റെക്കോര്‍ഡുകള്‍, പിചിചി ട്രോഫി; ഗോളടിച്ചും ഗോളടിപ്പിച്ചും ഇത്തവണയും മെസി തന്നെ

റെക്കോര്‍ഡുകള്‍, പിചിചി ട്രോഫി; ഗോളടിച്ചും ഗോളടിപ്പിച്ചും ഇത്തവണയും മെസി തന്നെ
റെക്കോര്‍ഡുകള്‍, പിചിചി ട്രോഫി; ഗോളടിച്ചും ഗോളടിപ്പിച്ചും ഇത്തവണയും മെസി തന്നെ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ 2019-20 സീസണിന് തിരശ്ശീല വീണപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള പിചിചി ട്രോഫി ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. കഴിഞ്ഞ ദിവസം നടന്ന അലാവസിനെതിരായ പോരാട്ടത്തില്‍ രണ്ട് തവണ വല ചലിപ്പിച്ച് മെസി സീസണിലെ ഗോള്‍ നേട്ടം 25ല്‍ എത്തിച്ചിരുന്നു. റയല്‍ മാഡ്രിഡ് താരം കരിം ബെന്‍സമയെ പിന്തള്ളിയാണ് മെസി സുവര്‍ണ പാദുകത്തിന് അര്‍ഹനായത്.

അവസാന മത്സരത്തിനിറങ്ങുമ്പോള്‍ മെസിക്ക് 23 ഗോളുകളും ബെന്‍സമയ്ക്ക് 21 ഗോളുകളുമായിരുന്നു. അലാവസിനോട് മെസി ഇരട്ട ഗോള്‍ നേടിയാണ് 25ല്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് അവസാന പോരാട്ടത്തില്‍ ലെഗാനസുമായി സമനിലയില്‍ പിരിഞ്ഞു. മെസിക്ക് വെല്ലുവിളിയുമായി നിന്ന ബെന്‍സമ ഈ മത്സരത്തില്‍ ഒരു ഗോള്‍ പോലും നേടിയില്ല. ഇതോടെയാണ് പുരസ്‌കാരം മെസി ഉറപ്പിച്ചത്.

തുടര്‍ച്ചയായി ഇത് നാലാം തവണയാണ് മെസി കൂടുതല്‍ ഗോള്‍ നേടിയ താരത്തിന് സമ്മാനിക്കുന്ന പിചിചി പുരസ്‌കാരം സ്വന്തമാക്കുന്നത്. കരിയറിലെ ഏഴാം പിചിചി പുരസ്‌കാരമെന്ന റെക്കോര്‍ഡും ഇതോടെ മെസിക്ക് സ്വന്തമാകും.

കിരീടമില്ലാത്തതിന്റെ നിരാശയില്‍ നില്‍ക്കുന്ന ബാഴ്‌സലോണയ്ക്ക് മെസിയുടെ നേട്ടങ്ങള്‍ അല്‍പ്പം ആശ്വാസം നല്‍കും. മെസി ഫോമില്‍ നില്‍ക്കുന്നത് അടുത്ത് നടക്കാനിരിക്കുന്ന നാപോളിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് ആത്മവിശ്വാസം നല്‍കുന്ന ഘടകം കൂടിയാണ്.

ഗോള്‍ നേട്ടത്തിനൊപ്പം തന്നെ മറ്റൊരു റെക്കോര്‍ഡും മെസി ഇത്തവണ സ്വന്തമാക്കി. സ്പാനിഷ് ലാ ലിഗയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളെന്ന റെക്കോര്‍ഡാണ് മെസി സ്വന്തം പേരിലേക്ക് മാറ്റിയത്. 2008-09 സീസണില്‍ ബാഴ്‌സയിലെ സഹ താരം തന്നെയായിരുന്ന ഷാവി സ്ഥാപിച്ച 20 അസിസ്റ്റുകളുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com