ഗ്രെഗ് ചാപ്പല്‍ മാത്രമല്ല, നായക സ്ഥാനം തെറിപ്പിച്ചതില്‍ കൈകള്‍ വേറെയുമുണ്ട്; തുറന്നടിച്ച് ഗാംഗുലി 

'എല്ലായ്‌പ്പോഴും നമുക്ക് നീതി ലഭിക്കണം എന്നില്ല. എന്നാല്‍ അന്ന് അങ്ങനെയൊരു രീതില്‍ എന്നോട് പെരുമാറാന്‍ പാടില്ലായിരുന്നു'
ഗ്രെഗ് ചാപ്പല്‍ മാത്രമല്ല, നായക സ്ഥാനം തെറിപ്പിച്ചതില്‍ കൈകള്‍ വേറെയുമുണ്ട്; തുറന്നടിച്ച് ഗാംഗുലി 

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടതാണ് കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. എല്ലാ അര്‍ഥത്തിലും അനീതി ആയിരുന്നു അത്. എല്ലായ്‌പ്പോഴും നമുക്ക് നീതി ലഭിക്കണം എന്നില്ല. എന്നാല്‍ അന്ന് അങ്ങനെയൊരു രീതില്‍ എന്നോട് പെരുമാറാന്‍ പാടില്ലായിരുന്നു എന്ന് ഗാംഗുലി പറഞ്ഞു. 

സിംബാബ്വെയില്‍ ഞാന്‍ നായകനായ ടീമാണ് ജയിച്ചത്. എന്നിട്ട് സ്വന്തം മണ്ണിലേക്ക് തിരികെ എത്തിയപ്പോഴേക്കും എന്നെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കുന്നു. 2007 ലോകകപ്പ് ഇന്ത്യക്ക് വേണ്ടി ജയിക്കുന്നത് എന്റെ സ്വപ്‌നമായിരുന്നു. അതിന് മുന്‍പ് ഫൈനലില്‍ നമ്മള്‍ തോറ്റു. സ്വപ്‌നം കാണാന്‍ എനിക്ക് കാരണങ്ങളുണ്ട്. എനിക്ക് കീഴില്‍ സ്വന്തം മണ്ണിലും വിദേശത്തും അഞ്ച് വര്‍ഷമായി ടീം മികവ് കാണിക്കുകയാണ്...എന്നിട്ടും പൊടുന്നനെ നിങ്ങള്‍ എന്നെ താഴെ ഇറക്കി...

ആദ്യം നിങ്ങള്‍ പറഞ്ഞു ഞാന്‍ ഏകദിന ടീമില്‍ ഇല്ലെന്ന്...പിന്നെ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കി. ഗ്രെഗ് ചാപ്പലിനെ മാത്രമല്ല ഞാന്‍ ഇവിടെ കുറ്റപ്പെടുത്തുക. ചാപ്പലാണ് എല്ലാം തുടങ്ങി വെച്ചത് എന്നതില്‍ ഒരു സംശയവും ഇല്ല. പെട്ടെന്നാണ് എനിക്ക് എതിരെ ചാപ്പല്‍ ബോര്‍ഡിന് മെയില്‍ അയക്കുന്നതും, അത് ചോരുന്നതും. അങ്ങനെ എന്തെങ്കിലും സംഭവിക്കുമോ? 

കുടുംബം പോലെയാണ് ക്രിക്കറ്റ് ടീം. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. തെറ്റിദ്ധാരണകളുണ്ടാവും. എന്നാല്‍ കുടുംബത്തില്‍ അതെല്ലാം പരസ്പരസം സംസാരിച്ച് അത് പരിഹരിക്കണം. നിങ്ങളാണ് പരിശീലകന്‍. മറ്റേതെങ്കിലും വിധത്തിലാണ് ഞാന്‍ സംസാരിക്കേണ്ടത് എങ്കില്‍ നിങ്ങളത് എന്നോട് വന്ന് പറയണം. കളിക്കാരനായി തിരിച്ചെത്തിയപ്പോള്‍ ആ കാര്യങ്ങള്‍ ചാപ്പല്‍ എന്നോട് പറഞ്ഞു. എന്നാല്‍ ആദ്യമേ എന്തുകൊണ്ട് അതുണ്ടായില്ല? 

ഇതില്‍ ഗ്രെഗ് ചാപ്പലിന്റെ കൈകള്‍ മാത്രമല്ല ഉള്ളതെന്നും ഗാംഗുലി പറഞ്ഞു. മറ്റുള്ളവരും നിഷ്‌കളങ്കരല്ല. സെലക്ഷനില്‍ ഒരു അഭിപ്രായവും പറയാനാവാത്ത വിദേശ കോച്ചിന് ക്യാപ്റ്റനെ പുറത്താക്കാനാവില്ല. മുഴുവന്‍ സിസ്റ്റത്തിന്റേയും പിന്തുണ ഇല്ലാതെ അതിനാവുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നെ പുറത്താക്കാന്‍ എല്ലാവരും ഒന്നിച്ച് നിന്നു. എന്നാല്‍ ഞാന്‍ സമ്മര്‍ദത്തില്‍ ഞാന്‍ തകര്‍ന്നില്ല. എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുമില്ല, ഗാംഗുലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com