50 ഓവറിന് ശേഷം ഒരോവര്‍ എന്നത് വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ട്; സൂപ്പര്‍ ഓവര്‍ അനാവശ്യമെന്ന് റോസ് ടെയ്‌ലര്‍

'ഏകദിനത്തില്‍ അത്രയും കൂടുതല്‍ നേരം നമ്മള്‍ കളിക്കുന്നുണ്ട്. അവിടെ മത്സരം ടൈ ആയി പിരിഞ്ഞാല്‍ എനിക്കൊരു പ്രശ്‌നവും തോന്നില്ല'
50 ഓവറിന് ശേഷം ഒരോവര്‍ എന്നത് വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ട്; സൂപ്പര്‍ ഓവര്‍ അനാവശ്യമെന്ന് റോസ് ടെയ്‌ലര്‍


വെല്ലിങ്ടണ്‍: ഏകദിനത്തില്‍ സ്‌കോറുകള്‍ തുല്യമായാല്‍ സൂപ്പര്‍ ഓവറിന്റെ ആവശ്യമില്ലെന്ന് ന്യൂസിലാന്‍ഡ് താരം റോസ് ടെയ്‌ലര്‍. പകരം ട്രോഫി പങ്കുവെക്കുകയാണ് വേണ്ടതെന്ന് ടെയ്‌ലര്‍ പറഞ്ഞു. 

ഏകദിനത്തില്‍ അത്രയും കൂടുതല്‍ നേരം നമ്മള്‍ കളിക്കുന്നുണ്ട്. അവിടെ മത്സരം ടൈ ആയി പിരിഞ്ഞാല്‍ എനിക്കൊരു പ്രശ്‌നവും തോന്നില്ല. എന്നാല്‍ ട്വന്റി20യില്‍ ആ ജയം നേടാന്‍ നമ്മള്‍ ആഗ്രഹിക്കും, ഫുട്‌ബോളിലേതൊക്കെ പോലെ...എന്നാല്‍ ഏകദിനത്തില്‍ രണ്ട് ടീമുകളേയും വിജയിയായി പ്രഖ്യാപിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നവും തോന്നുന്നില്ലെന്നും ടെയ്‌ലര്‍ പറഞ്ഞു. 

ലോകകപ്പ് ഫൈനലില്‍ രണ്ട് ടീമിന്റേയും ബാറ്റിങ് കഴിഞ്ഞതിന് ശേഷം ഞാന്‍ അമ്പയര്‍മാരോട് പോയി ഗുഡ് ഗെയിം എന്ന് പറഞ്ഞു. കാരണം സൂപ്പര്‍ ഓവര്‍ എന്നൊന്ന് ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. സമനില എന്നാല്‍ സമനിലയാണ്. 100 ഓവര്‍ കളിച്ചതിന് ശേഷവും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ് എങ്കില്‍ മത്സര ഫലമായി അത് തന്നെ അംഗീകരിക്കണം...

50 ഓവറിന് ശേഷം ഒരോവര്‍ കൂടി, 20 ഓവറിന് ശേഷം ഒരോവര്‍ കൂടി എന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. നിശ്ചിത സമയത്ത് ജയം പിടിക്കാനാണ് ശ്രമിക്കേണ്ടത്. നിശ്ചിത സമയത്ത് ലഭിക്കുന്ന ഫലമാണ് ശരിയായ മത്സര ഫലം എന്നും ടെയ്‌ലര്‍ പറഞ്ഞു. 

2019 ഏകദിന ലോകകപ്പില്‍ സൂപ്പര്‍ ഓവറും കഴിഞ്ഞ് വന്ന ബൗണ്ടറി നിയമമാണ് കിവീസില്‍ നിന്ന് കിരീടം അകറ്റിയത്. നിശ്ചിത സമയത്ത് ഇരു ടീമിന്റേയും സ്‌കോര്‍ തുല്യമായതിന് പിന്നാലെ വന്ന സൂപ്പര്‍ ഓവറിലും ടൈ. ഇതോടെ ഇന്നിങ്‌സില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീം എന്ന ബലത്തില്‍ ഇംഗ്ലണ്ട് കിരീടം ചൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com