സംഗക്കാരയെ ചോദ്യം ചെയ്തത് 10 മണിക്കൂറോളം, ഉപദ്രവിക്കുന്നതായി ആരോപിച്ച് പ്രതിഷേധം

അടുത്ത ആഴ്ച സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഹാജരാവാന്‍ സംഗക്കാരയോട് അന്വേഷണ സംഘം നിര്‍ദേശിക്കുകയായിരുന്നു
സംഗക്കാരയെ ചോദ്യം ചെയ്തത് 10 മണിക്കൂറോളം, ഉപദ്രവിക്കുന്നതായി ആരോപിച്ച് പ്രതിഷേധം

കൊളംബോ:  2011 ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയെ അന്വേഷണ സംഘം ചോദ്യം ചെയ്തത് 10 മണിക്കൂറോളം. സംഗക്കാരയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് കാണിച്ച് ഈ സമയം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓഫീസിന് മുന്‍പില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 

ശ്രീലങ്കയിലെ യുവജന സംഘടനയായ സമഗി തരുണ ബലവേഗയാണ് സംഗക്കാരയെ ഉപദ്രവിക്കുകയാണെന്ന് കാണിച്ച് പോസ്റ്ററുകള്‍ പതിച്ചത്. അടുത്ത ആഴ്ച സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഹാജരാവാന്‍ സംഗക്കാരയോട് അന്വേഷണ സംഘം നിര്‍ദേശിക്കുകയായിരുന്നു. ജയവര്‍ധനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 

കഴിഞ്ഞ ദിവസം നാഷണല്‍ സെലക്ഷന്‍ കമ്മിറ്റി തലവനായിരുന്ന അരവിന്ദ ഡി സില്‍വയേയും, ലോകകപ്പ് ഫൈനലില്‍ ഓപ്പണറായിരുന്ന ഉപുല്‍ തരംഗയേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂറോളമാണ് ഡിസില്‍വയെ ചോദ്യം ചെയ്തത്. മൊഴി നല്‍കിയ മൂന്ന് പേരും അന്വേഷണ സംഘത്തോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 

2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. ലങ്കന്‍ മുന്‍ കായിക മന്ത്രിയായിരുന്ന മഹിന്ദാനന്ദയുടെ ആരോപണത്തോടെയാണ് വിഷയം വീണ്ടും ഉയര്‍ന്നു വന്നത്. കളിക്കാര്‍ക്ക് ഒത്തുകളിയില്‍ പങ്കില്ലെന്നും, എന്നാല്‍ ഒരു വിഭാഗം ഒത്തുകളിച്ചെന്നുമാണ് മഹിന്ദാനന്ദയുടെ ആരോപണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com