ആര്‍ച്ചര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയില്‍; ടീം മാനേജ്‌മെന്റില്‍ നിന്ന് മറച്ചുവെച്ചു

രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഇംഗ്ലണ്ടിനേറ്റ വലിയ തിരിച്ചടിയാണ് ജോഫ്ര ആര്‍ച്ചറിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വന്നത്
ആര്‍ച്ചര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയില്‍; ടീം മാനേജ്‌മെന്റില്‍ നിന്ന് മറച്ചുവെച്ചു

മാഞ്ചസ്റ്റര്‍: വിന്‍ഡിസിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഇംഗ്ലണ്ടിനേറ്റ വലിയ തിരിച്ചടിയാണ് ജോഫ്ര ആര്‍ച്ചറിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ആര്‍ച്ചറിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. 

എന്നാല്‍ ആര്‍ച്ചറെ മാറ്റി നിര്‍ത്തിയത് സംബന്ധിച്ച വിശദീകരണത്തില്‍ എന്ത് പ്രോട്ടോക്കോള്‍ ആണ് ഇംഗ്ലണ്ട് പേസര്‍ ലംഘിച്ചത് എന്ന് വ്യക്തമാക്കിയിരുന്നില്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തന്റെ വീട്ടിലേക്ക് പോയതാണ് ആര്‍ച്ചറിന് വിനയായത്. 

സതാംപ്ടണില്‍ നിന്ന് രണ്ടാമത്തെ ടെസ്റ്റിന്റെ വേദിയായ മാഞ്ചസ്റ്ററിലേക്ക് പോവുമ്പോള്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പല കാറുകളിലായാണ് ഇംഗ്ലണ്ട് ടീം മാഞ്ചസ്റ്ററിലേക്ക് എത്തിയത്. 230 മൈല്‍ നീണ്ട യാത്രയില്‍ കാര്‍ എവിടേയും നിര്‍ത്തരുത് എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. 

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്ന പെട്രോള്‍ പമ്പുകളില്‍ നിന്ന് മാത്രമേ ഇന്ധനം നിറക്കാന്‍ പാടുള്ളു എന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാഞ്ചസ്റ്ററിലേക്കുള്ള യാത്രക്കിടയില്‍ ബ്രൈറ്റണിലെ തന്റെ വസതിയിലേക്ക് ആര്‍ച്ചര്‍ എത്തി.

ആര്‍ച്ചറിന്റേത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത് എങ്കിലും ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് ഇത് അറിയുന്നത് ബുധനാഴ്ച മാത്രമാണ്. അപ്പോഴേക്കും രണ്ടാം ടെസ്റ്റിനായുള്ള 13 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരുന്നു, ആര്‍ച്ചര്‍ അതില്‍ ഇടംപിടിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com