ക്രിക്കറ്റ് ലോകത്തിന് സന്തോഷ വാര്‍ത്ത, വെസ്റ്റ് ഇന്‍ഡീസ് ടീം ഇംഗ്ലണ്ട് മണ്ണില്‍ 

ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്‍പ് കളിക്കാര്‍ക്ക് ആര്‍ക്കും കോവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തി
ക്രിക്കറ്റ് ലോകത്തിന് സന്തോഷ വാര്‍ത്ത, വെസ്റ്റ് ഇന്‍ഡീസ് ടീം ഇംഗ്ലണ്ട് മണ്ണില്‍ 

ലണ്ടന്‍: ടിവിയില്‍ പഴയ മത്സരങ്ങളുടെ റിപ്പീറ്റ് കണ്ട് സംതൃപ്തിയടഞ്ഞവര്‍ക്ക് ശ്വാസം വിടാം. കോവിഡ് കാലത്ത് ക്രിക്കറ്റ് ലോകത്തിന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് എത്തുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനായി വെസ്റ്റ് ഇന്‍ഡീസ് ടീം പറന്നു, ചൊവ്വാഴ്ച ഇംഗ്ലണ്ട് മണ്ണിലിറങ്ങി. 

ജൂണിലായിരുന്നു ഇംഗ്ലണ്ടിന്റെ സമ്മര്‍ ഹോം സീസണിന്റെ ഭാഗമായി വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പര നിശ്ചയിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് ഇത് ഉപേക്ഷിക്കേണ്ടി വരുമെന്ന് തോന്നിച്ചെങ്കിലും ഇംഗ്ലണ്ട്, വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡുകളും കളിക്കാരും ധൈര്യം കാണിച്ച് മുന്‍പോട്ട് വന്നു. 

ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്‍പ് കളിക്കാര്‍ക്ക് ആര്‍ക്കും കോവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തി. മാഞ്ചസ്റ്ററില്‍ എത്തിയതിന് ശേഷം വിന്‍ഡിസ് ടീം വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയമാവും. 25 അംഗ വിന്‍ഡിസ് ടീമാണ് ഇംഗ്ലണ്ടിലേക്ക് എത്തിയത്. 14 ഫസ്റ്റ് ചോയിസ് കളിക്കാരും, 11 ട്രാവലിങ് റിസര്‍വ് താരങ്ങളും. 

ഡാരന്‍ ബ്രാവോ, ഹെറ്റ്മയര്‍ കീമോ പൗള്‍ എന്നീ താരങ്ങള്‍ വിന്‍ഡിസ് സംഘത്തിനൊപ്പമില്ല. ഇംഗ്ലണ്ടിലേക്ക് വരാന്‍ താത്പര്യമില്ലെന്ന നിലപാട് ഇവരെടുക്കുകയായിരുന്നു. എന്നാല്‍ ഭാവിയിലെ ടീം സെലക്ഷനില്‍ ഇവരിപ്പോള്‍ സ്വീകരിച്ച നിലപാട് ഒരു തരത്തിലും ചര്‍ച്ചയാവില്ലെന്ന് വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

ജൂലൈ എട്ടിന് എജസ് ബൗളിലാണ് ആദ്യ ടെസ്റ്റ്. രണ്ടാമത്തേയും മൂന്നാമത്തേയും ടെസ്റ്റ് ഓള്‍ഡ് ട്രഫോര്‍ഡിലും. പന്തില്‍ ഉമിനീര് പുരട്ടുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്നതും, കോവിഡ് സബ്‌സ്റ്റിറ്റിയൂട്ടിനെ അനുവദിക്കുക എന്നതിലെല്ലാമുള്ള ഐസിസിയുടെ തീരുമാനം ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ഉണ്ടാവുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com