കീവീസ് ബൗളിങ്ങിന്റെ മുനയൊടിച്ച് ശ്രേയസും രാഹുലും; ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം; പരമ്പരയില്‍ ആധിപത്യം

ഇന്ത്യന്‍ ബൗളര്‍മാരുടെ ചൂടറിഞ്ഞ് ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് എന്ന വിജയ ലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു
കീവീസ് ബൗളിങ്ങിന്റെ മുനയൊടിച്ച് ശ്രേയസും രാഹുലും; ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം; പരമ്പരയില്‍ ആധിപത്യം

ണ്ടാം ട്വന്റി20യിലും ഇന്ത്യ. ഒക് ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ രണ്ടാം ട്വന്റി20യിലും ആതിഥേയര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും ന്യൂസിലാന്‍ഡ് വിചാരിച്ച വഴിയില്‍ കാര്യങ്ങള്‍ നീങ്ങിയില്ല. ഇന്ത്യന്‍ ബൗളര്‍മാരുടെ ചൂടറിഞ്ഞ് ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് എന്ന വിജയ ലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 
മറികടന്നു. അഞ്ച് ട്വന്റി20യുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്‍പില്‍. 

133 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തിനെ തുടക്കത്തിലെ നഷ്ടമായിരുന്നു. ന്യൂസിലാന്‍ഡിന് മുന്‍പില്‍ രണ്ടക്കം കടക്കാതെ ഒരിക്കല്‍ കൂടി രോഹിത് മടങ്ങി. ഇന്ത്യന്‍ സ്‌കോര്‍ 32ല്‍ നില്‍ക്കെ 11 റണ്‍സ് എടുത്ത കോഹ് ലിയേയും  സൗത്തി മടക്കി. 

രോഹിത്തും കോഹ് ലിയും മടങ്ങിയതിന് പിന്നാലെ ഇന്ത്യ പരുങ്ങുന്നു എന്ന് തോന്നിച്ചെങ്കിലും രാഹുലും, ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയുടെ ജയം ഉറപ്പിച്ചു. 16ാം ഓവറിലെ മൂന്നാമത്തെ ഡെലിവറി തിക്‌നറിനെ ലോങ് ഓഫിന് മുകളിലൂടെ സിക്‌സിന് പറത്തിയ ശ്രേയസ് തൊട്ടടുത്ത ഡെലിവറി ഇന്നോവേറ്റീവ് ഷോട്ട് കളിച്ച് തേര്‍ഡ് മാനിലേക്ക് പായിച്ച് ന്യൂസിലാന്‍ഡിന് കളിയില്‍ ഒരു സാധ്യതയുമില്ലാതെയാക്കി.

33 പന്തില്‍ നിന്ന് 1 ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ശ്രേയസ് മടങ്ങിയത്. ലോങ് ഓഫീസിലേക്ക് ഇഷ് സോധിയെ സിക്‌സ് പറത്താനുള്ള അയ്യരുടെ ശ്രമം പിഴക്കുകയായിരുന്നു. ശ്രേയസിനൊപ്പം നിന്ന് കരുതലോടെ കളിച്ച രാഹുല്‍ തുടര്‍ച്ചയായ രണ്ടാം ട്വന്റി20യിലും അര്‍ധശതകം പിന്നിട്ടു. 50 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി 57 റണ്‍സ് എടുത്ത് രാഹുല്‍ പുറത്താവാതെ നിന്നു. 

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് റണ്‍സ് വിട്ടുകൊടുക്കാന്‍ വിസമതിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റും വീഴ്ത്തി. ആറില്‍ താഴെയാണ് മൂന്ന് ഇന്ത്യന്‍ ബൗളര്‍മാരുടെ ഇക്കണോമി റേറ്റ്. ഇതില്‍ കൂടുതല്‍ മികവ് കാട്ടിയത് ജഡേജയാണ്. 4 ഓവറില്‍ ജഡേജ വഴങ്ങിയത് 18 റണ്‍സ് മാത്രം. രണ്ട് വിക്കറ്റും വീഴ്ത്തി.

ബൂമ്ര വഴങ്ങിയത് 21 റണ്‍സ് മാത്രം. ശിവം ദുബെ 2 ഓവറില്‍ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി 4 ഓവറില്‍ വഴങ്ങിയത് 22 റണ്‍സ് മാത്രം. 33 റണ്‍സ് വീതമെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലും, സീഫേര്‍ട്ടുമാണ് കീവീസിന്റെ ടോപ് സ്‌കോറര്‍മാര്‍. മണ്‍റോ 26 റണ്‍സും, വില്യംസണ്‍ 14 റണ്‍സും, ഗ്രാന്‍ഡ്‌ഹോം 3 റണ്‍സും, ടെയ്‌ലര്‍ 18 റണ്‍സുമെടുത്ത് പുറത്തായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com