങളില്ലാതെ ഇന്ത്യന്‍ ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോയിരുന്നു ശിഖര്‍ ധവാനും കോഹ് ലിയും. കോഹ് ലി-ധവാന്‍ കൂട്ടുകെട്ടും 100 റണ്‍സ് കടന്നു. എന്നാല്‍ ബൗണ്ടറിയിലൂടെ കൂട്ടുകെട്ട് 100 കടത്തിയതിന് പിന്നാലെ റിച്ചാര്‍ഡ്‌സന്റെ തൊട്ടടുത്ത ഡെലിവറിയില്‍ ധവാന് പിഴച്ചു. 

29ാം ഓവറിലേക്ക് കളി എത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 60 പന്തില്‍ നിന്നാണ് ധവന്‍ രാജ്‌കോട്ടില്‍ അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ഏകദിനത്തിലെ ധവാന്റെ 29ാം അര്‍ധശതകമാണിത്. ധവാന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധശതകമാണ് ഇത്. ആദ്യ ഏകദിനത്തില്‍ 74 റണ്‍സും. ശ്രീലങ്കയ്‌ക്കെതിരെ ധവാന്‍ 52 റണ്‍സും കണ്ടെത്തിയിരുന്നു. 

അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കാതെയായിരുന്നു ഇന്ത്യയുടെ തുടക്കം. പക്ഷേ 5ല്‍ താഴെ റണ്‍റേറ്റ് പോവാതെ നോക്കി...അര്‍ധശതകം പിന്നിട്ടതിന് പിന്നാലെ ധവാന്‍ റണ്‍റേറ്റ് ആറിന് മുകളിലേക്ക് ഉയര്‍ത്തി. 27ാം ഓവറില്‍ മൂന്നാമത്തെ ഡെലിവറി സിക്‌സും നാലാമത്തേത് ഫോറും പറത്തി ധവാന്‍ ആഷ്ടന്‍ അഗറിനെ പറത്തി. 

ഓസീസ് പേസര്‍ പാറ്റ് കമിന്‍സിന് മുന്‍പില്‍ മാത്രമാണ് റണ്‍സ് എടുക്കുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മടി കാണിച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സ് 21ല്‍ എത്തിയപ്പോഴേക്കും കമിന്‍സ് ഏഴ് ഓവര്‍ എറിഞ്ഞു കഴിഞ്ഞു. ഒരു മെയ്ഡനോടെ ഇതില്‍ നിന്ന് വഴങ്ങിയത് 27  റണ്‍സ് മാത്രമാണ്. 

ഏകദിനത്തിലെ റണ്‍വേട്ട അതിവേഗത്തില്‍ 9000ലേക്ക് എത്തിക്കുന്ന മൂന്നാമത്തെ താരം എന്ന നേട്ടത്തിന് തൊട്ടുമുന്‍പില്‍ നിന്നാണ് രാജ്‌കോട്ടില്‍ രോഹിത് വീണത്. ആ നേട്ടത്തിലേക്ക് എത്താന്‍ 4 റണ്‍സ് കൂടിയേ രോഹിത്തിന് വേണ്ടിയിരുന്നുള്ളു. സാംപയുടെ ഡെലിവറിയില്‍ സ്വീപ്പ് ഷോട്ടിനുള്ള രോഹിത്തിന്റെ ശ്രമം പാളുകളും വിക്കറ്റിന് മുന്‍പില്‍ കുടുങ്ങുകയും ചെയ്തു. ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനത്തിനെതിരെ രോഹിത് റിവ്യുവിന് പോയിട്ടും ഫലമുണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com