മിശിഹായ്ക്ക് ജന്മദിനം; പന്തുമായി നൃത്തം വെച്ച് വാരിക്കൂട്ടിയ കൂറ്റന്‍ റെക്കോര്‍ഡുകള്‍

ലോക ഫുട്‌ബോളിനെ ഭരിക്കാന്‍ അര്‍ജന്റീനിയയിലെ റൊസാരിയോയില്‍ ലയണല്‍ ആന്ദ്രേസ് മെസി പിറന്ന ദിനം, 1987 ജൂണ്‍ 24
മിശിഹായ്ക്ക് ജന്മദിനം; പന്തുമായി നൃത്തം വെച്ച് വാരിക്കൂട്ടിയ കൂറ്റന്‍ റെക്കോര്‍ഡുകള്‍

ലോക ഫുട്‌ബോളിനെ ഭരിക്കാന്‍ അര്‍ജന്റീനിയയിലെ റൊസാരിയോയില്‍ ലയണല്‍ ആന്ദ്രേസ് മെസി പിറന്ന ദിനം, 1987 ജൂണ്‍ 24. കുരുന്നു കാലിലെ മാന്ത്രികത തിരിച്ചറിഞ്ഞ് ലോക ഫുട്‌ബോളിന് വേണ്ടി മെസിയെ വളര്‍ത്തി ബാഴ്‌സ ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ചൊരു താരത്തെ സൃഷ്ടിച്ചു. 1994ല്‍ ന്യൂവെല്‍സ് ഓള്‍ഡ് ബോയിസിന് വേണ്ടി കളിച്ച് തുടങ്ങി ഇന്ന് അത്‌ലറ്റിക് ക്ലബിനെതിരെ വരെ ഇറങ്ങി ഫുട്‌ബോള്‍ ലോകത്തെ തന്റെ കാലുകളിലേക്ക് ചുരുക്കിയ മെസി റെക്കോര്‍ഡുകള്‍ പലതും തന്റെ പേരിലാക്കി കഴിഞ്ഞു...

ലാ ലീഗ ചരിത്രത്തിലെ വമ്പന്‍

ലാ ലീഗ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളും ഹാട്രിക്കും മെസിയുടെ പേരിലാണ്. 9 കളിക്കാരാണ് ലാ ലീഗയില്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. അതില്‍ മൂന്ന് പേരാണ് മുന്നൂറിന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മാത്രമാണ് 400 ഗോള്‍ തികച്ചത്. 

അടുത്തെങ്ങും മറ്റൊരു താരവും തകര്‍ത്തേക്കാന്‍ സാധ്യതയില്ലാത്ത മെസിയുടെ റെക്കോര്‍ഡുകളില്‍ ഒന്നാണ് ഇത്. 477 ലാ ലീഗ മത്സരങ്ങളില്‍ നിന്ന് 440 ഗോള്‍. രണ്ടാമതുള്ള ക്രിസ്റ്റിയാനോയേക്കാള്‍ 129 ഗോളുകള്‍ കൂടുതല്‍. ലാ ലീഗയില്‍ 36 ഹാട്രിക്കാണ് മെസിയുടെ പേരിലുള്ളത്. രണ്ടാമതുള്ള ക്രിസ്റ്റ്യാനോയുടെ പേരില്‍ 34 ഹാട്രിക്കും. 

കലണ്ടര്‍ വര്‍ഷം കണക്ക് പിടിക്കുന്നു

2012 കലണ്ടര്‍ വര്‍ഷത്തില്‍ 79 വട്ടമാണ് ബാഴ്‌സക്ക് വേണ്ടി മെസി വല കുലുക്കിയത്. 12 വട്ടം അര്‍ജന്റീനക്ക് വേണ്ടി. അതോടെ ആ വര്‍ഷത്തെ ഗോള്‍ നേട്ടം 91. 59 ഗോള്‍ ലാ ലീഗയിലും, 13 ഗോള്‍ ചാമ്പ്യന്‍സ് ലീഗിലും, കോപ്പ ഡെല്‍ റേയില്‍ അഞ്ച് ഗോളും, സ്പാനിഷ് സൂപ്പര്‍ കപ്പില്‍ രണ്ട് ഗോളും. ആ വര്‍ഷത്തെ 91 ഗോള്‍ എന്നതിന് പുറമെ 24 അസിസ്റ്റ് കൂടി മെസിയുടെ പേരിലേക്ക് വരുമ്പോള്‍ 2012ലെ മെസിയുടെ ആകെ കണക്ക് 115. 

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗോള്‍

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഗോള്‍ വേട്ടയില്‍ മെസിയെ വെട്ടാന്‍ മറ്റൊരു താരമില്ല. 68 ഗോളുകളാണ് ബാഴ്‌സാ താരത്തിന്റെ പേരിലുള്ളത്. റൗണ്ട് 16ലെ ഗോള്‍ വേട്ടയിലെ റെക്കോര്‍ഡും മെസിയുടെ പേരില്‍. 29 കളിയില്‍ നിന്ന് മെസി ഗോള്‍ വല കുലുക്കിയത് 26 വട്ടം...ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ ഹാട്രിക് നേടിയതില്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മെസിയുണ്ട്. എട്ട് ഹാട്രിക്കാണ് ഇരുവരുടേയും പേരിലുള്ളത്. 

ബാലന്‍ ദി ഓറിലും, ഗോള്‍ഡന്‍ ബൂട്ടിലും ആധിപത്യം

2013,2014,2016,2017 വര്‍ഷങ്ങളില്‍ മെസിയുടെ കൈകളിലേക്ക് ബാലന്‍ ദി ഓറെത്തുന്നത് ക്രിസ്റ്റ്യാനോ തടഞ്ഞു. എന്നാല്‍ 2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി മെസിയുടെ ആധിപത്യമായിരുന്നു. 2015ല്‍ വീണ്ടും. 
ഗോള്‍ഡന്‍ ബൂട്ടിലും മെസിയുടെ ആധിപത്യം. ആറ് വട്ടമാണ് മെസിയിലേക്ക് ഗോള്‍ഡന്‍ ബൂട്ട് എത്തിയത്. ഇവിടെ മെസിക്ക് മുന്‍പില്‍ മറ്റൊരു താരവുമില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com