കോഹ് ലിയെ വിടാതെ പിടികൂടി സാംപ; വീണ്ടും വീഴ്ത്തി നേട്ടത്തിലേക്ക്

എന്നാല്‍ ഓസീസ് ലെഗ് സ്പിന്നറിനെതിരെ 100 ആണ് കോഹ് ലിയുടെ സ്‌ട്രൈക്ക് റേറ്റ്
കോഹ് ലിയെ വിടാതെ പിടികൂടി സാംപ; വീണ്ടും വീഴ്ത്തി നേട്ടത്തിലേക്ക്

രാജ്‌കോട്ട്: റെക്കോര്‍ഡുകള്‍ പലതും മറികടന്ന് റണ്‍വേട്ട തുടരുകയാണ് ഇന്ത്യന്‍ നായകന്‍. ആ കുതിപ്പിന് ഇടയില്‍ കോഹ് ലിയെ കുഴയ്ക്കാന്‍ സാധിച്ച ബൗളറാണ് ആദം സാംപ. രാജ്‌കോട്ടിലും ആ പതിവ് ആവര്‍ത്തിച്ചതോടെ കോഹ് ലിയെ ഏറ്റവും കൂടുതല്‍ വട്ടം ഏകദിനത്തില്‍ വീഴ്ത്തുന്ന രണ്ടാമത്തെ താരമായി സാംപ.

ഏകദിനത്തില്‍ അഞ്ച് വട്ടമാണ് കോഹ് ലി ആദം സാംപയ്ക്ക് മുന്‍പില്‍ വീണത്. വിന്‍ഡിസിന്റെ രവി രാംപോളാണ് കോഹ് ലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയത്, ആറ് വട്ടം. സാംപയ്‌ക്കൊപ്പം, ലങ്കയുടെ തിസേര പെരേരയും, കീവീസിന്റെ ടിം സൗത്തിയും കോഹ് ലിയെ അഞ്ച് വട്ടം വീതം വീഴ്ത്തിയിട്ടുണ്ട്.

ട്വന്റി20യില്‍ രണ്ട് വട്ടവും സാംപയ്ക്ക് മുന്‍പില്‍ കോഹ് ലി വീണിട്ടുണ്ട്. എന്നാല്‍ ഓസീസ് ലെഗ് സ്പിന്നറിനെതിരെ 100 ആണ് കോഹ് ലിയുടെ സ്‌ട്രൈക്ക് റേറ്റ്. സാംപയ്ക്ക് മുകളില്‍ ആധിപത്യം ഉറപ്പിച്ച് കളിക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കോഹ് ലിക്ക് കാലിടറുന്നതെന്ന് വ്യക്തം.

മുംബൈ ഏകദിനത്തിലും കോഹ് ലിയെ വീഴ്ത്തിയത് സാംപയായിരുന്നു. വാങ്കഡെയില്‍ ഓസീസിന് അനുകൂലമായി കളി തിരഞ്ഞത് കോഹ് ലിയുടെ വിക്കറ്റ് വീണതോടെയാണ്. രാജ്‌കോട്ടില്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനുള്ള ശ്രമത്തിന് ഇടയിലാണ് കോഹ് ലിയുടെ വിക്കറ്റ് സാംപ വീഴ്ത്തിയത്. പിന്നാലെ എത്തിയ മനേഷ് പാണ്ഡേയ്ക്കും രവീന്ദ്ര ജഡേജയ്ക്കും മികച്ച രീതിയില്‍ സ്‌ട്രൈക്ക് ചെയ്യാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com