ഞങ്ങള്‍ക്ക് പിഴച്ചു, തിടുക്കം കൂടി പോയി; കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ജോക്കോവിച്ച്

ഇത്രയും വലിയ ദുരന്തത്തില്‍ സഹായഹസ്തം നീട്ടുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഞങ്ങള്‍ക്ക് പിഴച്ചു
ഞങ്ങള്‍ക്ക് പിഴച്ചു, തിടുക്കം കൂടി പോയി; കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ജോക്കോവിച്ച്

കോവിഡ് ഭീഷണി വിട്ടൊഴിയും മുന്‍പ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് ജോക്കോവിച്ച്.  തങ്ങള്‍ കാരണം പ്രയാസം നേരിട്ടതില്‍ അതിയായ ദുഃഖമുണ്ടെന്ന് ലോക ഒന്നാം നമ്പര്‍ താരം പറഞ്ഞു. 

ആത്മാര്‍ഥതയോടേയും നല്ല ഉദ്ദേശത്തോടെയുമാണ് ഞങ്ങള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും പാലിച്ചിരുന്നു. ഇത്രയും വലിയ ദുരന്തത്തില്‍ സഹായഹസ്തം നീട്ടുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഞങ്ങള്‍ക്ക് പിഴച്ചു. ഞങ്ങള്‍ ഇറങ്ങിയത് വളരെ നേരത്തേയായി പോയി. അതില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സങ്കടമുണ്ട് എനിക്ക്, സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു. 

അഡ്രിയ ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയോ, ആ പരിസരത്ത് ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പരിശോധനക്ക് വിധേയമാവണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയാണ്. കോവിഡ് ബാധിതരായ കളിക്കാരിലേക്കാണ് ഇനി എല്ലാ ശ്രദ്ധയും തങ്ങള്‍ നല്‍കുക. എല്ലാവരും പെട്ടെന്ന് സുഖം നേടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, ജോക്കോവിച്ചിന്റെ പ്രസ്താവനയില്‍ പറയുന്നു. 

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാനാണ് ആഡ്രിയ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ജോക്കോവിച്ച് ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത നാല് കളിക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ക്രൊയേഷ്യയുടെ ബോര്‍ന, വിക്ടര്‍ ട്രോയിസ്‌കി എന്നിവര്‍ക്കാണ് ജോക്കോവിച്ചിനെ കൂടാതെ കോവിഡ് സ്ഥിരീകരിച്ചത്. 

സാമൂഹിക അകലം ഉറപ്പ് വരുത്താതെ നടത്തിയ ടൂര്‍ണമെന്റിന്റെ പേരില്‍ ജോക്കോവിച്ചിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഇത്രയും കളിക്കാര്‍ക്ക് കോവിഡ് ബാധിച്ചതിന്റെ ഉത്തരവാദിത്വം ജോക്കോവിച്ച് ഏറ്റെടുക്കണം എന്ന് ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സ് പറഞ്ഞു. നാല് പാദങ്ങളായാണ് ടൂര്‍ണമെന്റ് നടത്തിയത്. രണ്ടാം പാദത്തിനിടയിലാണ് ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com